അന്ന് മുജീബിന് അർഹമായ ശിക്ഷ നൽകിയിരുന്നെങ്കിൽ ഇന്ന് അനു ജീവിച്ചിരുന്നേനെ; മുജീബിനെ തൂക്കിക്കൊല്ലണം – മുജീബിൻ്റെ ക്രൂരതക്കിരയായ അതിജീവിത

കോഴിക്കോട്: മുത്തേരിയിലെ ബലാത്സംഗത്തില്‍ പ്രതി മുജീബിന് അര്‍ഹമായ ശിക്ഷ നല്‍കിയിരുന്നെങ്കില്‍ പേരാമ്പ്രയിലെ അനു ഇന്ന് ജീവിച്ചിരുന്നേനെയെന്ന് മുജീബിന്റെ ക്രൂരതയ്ക്ക് ഇരയായ വയോധിക. നാലുവര്‍ഷം മുന്‍പാണ് മുത്തേരിയില്‍വച്ച് മുജീബ് വയോധിയെ ആക്രമിച്ചത്. ആ കേസില്‍ പിടിക്കപ്പെട്ടെങ്കിലും പ്രതി ജാമ്യത്തിലിറങ്ങുകയായിരുന്നു. (ചിത്രത്തിൽ പേരാമ്പ്രയിൽ കൊല്ലപ്പെട്ട അനു, പ്രതി മുജീബ്‌റഹ്‌മാൻ)

 

2020-ലാണ് കോഴിക്കോട് ഓമശ്ശേരിയിലെ ഹോട്ടലില്‍ തൊഴിലാളിയായ 70 വയസ്സുകാരിയെ മുജീബ് ക്രൂരമായി പീഡിപ്പിച്ചത്. കോവിഡ് കാലമായതിനാല്‍ ബസ് ഉള്‍പ്പെടെയുള്ള പൊതുഗതാഗത സൗകര്യങ്ങള്‍ ഇല്ലാത്ത സമയത്ത് ഹോട്ടലിലേക്ക് ജോലിക്കായി നടന്നുപോവുകയായിരുന്നു വയോധിക. ഇവര്‍ കൈ കാണിച്ചപ്പോള്‍ ഓട്ടോറിക്ഷ നിര്‍ത്തി ഇയാള്‍ ഓട്ടോറിക്ഷയില്‍ കയറ്റുകയായിരുന്നു. പിന്നീട് ഓട്ടോറിക്ഷയ്ക്ക് തകരാറുണ്ടെന്ന് പറഞ്ഞ് വണ്ടി നിര്‍ത്തുകയും വയോധികയെ പീഡനത്തിനിരയാക്കുകയും മര്‍ദിക്കുകയും ആഭരണങ്ങള്‍ കവരുകയുമായിരുന്നു. മോഷ്ടിച്ച ഓട്ടോറിക്ഷയിലെത്തിയാണ് പ്രതി വയോധികയ്‌ക്കെതിരേ ക്രൂരത കാട്ടിയത്.

 

ഈ കേസില്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചതാണ് അനുവിന് ജീവിതം നഷ്ടപ്പെടാന്‍ കാരണം. അന്ന് പ്രതിക്ക് വധശിക്ഷ നല്‍കുകയോ പുറത്തുവിടാതിരിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഇന്ന് ആ കുട്ടിക്ക് ഈ ഗതി വരില്ലായിരുന്നു. പ്രതിയെ ശിക്ഷിക്കാതെ ജാമ്യത്തില്‍ വിട്ടത് നിയമസംവിധാനത്തിന്റെ വീഴ്ചയാണെന്നും വയോധിക പ്രതികരിച്ചു. രണ്ട് കേസുകളിലും പ്രതി ചെയ്ത ക്രൂരത കണക്കിലെടുത്ത് പ്രതിയെ ഇനി പുറംലോകം കാണിക്കരുതെന്നും അതിജീവിത പറഞ്ഞു.

 

2020-ല്‍ വയോധികയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതി മുജീബ് റഹ്‌മാനാണ് മാര്‍ച്ച് 11-ന് പേരാമ്പ്ര വാളൂരില്‍ അനു എന്ന യുവതിയെ കൊലപ്പെടുത്തിയത്. ലിഫ്റ്റ് നല്‍കി ബൈക്കില്‍ കയറ്റിയ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് പ്രതി തോട്ടില്‍ തള്ളിയിട്ടത്. തുടര്‍ന്ന് വെള്ളത്തില്‍ ചവിട്ടിപ്പിടിച്ച് മരണം ഉറപ്പാക്കുകയും യുവതിയുടെ ആഭരണങ്ങള്‍ കവര്‍ന്ന് മുങ്ങുകയുമായിരുന്നു. നാലുദിവസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ കൊണ്ടോട്ടിയിലെ വീട്ടില്‍നിന്നാണ് പോലീസ് സംഘം പ്രതി മുജീബിനെ കസ്റ്റഡിയിലെടുത്തത്. മോഷണവും ബലാത്സംഗവും അടക്കം 57 കേസുകളില്‍ ഇയാള്‍ പ്രതിയാണ്.

 

Share
error: Content is protected !!