ആംബുലൻസ് ട്രാൻസ്ഫോമറിലിടിച്ച് തീഗോളമായി മാറി; രോഗി വെന്തുമരിച്ചു – വീഡിയോ
കോഴിക്കോട്: നഗരത്തിൽ ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് കത്തി രോഗി മരിച്ച സംഭവത്തിന്റെ ഞ്ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിനായി മലബാർ മെഡിക്കൽ കോളേജിൽനിന്നും മിംസ് ആശുപത്രിയിലേക്ക് ജീവനുംകൊണ്ട് പാഞ്ഞടുത്ത ആംബുലൻസാണ് ആശുപത്രിക്ക് സമീപത്ത് വച്ച് കത്തിയെരിഞ്ഞത്.
ചൊവ്വാഴ്ച പുലർച്ചെ 3.20 ഓടെയുണ്ടായ അപകടത്തിൽ നാദാപുരം സ്വദേശിനി സുലോചന (57) മരണപ്പെട്ടു. ഇന്നലെ അർധരാത്രി മുതൽ നഗരത്തിൽ ശക്തമായ മഴയായിരുന്നു അനുഭവപ്പെട്ടത്. പ്രതികൂല കാലാവസ്ഥയിലും ലക്ഷ്യസ്ഥാനത്തേക്ക് ആംബുലൻസ് നീങ്ങി. ഡോക്ടർ, ഡ്രൈവർ, രോഗിയുടെ ഭർത്താവ്, കൂട്ടിരുപ്പുകാരി, നഴ്സിങ് അസിസ്റ്റൻഡുമാർ തുടങ്ങി രോഗിയുൾപ്പെടെ ഏഴുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
ട്രാൻസ്ഫോർമറിലിടിച്ച ആംബുലൻസ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഒരു വശത്തേക്ക് മറിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന ജീവനക്കാർ റോഡിലേക്ക് തെറിച്ചുവീണു. ഇവർ സമീപത്തുണ്ടായിരുന്നവരെയും മറ്റുവാഹനങ്ങളിലെത്തിയവരെയും വിളിച്ചുവരുത്തി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും തീ പടരുകയായിരുന്നു. മറിഞ്ഞ് ഏകദേശം നാലുമിനിട്ടുകൾക്കുള്ളിൽ ആംബുലൻസ് ഒരു തീഗോളമായി മാറി. രോഗിയായിരുന്ന സുലോചന മരണപ്പെട്ടു.
തീ ആളി പടർന്നപ്പോൾ ഉടനടി എല്ലാവരു സമീപത്തുനിന്നും മാറിയതിനാൽ കൂടുതൽ ആളപായമുണ്ടായില്ല. അപകട സമയം നിരവധി വാഹനങ്ങൾ കടന്നുപോകുന്നുണ്ടായിരുന്നു. വാഹനങ്ങൾ ആദ്യം ആംബുലൻസിന് സമീപവും പിന്നീട് കുറച്ചുമാറിയും നിർത്തിയിടുകയായിരുന്നു. ആംബുലൻസിന് സമീപം മറ്റു വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിൽ വൻ ദുരന്തത്തിലേക്കും അപകടം വഴിതുറക്കുമായിരുന്നു.