കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

തിരുവനന്തപുരം: ബംഗ്‌ളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയായിരുന്നു. ബംഗ്‌ളൂരു എയര്‍പോര്‍ട്ടിലാണ് സംഭവം. വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി.

വലതുവശത്തെ ചിറകിനടുത്തെ എഞ്ചിനാണ് തീപിടിച്ചത്. ചില യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് വിവരം.  ഇതിന്റെ ദൃശ്യം യാത്രക്കാരിലൊരാള്‍ പകര്‍ത്തിയിട്ടുണ്ട്. തീ കണ്ട് യാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത് എന്നാണ് അറിയാന്‍ കഴിയുന്നത്. അതേസമയം ചില യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. തലനാരിഴക്ക് വന്‍ ദുരന്തമാണ് ഒഴിവായത്.
എങ്ങനെയാണ് തീപിടിച്ചത് എന്ന് വ്യക്തമല്ല. പതിനൊന്ന് മണിക്കാണ് ബോര്‍ഡിംഗ് കഴിഞ്ഞ് വിമാനം ടേക്ക് ഓഫ് ചെയ്തത് എന്ന് യാത്രക്കാരനായ അഡ്വ രാജസിംഹന്‍ പറഞ്ഞു. തീ പടരുന്നത് കണ്ടയുടനെ പിറക് വശത്ത് നിന്ന് ശബ്ദവും കേട്ടിരുന്നു എന്ന് രാജസിംഹന്‍ പറഞ്ഞു. ‘പത്ത് മിനിറ്റ് കൊണ്ട് തന്നെ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. എയര്‍പോര്‍ട്ടിലെ റണ്‍വേയുടെ ചേര്‍ന്നുള്ള സ്ഥലത്താണ് ലാന്‍ഡിംഗ് നടത്തിയത്.

ലാന്‍ഡിംഗ് നടത്തിയപ്പോള്‍ തന്നെ തീ അത്യാവശ്യം പിടിച്ച് തുടങ്ങിയിട്ടുണ്ടായിരുന്നു. പെട്ടെന്ന് തന്നെ എമര്‍ജന്‍സി ഡോര്‍ തുറന്ന് എല്ലാവരോടും ചാടാന്‍ പറയുകയായിരുന്നു. ഇക്കാരണം കൊണ്ട് യാത്രക്കാരില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അവരെയെല്ലാം ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഞങ്ങളെ എല്ലാം എയര്‍പോര്‍ട്ടിനുള്ളിലെ ഒരു സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. 9.45 ന് പോകേണ്ട വിമാനമാണിത്. 11 മണിക്കാണ് പുറപ്പെട്ടത്,’ അദ്ദേഹം പറഞ്ഞു.

അതേസമയം ശനിയാഴ്ച 137 യാത്രക്കാരുമായി ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയിരുന്നുതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യാത്രക്കാരെയെല്ലാം സുരക്ഷിതമായി വിമാനത്തില്‍ നിന്ന് ഇറക്കുകയും ചെയ്തിരുന്നു.

 

വെള്ളിയാഴ്ച 175 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം എയര്‍ കണ്ടീഷനിംഗ് യൂണിറ്റില്‍ തീപിടിത്തം ഉണ്ടായതിനെത്തുടര്‍ന്ന് ആശങ്കയിലാഴ്ത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ ഉടലെടുത്തു. എന്നാല്‍ ഡല്‍ഹിയില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള വിമാനം വൈകിട്ട് 6.38ന് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

വ്യാഴാഴ്ച ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നത് നിര്‍ത്തേണ്ടിവന്നിരുന്നു, പൂനെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നതിന് ടാക്‌സി ചെയ്യുന്നതിനിടെ ലഗേജ് ട്രാക്ടര്‍-ട്രോളിയില്‍ ഇടിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

 

.
Share
error: Content is protected !!