അനധികൃത ടാക്സികൾക്ക് അയ്യായിരം റിയാൽ പിഴ; വിമാനത്താവളം കേന്ദ്രീകരിച്ച് പ്രത്യേക കാമ്പയിൽ ആരംഭിച്ചു

സൗദിയിൽ അനധികൃതമായി യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് 5000 റിയാൽ പിഴ ചുമത്തുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ടാക്സി ലൈസൻസില്ലാതെ സർവീസ് നടത്തുന്ന മുഴുവൻ വാഹനങ്ങൾക്കും ഇത് ബാധകമാണ്. യാത്രക്കാരുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.

അനധികൃതമായി ടാക്സി സർവീസ് നടത്തുന്ന വാഹനങ്ങൾ അംഗീകൃത ടാക്സി കമ്പനികളിൽ ചേരണമെന്നും നിരവധി ആനൂകുല്യങ്ങൾ ലഭ്യമാണെന്നും അതോറിറ്റി അറിയിച്ചു.

എയർപോർട്ട് ഹോൾഡിംഗ് കമ്പനി “ലൈസൻസ് ഇല്ലാത്ത ആളോടൊപ്പം യാത്ര ചെയ്യരുത്” എന്ന തലക്കെട്ടിൽ സംയുക്ത ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയം, പിൽഗ്രിംസ് സർവീസ് പ്രോഗ്രാം, പബ്ലിക് പ്രോസിക്യൂഷൻ, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ. രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സുരക്ഷിതവും വിശ്വസനീയവുമായ ഗതാഗത ശൃംഖല പ്രദാനം ചെയ്യുന്ന ഔദ്യോഗിക ടാക്സികൾ ഉപയോഗിച്ച് യാത്രക്കാരുടെ അനുഭവം സമ്പന്നമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൽ ആരംഭിച്ചത്.

ഇലക്ട്രോണിക് പേയ്‌മെൻ്റ് രീതികൾ, യാത്ര നേരിട്ട് ട്രാക്ക് ചെയ്യാനുള്ള സംവിധാനം എന്നിങ്ങനെ നിരവധി സേവനങ്ങൾ നൽകാൻ ലൈസൻസുള്ള കമ്പനികളുടെ ടാക്സികളിലൂടെ സാധിക്കും. ഇത് യാത്രക്കാർക്ക് സുരക്ഷിത യാത്രാനുഭവം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

രണ്ടായിരത്തോളം ടാക്‌സികൾ, 55-ലധികം കാർ റെൻ്റൽ ഓഫീസുകൾ, പതിവ് പൊതുഗതാഗത ബസുകൾ, വിവിധ വിമാനത്താവളങ്ങളിൽ ലൈസൻസുള്ള യാത്രക്കാരുടെ ഗതാഗത അപേക്ഷകൾ എന്നിങ്ങിനെ നിരവധി യാത്ര ക്രമീകരണങ്ങൾ വിമാനത്താവളങ്ങളിലുണ്ട്. കൂടാതെ ജിദ്ദ വിമാനത്താവളത്തിൽ ഹറമൈൻ അതിവേഗ ട്രൈൻ സർവീസും ഒരുക്കിയിട്ടുണ്ട്.

യാത്രക്കാരുടെ അനുഭവവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് വിമാനത്താവളങ്ങളിൽ ഗതാഗത സേവനങ്ങൾ വിപുലീകരിച്ചതെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു.

Share
error: Content is protected !!