അനധികൃത ടാക്സികൾക്കെതിരെ പരിശോധന ശക്തം; സൗദി വിമാനത്താവളങ്ങളിൽ നിന്ന് വീണ്ടും 645 പേർ അറസ്റ്റിലായി, 305 വാഹനങ്ങൾ പിടിച്ചെടുത്തു
സൗദിയിൽ അനധികൃത ടാക്സികൾക്കെതിരെ ട്രാൻസ്പോർട്ട് അതോറിറ്റി ആരംഭിച്ച പരിശോധന രാജ്യത്തുടനീളം ശക്തമായി തുടരുന്നു. റമദാനിലെ ആദ്യ എട്ട് ദിവസത്തിനകം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി 418 നിയമലംഘകരെ ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അതിന് ശേഷം റമദാൻ 9 മുതൽ 16 വരെ നടത്തിയ എട്ട് ദിവസത്തെ പരിശോധനയിൽ വീണ്ടും 645 പേർ കൂടി അറസ്റ്റിലായി. കൂടാതെ 305 കാറുകൾ പിടിച്ചെടുക്കുയും ചെയ്തു. ഇതോടെ റമദാൻ മാസത്തിൽ മാത്രം ഇത് വരെ 1063 പേർ അറസ്റ്റിലായി. ഇതിലേറെയും ജിദ്ദ, റിയാദ്, ദമ്മാം, മദീന വിമാനത്താവളങ്ങളിൽ നിന്നാണ് പിടിയിലായത്.
റമദാനിലെ ആദ്യ എട്ട് ദിവസത്തിനുള്ളിൽ പിടികൂടിയതിനേക്കാൾ 227 പേർ കൂടുതലാണ് രണ്ടാമത്തെ എട്ട് ദിവസത്തിൽ പിടിയിലായത്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നാണ് ഇത്രെയും പേർ അറസ്റ്റിലായത്. അനധികൃത ടാക്സി സേവനങ്ങൾ നൽകിയതിന് പിടിയിലായാൽ 5000 റിയാലാണ് പിഴ ചുമത്തുക. കൂടാതെ വാഹനം പിടിച്ചെടുക്കുകയും ചെയ്യും. പിടിച്ചെടുക്കുന്ന വാഹനത്തിൻ്റെ ചിലവുകൾ നിയമലംഘകർ വഹിക്കേണ്ടി വരുമെന്നും അതോറിറ്റി അറിയിച്ചു.
വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാർക്ക് നിരവധി ഗതാഗത സംവിധാനങ്ങൾ നിലവിലുണ്ടെന്നും അവ ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു. അനധികൃത ടാക്സികളെ ആശ്രയിക്കുന്നത് യാത്രക്കാർ ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
യാത്രക്കാർക്ക് സുരക്ഷിത ഗതാഗതം ഉറപ്പാക്കുന്നിതിനായി വരും ദിവസങ്ങളിലും രാജ്യത്തുടനീളം പരിശോധനയും നിരീക്ഷണവും തുടരും. പിടിക്കപ്പെടുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും ട്രാൻസ്പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി.