കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം, സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഡൽഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി തള്ളിയത്. കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. ഇക്കാര്യത്തിൽ ജുഡിഷ്യല്‍ ഇടപെടൽ ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

എക്സിക്യുട്ടീവാണ് ഈ വിഷയത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. സുർജിത് സിങ് യാദവ് എന്ന വ്യക്തി നൽകിയ പൊതുതാത്പര്യ ഹർജിയാണ് ഡൽഹി ഹൈക്കോടതി തള്ളിയത്. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതിനാൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ കെജ്‌രിവാളിനെ അനുവദിക്കരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം.

.

അതേസമയം ഇ.ഡി കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കേജ്‍രിവാളിനെ ഡൽഹി റോസ് അവന്യു കോടതിയിൽ ഹാജരാക്കി. കേജ്‍രിവാളിന്റെ  ഭാര്യ സുനിതയും കോടതിയിലെത്തിയിട്ടുണ്ട്. മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജും കോടതിയിലെത്തിയിട്ടുണ്ട്. ഡൽഹി റോസ് അവന്യു കോടതിക്ക് മുന്നിൽ വലിയ സുരക്ഷാവിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. തന്റെ അറസ്റ്റിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നായിരുന്നു കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കേജ്‍രിവാൾ പറഞ്ഞത്.

.

കേജ്‌രിവാൾ ഇന്നു കോടതിയിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയേക്കുമെന്നാണു വിവരം. കോടതിയിൽ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വെളിപ്പെടുത്തുമെന്നു കഴിഞ്ഞ ദിവസം കേജ്‌രിവാളിന്റെ ഭാര്യ സുനിത പ്രഖ്യാപിച്ചിരുന്നു.

മദ്യനയ അഴിമതിയുടെ പിന്നലെ പണത്തിന്റെ സ്രോതസ്സ് എവിടെനിന്നാണെന്ന് അദ്ദേഹം വെളിപ്പെടുത്തുമെന്നും സുനിത പറഞ്ഞു. ഡൽഹി ജനതയെ കഷ്ടപ്പെടുത്തുകയാണു ചെയ്യുന്നത് എന്നാരോപിച്ചു ബിജെപിയെയും അവർ കുറ്റപ്പെടുത്തി. ജയിലിൽ ഇരുന്നുകൊണ്ടു രണ്ട് ഉത്തരവുകളാണു കേജ്‌രിവാൾ പുറപ്പെടുവിച്ചത്.

കേജ‍്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു പ്രസ്താവനകളുമായി യുഎസും ജർമനിയും രംഗത്തുവന്നിരുന്നു. സംഭവത്തിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് അവർ ഇന്ത്യയോട് ആവശ്യപ്പെട്ടു. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് അരവിന്ദ് കേജ്‌രിവാളിനെ ഇഡി അറസ്റ്റുചെയ്തത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷ കോടതി തള്ളിയിരുന്നു. ഇതുസംബന്ധിച്ചു വിശദമായ റിപ്പോർട്ട് നൽകാൻ ഏപ്രിൽ രണ്ടുവരെ ഇ.ഡിക്ക് കോടതി സമയം നൽകിയിരുന്നു.

.

 

 

Share
error: Content is protected !!