റിയാസ് മൗലവി വധം; ആര്‍.എസ്.എസ് ബന്ധം തെളിയിക്കാനായില്ല, പ്രോസിക്യൂഷന് വന്‍ വീഴ്ചയെന്ന് കോടതി. വിധികേട്ട് പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ – വീഡിയോ

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസില്‍ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വന്‍ വീഴ്ചയെന്ന് കോടതി. പ്രതികള്‍ക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. നിലവാരമില്ലാത്തതും ഏകപക്ഷീയവുമായ അന്വേഷണമാണ് നടന്നത്. മരണത്തിന് മുമ്പ് റിയാസ് മൗലവി ഇടപഴകിയവരെ കണ്ടെത്താനുള്ള അവസരം നഷ്ടമാക്കിയെന്നും കോടതി വിമര്‍ശിച്ചു.

പ്രതികള്‍ക്ക് മുസ്ലിം സമുദായത്തോടുള്ള വെറുപ്പാണ് കൊലപാതകത്തിന് പിന്നില്‍ എന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ ഇത് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടു. പ്രതികള്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്നതിന് തെളിവുകള്‍ ഹാജരാക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല.

അന്വേഷണം നടന്നത് നിലവാരമില്ലാത്തതും ഏകപക്ഷീയവുമായ രീതിയിലാണ്. റിയാസ് മൗലവിയുടെ റൂമില്‍ നിന്നും കണ്ടെടുത്ത സിംകാര്‍ഡുകളും മൊബൈല്‍ഫോണും മെമ്മറി കാര്‍ഡും അന്വേഷണ സംഘം പരിശോധിച്ചിട്ടില്ല. സാമഗ്രികള്‍ പരിശോധിച്ച് വിശദാംശങ്ങള്‍ എടുക്കുന്നതിലും അന്വേഷണസംഘം പരാജയപ്പെട്ടു. മുസ്ലിം സമുദായത്തോടുള്ള പ്രതികളുടെ ശത്രുതയ്ക്ക് കാരണമായി ആരോപിക്കുന്ന മൂന്നു സംഭവങ്ങളില്‍ ഒന്നുപോലും തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും വിധി പകര്‍പ്പില്‍ വ്യക്തമാണ്.  കോടതിയുത്തരവില്‍ ഗുരുതര ആരോപണങ്ങളാണ് അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനുമെതിരേയുള്ളത്.

.

കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവി(27)യെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും ശനിയാഴ്ച കോടതി വെറുതെവിട്ടിരുന്നു. കേളുഗുഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, അഖിലേഷ് എന്നിവരെയാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്.

അതേ സമയം പ്രതികളായ 3 പേരെയും വെറുതെ വിട്ടതിനെ തുടർന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഭാര്യ. കോടതിയിൽ പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാൽ നീതി ലഭിച്ചില്ലെന്നും വിധി കേട്ടതിനു പിന്നാലെ റിയാസ് മൗലവിയുടെ ഭാര്യ സൈദ പറഞ്ഞു.

.

.

വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.ഷാജിത്ത് പറഞ്ഞു. വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യുമെന്ന് അഭിഭാഷകനായ സി.ഷുക്കൂറും പറഞ്ഞു. ഒരിക്കലും പ്രതീക്ഷിച്ച വിധിയല്ല ഇതെന്നും വിധി നിരാശപ്പെടുത്തുന്നതെന്നും അഡ്വ.ഷുക്കൂർ വിശദീകരിച്ചു. ‘‘പഴുതടച്ച അന്വേഷണമാണു പൊലീസ് നടത്തിയത്. എല്ലാവിധ ശാസ്ത്രീയ തെളിവുകളും ശേഖരിക്കുന്നതിൽ പൊലീസ് വിജയിച്ചു. ഒരു സാക്ഷി പോലും കൂറുമാറിയിട്ടില്ല. മുഴുവൻ സാക്ഷികളും പ്രോസിക്യൂഷന് അനൂകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഏഴുവർഷവും ഏഴുദിവസവുമായി പ്രതികൾ ജയിലിലാണ്.’’– അ‍ഡ്വ.സി.ഷുക്കൂർ പറഞ്ഞു. വിധിയിൽ വേദനയുണ്ടെന്നും ഗൂഢാലോചന പുറത്തുവരണമെന്നും ആക്ഷൻ കമ്മിറ്റി പറഞ്ഞു. അപ്പീൽ പോകുന്നതിൽ ആലോചിച്ച് തീരുമാനം എടുക്കുമെന്നും ആക്ഷൻ കമ്മിറ്റി വിശദീകരിച്ചു.

.

അതേ സമയം കേസില്‍ കോടതിയുടേത് പ്രതീക്ഷിച്ച വിധിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കോടതിയുടെ മുന്നിലാണ് കേസ്. പ്രോസിക്യൂഷന്‍ കൃത്യമായി കേസ് കൈകാര്യം ചെയ്തു. സാക്ഷികള്‍ ഒന്നും കാലുമറിയില്ല. അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും ശരിയായ നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. മൗലവിയുടെ കുടുണബത്തിന് പാര്‍ട്ടി എല്ലാ വിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അപ്പീല്‍ പോയി കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങിച്ചു കൊടുക്കണം. ഇതിനായി കുടുംബത്തിന് ആവശ്യമായ തുടര്‍നടപടികള്‍ക്കായി സിപിഐഎം സഹായിക്കുമെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

.

കാസർകോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന  റിയാസ് മൗലവി 2017 മാർച്ച്‌ 20 നാണു കൊല്ലപ്പെട്ടത്. രാത്രി ചൂരിയിലെ പള്ളിയോടു ചേർന്ന മുറിയിൽ ഉറങ്ങുകയായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ പ്രതികൾ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന എ.ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ അന്നു കോസ്റ്റൽ സിഐ ആയിരുന്ന പി.കെ.സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സംഭവം നടന്നു 3 ദിവസത്തിനകം പ്രതികളെ പിടികൂടി. കഴിഞ്ഞ 7 വർഷമായി ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.

.

90 ദിവസത്തിനകം കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ 2019ൽ ആണ് വിചാരണ ആരംഭിച്ചത്. 2022 ൽ പൂർത്തിയായി. ഇതിനകം എട്ടു ജഡ്ജിമാരുടെ മുൻപാകെ കേസ് പരിഗണനയ്ക്ക് എത്തി. 5 ജഡ്ജിമാർ വാദം കേട്ടു. വിചാരണയിൽ 97 സാക്ഷികളെ വിസ്തരിച്ചു. 215 രേഖകളും 45 തൊണ്ടിമുതലുകളും കോടതി അടയാളപ്പെടുത്തി. കേസിൽ കോഴിക്കോട് ബാറിലെ എം.അശോകൻ ആയിരുന്നു ആദ്യ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ. അദ്ദേഹം അന്തരിച്ചപ്പോൾ ടി.ഷാജിത്ത് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനായി. കേസിന്റെ തുടക്കത്തിൽ അഭിഭാഷകനായ സി.ഷുക്കൂറാണ് പ്രോസിക്യൂഷൻ ഭാഗം കൈകാര്യം ചെയ്തത്. കേസിൽ യുഎപിഎ ചുമത്തണമെന്ന് ഇദ്ദേഹമാണ് ആവശ്യപ്പെട്ടത്.

.

 

Share
error: Content is protected !!