പ്രസംഗത്തിൽ തുടരെ തെറി; ബിസിനസ് മോട്ടിവേറ്റർ അനിൽ ബാലചന്ദ്രന്റെ പരിപാടി നിർത്തിച്ചു, കൂവി വിളിച്ച് ഇറക്കിവിട്ട് ജനങ്ങൾ – വീഡിയോ
കോഴിക്കോട്: പ്രസംഗത്തിനിടെ അസഭ്യവാക്കുകൾ പറഞ്ഞതിനെ തുടർന്ന് ബിസിനസ് മോട്ടിവേറ്റർ അനിൽ ബാലചന്ദ്രന്റെ പരിപാടി നിർത്തിവെച്ചു. മെയ് 21 , 22 തീയ്യതികളിൽ കോഴിക്കോട് വെച്ച് നടന്ന സി.എസ്.ഡബ്ല്യൂ.എ യുടെ ബിസിനസ് കോൺക്ലേവിനിടയിലാണ് സംഭവം നടന്നത്. അയ്യായിരത്തോളം ആളുകൾ പങ്കെടുക്കാനിരുന്ന ചടങ്ങിൽ പ്രശസ്ത പാട്ടുകാരി സിത്താരയുടേതടക്കം നിരവധി പരിപാടികൾ ഉണ്ടായിരുന്നു.
.
രണ്ട് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന പരിപാടിയിൽ അനിൽ ബാലചന്ദ്രൻ എത്തിയത് മൂന്ന് മണിയോടടുത്തായിരുന്നു. പ്രസംഗത്തിൽ നിരന്തരമായി അസഭ്യവാക്കുകൾ ഉപയോഗിച്ചതിനെ തുടർന്ന് ജനങ്ങൾ രോഷാകുലരാവുകയായിരുന്നു. നിങ്ങൾ എന്തിനാണ് ബിസിനെസ്സുകാരെ തെറി വിളിക്കുന്നതെന്ന് ചോദിച്ച് കൊണ്ട് കാണികളിലൊരാൾ മുന്നോട്ട് വന്നതോടെ നിരവധിപേർ പിന്നാലെ പ്രതിഷേധിക്കുകയായിരുന്നു.
.
എന്നാൽ നിങ്ങളുടെ പണം ഞാൻ തിരികെ തരാമെന്നും ഇയാളെ കൂട്ടിക്കൊണ്ട് പോകു എന്നായിരുന്നു അനിൽ ബാലചന്ദ്രന്റെ മറുപടി. പക്ഷെ നിരവധിപേർ അനിലിനെതിരെ രംഗത്തെത്തിയതോടെ സംഘാടകർ പരിപാടി നിർത്തിവെക്കുകയായിരുന്നു.
.
അനിലിന് അനുവദിച്ച സമയം 4 മണിവരെയായിരുന്നെന്നും എന്നാൽ അദ്ദേഹം അതിൽ കൂടുതൽ സമയമെടുത്തെന്നും സമയം വൈകിയത് അതിനു ശേഷം നടക്കാനിരുന്ന സിതാരയുടെ പരിപാടിയെയും ബാധിച്ചുവെന്നും സംഘാടകർ പറഞ്ഞു.
പരിപാടിക്ക് അനിൽ ആവശ്യപ്പെട്ട നാല് ലക്ഷം രൂപ ജി.എസ്.ടി ഉൾപ്പടെ ആദ്യമേ നൽകിയിരുന്നെന്നും അദ്ദേഹത്തിന്റെ ആവശ്യപ്രകാരം നിരവധി പരസ്യങ്ങളും നൽകിയെന്നും സംഘാടകനായ സവീഷ് പറഞ്ഞു.
.
‘പണം എല്ലാം കൃത്യ സമയത്ത് നൽകിയിരുന്നെങ്കിലും കോഴിക്കോട് എത്തിയതിന് ശേഷം പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് അനിൽ ഭീഷിണിപ്പെടുത്തുകയായിരുന്നു. അവിടെയെത്തിയപ്പോൾ തന്റെ സുഹൃത്തിന്റെ പുസ്തക പ്രകാശനം നടത്തണമെന്ന് അദ്ദേഹം ആവ്യശ്യപ്പെട്ടു. എന്നാൽ അതിന് ഞങ്ങൾ തയാറായില്ല. പരിപാടിക്ക് ബുക്ക് ചെയ്യുമ്പോൾ തന്നെ അസഭ്യവാക്കുകൾ ഉപയോഗിക്കരുതെന്ന് അദ്ദേഹത്തോട് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. പക്ഷെ അത് അനിൽ വിലവെച്ചില്ല. പരിപാടി ഇത്തരത്തിൽ അവസാനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നിരുന്നാലും ഞങ്ങളുടെ പരിപാടി പരാജയമായിരുന്നില്ല,’ സവീഷ് പറഞ്ഞു.
.
അയ്യായിരത്തോളം ആളുകളെ പ്രതീക്ഷിച്ചാണ് അനിൽ വന്നതെന്നും എന്നാൽ അത്ര ആളുകൾ ഉണ്ടായിരുന്നില്ലെന്നും സവീഷ് പറഞ്ഞു. ഇത് തങ്ങളുടെ പ്രശ്‌നമല്ലെന്നും അനിലിന്റെ അസഭ്യ വാക്കുകളാണ് പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.