നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം, ​ഗുരുതര പരിക്ക്; ഭർത്താവ് കസ്റ്റഡിയിൽ

കൊച്ചി: കളമശ്ശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. എറണാകുളം സ്വദേശി നീനു (26) വിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അമൃത ഹോസ്പിറ്റലിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് ആർഷലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

കൂനന്തായി എകെജി ന​ഗർ റോഡിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. അക്രമിക്കപ്പെട്ടശേഷം നീനു സമീപത്തെ കടയിലേക്കു ഓടിക്കയറുകയായിരുന്നു. കഴുത്തിലേറ്റ മുറിവ് കൈകൊണ്ട് അമർത്തിപ്പിടിച്ച് നിലവിളിച്ചുകൊണ്ടാണ് യുവതി ഇവിടേക്കെത്തിയതെന്നും രക്തം വാർന്നൊലിക്കുന്നുണ്ടായിരുന്നു എന്നും കടയുടമ പറഞ്ഞു. പിന്നീട് ഇവിടെയുണ്ടായിരുന്ന ആളുകളാണ് നീനുവിനെ ആശുപത്രിയിലെത്തിച്ചത്.

കുടുംബപ്രശ്നമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്നാണ് സൂചന. ആർഷലിനെ പോലീസ് വിശദമായി ചോദ്യംചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. ഏഴ് വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ ഒരുവർഷമായി ഇരുവരും അകന്നുകഴിയുകയായിരുന്നു. ദമ്പതിമാർക്ക് ഒരു കുഞ്ഞുണ്ട്.

 

ഇതുംകൂടി വായിക്കുക…

 

പ്രണയവിവാഹം, ഒടുവില്‍ ക്രൂരത; ‘സംസാരിച്ചുകൊണ്ടിരിക്കെ അഷല്‍ പെട്ടെന്നാക്രമിച്ചു, നീനുവിൻ്റെ കഴുത്തില്‍ ആഴത്തില്‍ മുറിവ്’ – നടുറോഡിൽ യുവതിയെ കഴുത്തറുത്ത സംഭവത്തിൽ ഞെട്ടി നാട്ടുകാർ

Share