‘ജനം ഭീതിയില്‍, രാജ്യത്ത് ജനാധിപത്യമുണ്ടോ എന്ന ചോദ്യമുയരുന്നു’; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ജനാധിപത്യമാണോ എന്ന സംശയം ലോകത്ത് ഉയർന്നിരിക്കുന്നുവെന്നും ലോകരാജ്യങ്ങൾ നമ്മെ നോക്കി നിങ്ങൾ നടപ്പാക്കുന്നത് ജനാധിപത്യരീതിയാണോ എന്ന് ചോദിക്കുന്ന അവസ്ഥ വന്നിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നെയ്യാറ്റിൻകരയിൽ നടന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വലിയൊരു വിഭാഗം ജനം ഭീതിയിലാണ്. തലമുറകളായി ജീവിച്ചു വന്നവർ ഇനിയിവിടെ ജീവിക്കാനാകുമോ എന്ന് ചിന്തിക്കുന്നു. ഇത് നമ്മുടെ രാജ്യത്തെ ലോകത്തിന് മുമ്പിൽ തന്നെ വലിയൊരു ദുഷ്കീർത്തി ഉണ്ടാക്കിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മതനിരപേക്ഷതയ്ക്ക് പേരുകേട്ട രാജ്യം എന്ന നിലയ്ക്ക് ലോകത്തിന് മുമ്പിൽ ഇന്ത്യ അംഗീകരിക്കപ്പെട്ടിരുന്നു. അതാണ് ഇപ്പോൾ നഷ്ടപ്പെട്ടത്. ഐക്യരാഷ്ട്ര സഭ, ആംനസ്റ്റി ഇന്റർനാഷണൽ, അമേരിക്ക, പശ്ചിമേഷ്യൻ രാജ്യങ്ങള്‍ എന്നിവ അടക്കമുള്ളവ ഇന്ത്യയുടെ നിലപാടിനെ വിമർശിക്കുകയാണ്. രാജ്യത്ത് ജനാധിപത്യമാണോ എന്ന സംശയം ലോകത്ത് ഉയർന്നിരിക്കുന്നു. ലോകമാകെ നമ്മെ നോക്കി നിങ്ങൾ നടപ്പാക്കുന്നത് ജനാധിപത്യരീതിയാണോ എന്ന് ചോദിക്കുന്ന അവസ്ഥ വന്നിരിക്കുന്നു. ആ ചോദ്യം ഇന്ത്യയുമായി നല്ല ബന്ധം പുലർത്തുന്ന ജർമ്മനിയും അമേരിക്കയുമെല്ലാം ചോദിച്ചു കഴിഞ്ഞു- മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്തുക എന്നത് രാജ്യവ്യാപകമായി ഉയർന്നുവന്ന കാര്യമാണെന്നും ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങൾ തോറും വിപുലമായ ഐക്യം രൂപപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
.