പൊതുഭരണ സെക്രട്ടറിയെ മാറ്റി. നയപ്രഖ്യാപനത്തിൽ ഗവർണർ ഒപ്പിട്ടു

തിരുവനന്തപുരം: നാളെ നടക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടില്ലെന്ന് ഗവർണർ നിലപാടെടുത്തതോടെ നാടകീയ നീക്കങ്ങൾക്കാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി നേരിട്ടെത്തി പറഞ്ഞിട്ടും അനുനയത്തിന് തയ്യാറാകാതിരുന്ന ഗവർണർ ഒടുവിൽ ഒപ്പുവെച്ചു.

ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്. കർത്തയെ ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചതിൽ വിയോജിപ്പ് രേഖപ്പെടുത്തി കത്തയച്ച പൊതുഭരണ സെക്രട്ടറി ജ്യോതി ലാലിനെ മാറ്റികൊണ്ടാണ് സർക്കാർ ഗവർണറെ അനുനയിപ്പിച്ചത്.

ശരദാ മുരളിക്കാണ് പുതിയ ചുമതല. ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടില്ലെന്ന് അറിയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ എ.കെ.ജി സെന്റർ ചർച്ച നടത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ജ്യോതി ലാലിനെ മാറ്റാൻ തീരുമാനിച്ചത്.

മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിന് പെൻഷൻ കൊടുക്കുന്നത് നിർത്തണം എന്ന് ഗവർണ്ണർ പറഞ്ഞതോെടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇന്ന് രാജ് ഭവനിലെത്തി ഗവർണറെ കണ്ട് നയപ്രഖ്യാപനം പ്രസംഗം കൈമാറിയത്. അപ്പോഴാണ് ഗവർണർ തന്റെ നിലപാട് വ്യക്തമാക്കിയത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമാവുന്നത്.

ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്. കർത്തയെ ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചതിൽ സർക്കാർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതാണ് ഗവർണറെ പ്രകോപിപ്പിച്ചതും, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ കുറിച്ചുള്ള പ്രതികരണവും ഉണ്ടായത്. കൂടാതെ അഡീഷണൽ പി.എ നിയമനത്തിലെ സർക്കാരിന്റെ കത്തും ഗവർണറെ പ്രകോപിപ്പിച്ചു. കത്ത് സർക്കാർ പുറത്ത് വിട്ടത് ശരിയായില്ലെന്ന് ഗവർണർ പറഞ്ഞു. പരമ്പരാഗത രീതിക്ക് നിരക്കുന്നതല്ല നിയമനമെന്ന് സർക്കാർ കത്തിൽ പരാമർശിച്ചിരുന്നു.

Share
error: Content is protected !!