ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം. സഭയില്‍ നിശബ്ദരായി ഭരണപക്ഷം. സില്‍വര്‍ലൈന് അനുകൂലമായി നയപ്രഖ്യാപന പ്രസംഗം

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. മുഖ്യമന്ത്രിയും സ്പീക്കറും ഗവര്‍ണറെ സഭയിലേക്ക് ആനയിക്കുമ്പോള്‍ തന്നെ ഗോ ബാക്ക് വിളിയോടെയാണ് പ്രതിപക്ഷം വരവേറ്റത്. ഇതേത്തുടര്‍ന്നു പ്രസംഗത്തിന്‍റെ തുടക്കത്തില്‍ ഗവര്‍ണര്‍ പ്രതിപക്ഷത്തോട് ക്ഷുഭിതനാകുകയും ചെയ്തു. പ്രസംഗം ആരംഭിച്ച ഉടന്‍ തന്നെ പ്രതിപക്ഷം ബഹിഷ്കരിച്ച് സഭയില്‍ നിന്നും ഇറങ്ങിപ്പോയി

 

സംസ്ഥാന സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞും, കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചുമുള്ള നയപ്രഖ്യാപന പ്രസംഗത്തിനിടെ ഭരണപക്ഷത്തിന്‍റെ പതിവ് പിന്തുണ ഉണ്ടായില്ലെന്നതും ശ്രദ്ധേയമായി. ഡസ്കില്‍ അടിച്ച് പിന്തുണ നല്‍കാതെ പ്രതിപക്ഷം നിശബ്ദരായി. ഇത് ഗവര്‍ണറോടുള്ള ഭരണപക്ഷത്തിന്‍റെ പ്രതിഷേധമാണെന്നാണ് സൂചന. പ്രസംഗത്തിന്‍റെ അവസാനം മാത്രമാണു നേരിയതോതില്‍ ഭരണപക്ഷം ഡസ്കില്‍ അടിച്ചത്.

 

സംസ്ഥാന സര്‍ക്കാറുമായി ആലോചിക്കാതെ കേന്ദ്രം നിയമനം നടത്തുന്നത് ഫെഡറലിസത്തെ ബാധിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ കുറ്റപ്പെടുത്തി. സഹകരണ മേഖലയിലെ കേന്ദ്ര സര്ക്കാര്‍ ഇടപെടലിനെയും പ്രസംഗത്തില്‍ വിമര്‍ശിച്ചു. 6500 കോടിയുടെ ജി.എസ്.ടി വിഹിതം കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയില്ല. കേന്ദ്രസര്‍ക്കാര്‍ നയം സംസ്ഥാനത്തിന് ബാധ്യത ഉണ്ടാക്കുന്നു. പ്രതിസന്ധി കാലത്ത് സഹായിക്കാന്‍ കേന്ദ്രത്തിന് ഉത്തരവാദിത്തമുണ്ട്. ഫിനാന്‍സ് കമ്മീഷന്‍ അംഗീകരിച്ച വിഹിതം സംസ്ഥാനത്തിന് ലഭിച്ചില്ല. കേന്ദ്രം വായ്പാ പരിധി കൂട്ടിയപ്പോള്‍ സംസ്ഥാനത്തിന്റെ വായ്പാ പരിധി കുറച്ചു. കേന്ദ്ര ബജറ്റിലും സംസ്ഥാനത്തെ അവഗണിച്ചതായി ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

 

സില്‍വര്‍ലൈന്‍ പദ്ധതി പരിസ്ഥിതി സൌഹൃദമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

Share
error: Content is protected !!