ഐ.എന്‍.എല്‍ പിളര്‍ന്നു. വഹാബ് വിഭാഗം പുതിയ കമ്മിറ്റി പ്രഖ്യാപിച്ചു

കോഴിക്കോട്: ഐ.എന്‍.എല്‍ വീണ്ടും പിളര്‍ന്നു. അഖിലേന്ത്യാ നേതൃത്വം ഇടപെട്ട് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് പിളര്‍ന്നത്. എ.പി അബ്ദുള്‍ വഹാബ് പക്ഷം പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ചു.

എ.പി അബ്ദുള്‍ വഹാബ് പ്രസിഡന്‍റും, നാസര്‍ കോയ തങ്ങള്‍ ജനറല്‍ സെക്രട്ടറിയും, വഹാബ് ഹാജി ട്രഷററും ആയ കമ്മിറ്റിയാണ് നിലവില്‍ വന്നത്. ഇന്ന് ചേര്‍ന്ന സംസ്ഥാന കൌണ്‍സിലില്‍ 77 അംഗങ്ങള്‍ പങ്കെടുത്തു. വിവിധ ഘടകങ്ങളുടെ 20 ഭാരവാഹികളും പങ്കെടുത്തു.

 

സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ട നടപടി കൌണ്‍സില്‍ തള്ളി. അഖിലേന്ത്യാ നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് അബ്ദുള്‍ വഹാബ് ഉന്നയിച്ചത്. മന്ത്രി അഹമദ് ദേവര്‍കോവില്‍ ഒരു ഗ്രൂപ്പിന്‍റെ മാത്രം വക്താവ് ആയി മാറി. എല്ലാ ജില്ലാ കമ്മിറ്റികളും തങ്ങളോടൊപ്പം ഉണ്ട്. അഖിലേന്ത്യാ നേതൃത്വത്തിന് കീഴില്‍ പാര്‍ട്ടി നശിക്കുകയാണെന്ന് സൂചിപ്പിച്ചതാണ് താന്‍ ചെയ്ത കുറ്റമെന്ന് വഹാബ് പറഞ്ഞു.

 

എന്നാല്‍ ഐ.എന്‍.എല്‍ പിളര്‍ന്നിട്ടില്ല എന്നും പുനസംഘടനയാണ് നടന്നതെന്നും വഹാബ് പറഞ്ഞു. മാര്‍ച്ച് അവസാനം വരെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടക്കും. ഈ മാസം 25-നു വടകരയില്‍ ജില്ലാ സമ്മേളനം നടത്തുമെന്നും വഹാബ് പക്ഷം അറിയിച്ചു.

Share
error: Content is protected !!