കനത്ത മഴയിൽ കരിപ്പൂർ വിമാനത്താവളത്തിൻ്റെ ചുറ്റുമതിൽ തകർന്നു; വിമാനങ്ങൾ വഴിതിരിച്ച് വിടുന്നു, ഗൾഫിലേക്ക് പുറപ്പെടേണ്ട വിമാനങ്ങളും വൈകുന്നു
മലപ്പുറം: കനത്ത മഴയും മൂടല്‍ മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ച് വിടുന്നു. നെടുമ്പാശ്ശേരിയിലേക്കും കണ്ണൂരിലേക്കും കോയമ്പത്തൂരിലേക്കുമാണ് വിമാനങ്ങള്‍ വഴിതിരിച്ച് വിടുന്നത്. ഇതുവരെ നാല് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്.
ദുബായില്‍നിന്നും ദമാമില്‍നിന്നും വന്ന വിമാനങ്ങളാണ് കോയമ്പത്തൂരിലേക്ക് അയച്ചത്. ഒരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചിയിലേക്കും വഴിതിരിച്ചു വിട്ടിട്ടുണ്ട്. മറ്റൊരു വിമാനം കണ്ണൂരിലേക്കും തിരിച്ചുവിട്ടതായാണ് വിവരം.
.അതിനിടെ കനത്ത മഴയിൽ വിമാനത്താവളത്തിൻ്റെ ചുറ്റുമതിൽ പൊളിഞ്ഞ് വെള്ളം കുത്തിയൊലിച്ചെത്തിയതോടെ നാട്ടുകാർ ദുരതിതത്തിലായി. കഴിഞ്ഞ വർഷത്തെ മഴയിൽ തകർന്ന വിമാനത്താവളത്തിന്‍റെ ചുറ്റുമതില്‍ പുനസ്ഥാപിക്കാത്തത് മൂലാണ് നാട്ടുകാർ ദുരിതത്തിലായത്. ഇപ്പോള്‍ വീണ്ടും മഴ കനക്കുന്നതോടെ ഇവിടെ നിന്ന് വെള്ളം കുത്തിയൊലിച്ച് എത്തി വീട്ടുപരിസരങ്ങളിലും കൃഷിയിടങ്ങളിലും കിണറുകളിലുമെല്ലാം മലിനജലം നിറയുന്ന അവസ്ഥയാണുള്ളതെന്ന് നാട്ടുകാർ പരാതരിപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം മഴക്കാലത്ത് പൊളിഞ്ഞ മതിലിന് പകരം താല്‍ക്കാരികമായി ഷീറ്റാണ് വച്ചിരിക്കുന്നത്. ശക്തമായ മഴയില്‍ ഈ ഷീറ്റിന് കുത്തിയൊലിച്ചുവരുന്ന മലിനജലത്തെ പ്രതിരോധിക്കാൻ സാധിക്കില്ല. പല തവണ അധികൃതരുടെ മുന്നിൽ പരാതിയുമായി നാട്ടുകാരെത്തിയെങ്കിലും ഇതിന് പരിഹാരമാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ചുറ്റുമതിൽ ഒട്ടും സുരക്ഷിതമല്ലാത്ത വിധം ഷീറ്റുകൾ വെച്ച് മറച്ചിരിക്കുകയാണെന്നും നാട്ടുകാർ ആരോപിച്ചു.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറത്ത് പലയിടങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. ഇന്നലെയും കരിപ്പൂരില്‍ ശക്തമായ മഴയായിരുന്നു. ഇതോടെ വിമാനത്താവളത്തിന്‍റെ പരിസര പ്രദേശങ്ങളിലാകെ മലിനജലം കുത്തിയൊലിച്ചെത്തി നിറയുകയായിരുന്നു. വിമാനത്താവളത്തിന്‍റെ ചുറ്റും ആളുകള്‍ താമസിക്കുന്ന ഭാഗങ്ങളെല്ലാം താഴ്ന്ന നിരപ്പിലുള്ളതാണ്. ഇതാണ് ഇത്രയധികം വെള്ളം കുത്തിയൊലിച്ച് എത്താൻ കാരണം. എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
.