ഉപ്പിലിട്ടത് കഴിച്ച് പൊള്ളലേറ്റ സംഭവം: അന്വോഷണ ഉദ്യോഗസ്ഥരുടെ വിവരണം ഞെട്ടിപ്പിക്കുന്നത്
കോഴിക്കോട്: വരക്കല്‍ ബീച്ചിലെ പെട്ടിക്കടയില്‍നിന്ന് ഉപ്പിലിട്ടത് വാങ്ങി കഴിച്ചതിനെ തുടർന്ന് 14 വയസ്സുകാരായ രണ്ട് കുട്ടികൾക്ക് പൊള്ളലേറ്റ സംഭവത്തെ കുറിച്ച് അന്വോഷണം പുരോഗമിക്കുകയാണ്. പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുണ്ടായ സംശയം ആരെയും ഞെട്ടിക്കും. പഴങ്ങള്‍ പെട്ടെന്ന് ഉപ്പ് പിടിക്കാന്‍ ആസിഡ് പ്രയോഗം നടത്തുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ഉപ്പുപിടിക്കാന്‍ സഹായിക്കുന്ന വീര്യം കൂടിയ അസറ്റിക് ആസിഡ് നേര്‍പ്പിക്കാതെ പോലും ഉപയോഗിക്കുന്നതായി ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. പലരും ഇത് രഹസ്യമായി സൂക്ഷിക്കുന്നുമുണ്ടെന്നാണ് ലഭിച്ച വിവരം. വീര്യംകൂടിയ അസറ്റിക് ആസിഡാണോ ഇതിനായി ഉപോയോഗിച്ചത് എന്ന് സംശയിക്കുന്നതിനാല്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്. ഇക്കാര്യം തെളിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വരുംദിവസങ്ങളിലും സംയുക്ത പരിശോധന തുടരും.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കാസര്‍കോട്ട് നിന്ന് മദ്രസാ വിദ്യാര്‍ഥികള്‍ക്കൊപ്പം കോഴിക്കോട്ടേക്ക് പഠനയാത്രക്കെത്തിയതായിരുന്നു തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദും സാബിദും. വരക്കല്‍ ബീച്ചിലെ പെട്ടിക്കടയില്‍നിന്നായിരുന്നു ഇവർ ഉപ്പിലിട്ടത് വാങ്ങി കഴിച്ചത്. നല്ല എരിവുള്ള പൈനാപ്പിള്‍ കഴിച്ചതോടെ വെള്ളമെന്ന് കരുതി അടുത്തുതന്നെ സൂക്ഷിച്ചിരുന്ന മിനറല്‍ വാട്ടര്‍ കുപ്പിയിലെ വെള്ളമെടുത്ത് കുടിച്ച മുഹമ്മദിനാണ് ആദ്യം പൊള്ളലേറ്റത്. അസ്വസ്ഥത തോന്നിയ മുഹമ്മദ് പെട്ടെന്ന് തുപ്പുകയും അത് അടുത്തുണ്ടായിരുന്ന സാബിദിന്റെ പുറത്തുവീഴുകയും ചെയ്തു. ഇരുവർക്കും കടുത്ത പൊള്ളലേറ്റു.
ലായനി കുടിച്ചയുടന്‍ മുഹമ്മദിന്റെ ശ്വാസം പൂര്‍ണമായും നിലച്ചുപോയി. ഉടന്‍ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കാനായതാണ് ഭാഗ്യമായത്. പിന്നീട്, മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും വിനാഗിരി കുടിച്ചതാണെന്ന് പറഞ്ഞ് തിരിച്ചയച്ചുവെന്ന് സഹോദരന്‍ പറയുന്നു. . പക്ഷെ, നാട്ടിലെത്തിയതോടെ കുട്ടി കൂടതൽ അസ്വസ്ഥത പ്രകടിപ്പിച്ചു. പുറത്ത് പൊള്ളലേറ്റ കുട്ടിയുടെ ദേഹത്തെ തൊലി കറുത്തുപോയിട്ടുണ്ട്.
വായിലും അന്നനാളത്തിലും കുമിളകള്‍ ഉള്ളതിനാല്‍ എന്‍ഡോസ്‌കോപ്പി ചെയ്യാനാവുന്നില്ലെന്നും കൂടുതല്‍ പൊള്ളലേറ്റോ എന്ന് മനസ്സിലാക്കാനാവുന്നില്ലെന്നും കുട്ടികളുടെ വീട്ടുകാർ പറയുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഇത്തരം ഉപ്പിലിട്ടതിനെതിരേ പലതവണ ഭക്ഷ്യ സുരക്ഷാ വകുപ്പും കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗവുമെല്ലാം മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ആരും കാര്യമായെടുക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസമുണ്ടായ സംഭവം വ്യക്തമാക്കുന്നത്.