കനത്ത മഴ: കരിപ്പൂരിൽ നിന്ന് ഗൾഫിലേക്കുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി, പല സ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: രണ്ടുദിവസം കൂടി സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കന്‍ കേരളത്തിന് മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി അടുത്ത അഞ്ചുദിവസം കൂടി ഇടി- മിന്നല്‍- മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗംവരെയുള്ള കാറ്റ്- എന്നിവയോടുകൂടിയ മിതമായതോ ഇടത്തരം മഴയ്‌ക്കോ സാധ്യതയുണ്ട്. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ തെക്കു- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദം നിലനില്‍ക്കുന്നുണ്ട്.

.

അതേസമയം, സംസ്ഥാനത്ത് ഒമ്പതു ജില്ലകളില്‍ വ്യാഴാഴ്ച ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞമുന്നറിയിപ്പാണ്. സംസ്ഥാനത്ത് പലയിടത്തം മഴക്കെടുതി മൂലമുള്ള നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

.

മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളോട് കടലിൽപോകരുതെന്ന് നിർദേശം നൽകി. വടക്കൻ കേരളത്തിനു മുകളിലെ ചക്രവാതച്ചുഴി തെക്കൻ തീരത്തേക്കു മാറിയതും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദവും ശക്തിയായ കാറ്റുമാണ് മഴയിലെ മാറ്റത്തിനു കാരണം. ന്യൂനമർദം 2 ദിവസത്തിനകം തീവ്രമാകും.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം നാളെയോടെ തീവ്രമാകുമെന്ന് കാലാവസ്ഥ വകുപ്പ്. രണ്ടുദിവസം ശക്തമായ മഴയ്ക്ക് സാധ്യത.

.

കരിപ്പൂരിൽനിന്നുള്ള 3 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

കരിപ്പൂരിൽ നിന്നുള്ള 3 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. ഇന്ന്  രാത്രി 11.10നുള്ള കോഴിക്കോട്-മസ്കത്ത്, രാത്രി 8.25നുള്ള കോഴിക്കോട്-റിയാദ്, രാത്രി 10.05നുള്ള കോഴിക്കോട്-അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്.

.

കനത്ത മഴയിൽ കൊടുവള്ളി കണ്ണിപ്പൊയിലിലെ ഷാഫി എന്നയാളുടെ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. കെൽട്രോൺ വളവിൽ താമസിക്കുന്ന മുഹമ്മദ്‌ ഇർഷാദ് എന്നയാളുടെ വീടിന്റെ മുറ്റവും സംരക്ഷണ ഭിത്തിയും ഇടിഞ്ഞുവീണു. 30 അടിയിലേറെ നീളമുള്ള മതിലാണ് ഇടിഞ്ഞത്. മുറ്റം ഇടിഞ്ഞതിനാൽ വീടും അപകടാവസ്ഥയിലാണ്.

.

ആലപ്പുഴ ചന്തിരൂരിൽ ഉയരപ്പാത നിർമാണമേഖലയിൽ 100 മീറ്ററോളം റോഡ് ഇടിഞ്ഞു. പഴയ ദേശീയപാത വഴി വാഹനങ്ങൾ വഴിതിരിച്ചുവിടു‌കയാണ്. ആലപ്പുഴ–ചങ്ങനാശേരി റോഡിൽ ലോറി താഴ്‍ന്നു.  ഇതോടെ ഗതാഗത തടസ്സം രൂപപ്പെട്ടിരിക്കുകയാണ്.

.

കൊണ്ടോട്ടി ചെറുകാവ് നെച്ചിയില്‍ മണ്ണിടിഞ്ഞു. റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് അല്‍പസമയം ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം പിന്നീട് പുനഃസ്ഥാപിച്ചു. മാവൂർ തെങ്ങിലക്കടവ് ആയംകുളം റോഡ് 30 മീറ്ററോളം പുഴയിലേക്കിടിഞ്ഞു.

.

കൊല്ലം കിഴക്കേകല്ലടയില്‍ തെങ്ങുവീണ് വീട് തകര്‍ന്നു. കൊച്ചുപ്ലാങ്ങൂട് സ്വദേശി ഷാജിയുടെ വീടാണ് തകര്‍ന്നത്. ഓടിട് വീടിന്റെ കിടപ്പുമുറിയും അടുക്കളയും പൂര്‍ണ്ണമായി തകര്‍ന്നു. തെങ്ങുവീഴുന്ന ശബ്ദംകേട്ട് ഷാജിയും കുടുംബവും ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

.

വർക്കല ഹെലിപ്പാഡ്‌ ഭാഗത്തെ കുന്ന് വലിയ അളവിൽ ഇടിഞ്ഞു. രാവിലെ ഒമ്പതു മണിയോടെയാണ്‌ കുന്ന് ഇടിഞ്ഞത്. സന്ദർശകർക്ക് കടൽ കാഴ്ചകൾ കാണുന്നതിനും വിശ്രമിക്കുന്നതിനുമായി പോലീസ് എയ്ഡ് പോസ്റ്റിന്‌ സമീപം സ്ഥാപിച്ചിട്ടുള്ള ഇരിപ്പിടങ്ങളുടെ ഭാഗത്തെ കുന്നാണ്‌ ഇടിഞ്ഞിട്ടിലുള്ളത്. ഏതാണ്ട് 25 മീറ്ററോളം താഴ്ച്ചയാണ്‌ ഈ ഭാഗത്ത് ഉള്ളത്.

.

Share
error: Content is protected !!