തലയിലും ശരീരത്തിലും മാരകമായ ക്ഷതങ്ങള്‍; അടിയേറ്റ് വാരിയെല്ലുകൾ പൊട്ടി, തലച്ചോറിൽ രക്തസ്രാവം; രണ്ടര വയസ്സുകാരി മരിച്ചത് പിതാവിൻ്റെ അതിക്രൂര മർദനമേറ്റ്
കാളികാവ്: മലപ്പുറം ഉദരപൊയിലിലെ രണ്ടരവയസുകാരിയുടെ മരണം പിതാവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഫാത്തിമ നസ്‌റിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് മുഹമ്മദ് കോന്തത്തൊടിക ഫായിസിനെ (24) കാളികാവ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുട്ടിയുടെ തലയ്ക്കും ശരീരത്തിനുമേറ്റ മാരകമായ ക്ഷതങ്ങളാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടിയുടെ വാരിയെല്ലുകൾ അടിയേറ്റ് പൊട്ടിയ നിലയിലായിരുന്നു. തലച്ചോർ ഇളകി രക്തസ്രാവമുണ്ടായിരുന്നു. കഴുത്തിലും മുഖത്തുമടക്കം മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. ഞായറാഴ്ച പകല്‍ രണ്ടുമണിയോടെയാണ് കുട്ടി മരണപ്പെട്ടത്.
.
ഭക്ഷണം അന്നനാളത്തില്‍ കുരുങ്ങി എന്നുപറഞ്ഞാണ് ഫായിസിന്റെ ബന്ധുക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹത്തില്‍ മുറിവേറ്റതിന്റെ ലക്ഷണം കണ്ട ഡോക്ടര്‍മാര്‍ പോസ്റ്റുമോര്‍ട്ടത്തിന് നിര്‍ദേശിക്കുകയായിരുന്നു. പിന്നീടാണ് സംഭവത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഞായറാഴ്ച്ച ഒന്നരയോടെ വീട്ടിലെത്തിയ ഫായിസ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചു. അബോധാവസ്ഥയിലായ കുഞ്ഞിനെ വീണ്ടും ഉപദ്രവിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്നും കുട്ടിയുടെ മാതാവ് ശഹബാനത്ത് വെളിപ്പെടുത്തി.
.
കുട്ടിയെ അക്രമിക്കുന്നത് കണ്ട് നിലവിളിച്ച് കരഞ്ഞ തന്നെ റൂമിലിട്ട് പൂട്ടി. ശബ്ദം കേട്ടെത്തിയ അയല്‍വാസികളും ബന്ധുക്കളുമാണ് മുറി തുറന്നത്. അപ്പോഴേയ്ക്കും കുട്ടി അബോധാസ്ഥയില്‍ ആയിരുന്നുവെന്നും ശഹബാനത്ത് പറഞ്ഞു. രണ്ടാഴ്ചയായി കുട്ടി തുടര്‍ച്ചയായി മര്‍ദനത്തിന് ഇരയായിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. മരണകാരണം ശരീരത്തിലേറ്റ മര്‍ദനമാണെന്ന വിവരം പുറത്ത് വന്നതോടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാണ് മരണമെന്ന കുട്ടിയുടെ പിതാവ് ഫായിസിന്റെയും ഫായിസിന്റെ മാതാവിന്റെയും അവകാശവാദം പൊളിഞ്ഞു.
.
അപകടമേറ്റ കുട്ടിയെയുംകൊണ്ട് ആശുപത്രിയില്‍ പോകാതെ ഫായിസ് ഒളിവില്‍ പോയിരുന്നു. തിങ്കളാഴ്ച പകല്‍ പതിനൊന്നരയോടെ പുല്ലങ്കോട് റബ്ബര്‍ എസ്റ്റേറ്റില്‍ നിന്നാണ് കാളികാവ് എസ്.ഐ. വിളയില്‍ ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ഫായിസിനെ പിടികൂടിയത്. പിതാവ് കുട്ടിയെ മര്‍ദിക്കുകയും എടുത്തെറിയുകയും ഉള്‍പ്പെടെ ചെയ്തുവെന്നും കുട്ടിയെ കൊലപ്പെടുത്തിയതാണെന്നും ശഹബാനത്ത് നേരത്തെ ആരോപിച്ചിരുന്നു. ഇവരുടെ ആരോപണം ശരിവെയ്ക്കുന്ന വിവരങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഉള്ളത്.
.
ഭാര്യ ഷഹബാനത്തിനെ മര്‍ദിച്ചതിന്റെ പേരില്‍ ഫായിസിനെതിരെ രണ്ട് കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഫായിസിന്റെ വീട് കാളികാവ് എസ്.ഐ. വി. ശശിധരന്റെ നേതൃത്വത്തില്‍ പോലീസ് സീല്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയതിനാല്‍ ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. ഫായിസിന്റെ ബന്ധുക്കളെ പ്രതിചേര്‍ക്കുന്ന കാര്യവും പരിശോധിച്ച് തീരുമാനം എടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.
.