ജിദ്ദയിൽ ഫീൽഡ് പരിശോധന ശക്തമാക്കി മുനിസിപാലിറ്റി; അനധികൃത തയ്യൽ കേന്ദ്രവും മൊളാസസ് നിർമ്മാണ കേന്ദ്രവും കണ്ടെത്തി – വീഡിയോ

ജിദ്ദയിലുടനീളം ഫീൽഡ് പരിശോധന ശക്തമാക്കി മുനിസിപാലിറ്റി. അനധികൃതയും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങളും സ്ഥാപനങ്ങളും കണ്ടെത്തുന്നതിനോടൊപ്പം,  അനുമതിയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നുണ്ട്. സ്ഥാപനങ്ങളുടെ വൃത്തി, തൊഴിലാളികളുടെ ശുചിത്വം, ആരോഗ്യം, രേഖകൾ തുടങ്ങി എല്ലാ കാര്യങ്ങളും പരിശോധനക്ക് വിധേയമാക്കും.

പരിശോധനയിൽ അൽ സലാമയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന വസ്ത്ര നിർമാണ കേന്ദ്രം കണ്ടെത്തി.  അൽ സലാമയിലെ താമസ കേന്ദ്രത്തിൽ രഹസ്യമായി പ്രവർത്തിച്ചുവരികയായിരുന്നു സ്ഥാപനം. ഇവിടെ നിന്നും ഇരുപതോളം തയ്യൽ മെഷീനുകളും അധികൃതർ പിടിച്ചെടുത്തു. ആവശ്യമായ രേഖകളില്ലാതെയായിരുന്ന സ്ഥാപനം പ്രവർത്തിച്ചിരുന്നത്. അനധികൃതമാണെന്ന് കണ്ടെത്തിയതോടെ സ്ഥാപനം അടച്ച് പൂട്ടിയതായി ജിദ്ദ മുനിസിപാലിറ്റി അറിയിച്ചു.

വിൽപ്പനക്ക് തയ്യാറാക്കി വെച്ചിരുന്ന നിരവധി വസ്ത്രങ്ങളും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇവ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും അധികൃതർ അറിയിച്ചു.

 

ജിദ്ദ മുനിസിപാലിറ്റിക്ക് കീഴിൽ എല്ലാ സ്ഥലങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. അനധികൃത സ്ഥാപനങ്ങൾ കണ്ടെത്തുകയും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയുമാണ് ലക്ഷ്യം. കഴിഞ്ഞ ദിവസങ്ങളിലും ജിദ്ദയുടെ പല ഭാഗങ്ങളിലും ഫീൽഡ് പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയിരുന്നു.

അൽ ഖുംറ ഏരിയയിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മൊളാസസ് നിർമ്മാണ കേന്ദ്രവും മുനിസിപാലിറ്റി അധികൃതർ അടച്ചുപൂട്ടിയിരുന്നു. കാലഹരണപ്പെട്ട വസ്തുക്കൾ ഉപയോഗിച്ച് മൊളാസ്സസ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കേന്ദ്രമാണ് ജിദ്ദ മുനിസിപാലിറ്റി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

ഇവിടെ നിന്നും റഫ്രിജറേറ്ററിൽ സൂക്ഷിച്ചിരുന്ന ആയിരം കിലോയോളം മൊളാസസ് പിടികൂടുകയും ചെയ്തു. തീർത്തും വൃത്തിഹീനമായ സാഹചര്യങ്ങളിലായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഇതിൻ്റെ വീഡിയോയും അധികൃതർ പുറത്ത് വിട്ടു.

ജിദ്ദയിലുടനീളം പരിശോധന ശക്തമായി തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

 

അനധികൃത മൊളാസസ് നിർമ്മാണ കേന്ദ്രത്തിൽ നിന്നുള്ള വീഡിയോ

.

 

Share
error: Content is protected !!