‘കേസ് പിൻവലിക്കാതെ ആർക്കും വോട്ടില്ല’; പൂഞ്ഞാർ സംഭവത്തിൽ സിപിഎം നേതാക്കളെ വേദിയിലിരുത്തി കടുത്ത വിമർശനവുമായി മുസ്‌ലിം നേതാക്കൾ
കോട്ടയം: പൂഞ്ഞാർ സംഭവത്തിൽ സിപിഎം നേതാക്കൾക്ക് മുന്നിൽ പ്രതിഷേധം പരസ്യമാക്കി മുസ്‌ലിം മത നേതാക്കൾ. വൈദികനെ വാഹനമിടിപ്പിച്ചെന്ന കേസിൽ വിദ്യാർഥികൾക്കെതിരെ ചിലരുടെ താത്പര്യപ്രകാരം കേസെടുത്തു. കേസ് പിൻവലിക്കാതെ ആർക്കും വോട്ട് ചെയ്യില്ലെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി പറഞ്ഞു.
ഫാസിസ്റ്റ് രീതി നടപ്പിലാക്കാൻ ശ്രമിച്ചവരെ തിരഞ്ഞെടുപ്പിൽ വീട്ടിലിരുത്തിയ ചരിത്രമാണ് മുസ്‌ലിം സമൂഹം ഈരാറ്റുപേട്ടയിൽ നടപ്പാക്കിയതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സിവിൽ സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട് കോട്ടയം എസ്.പി നൽകിയ വിവാദ റിപ്പോർട്ട് പിൻവലിച്ചെന്ന മന്ത്രിയുടെ മറുപടിയല്ല വേണ്ടത്. അതിന്റെ രേഖ കാണിക്കാൻ തയ്യാറാകണമെന്നും കേരള ജമാഅത്ത് ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ്, പി.ഇ. മുഹമ്മദ് സക്കീർ വ്യക്തമാക്കി.
പി.സി ജോർജിനെയും നേതാക്കാൾ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്ക്, കെ.ടി ജലീൽ, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ. തോമസ് എന്നിവരെ സാക്ഷിയാക്കിയായിരുന്നു മുസ്‌ലിം നേതാക്കളുടെ പ്രതികരണം.
വൈദികനെ വാഹനമിടിച്ച കേസിൽ 27 മുസ്ലിം കുട്ടികൾക്കെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തിരുന്നു. ഒരു സാധാരണ വാഹനപകടത്തെ വർഗീയ വിഷം ചേർത്ത് മുസ്ലം കുട്ടികൾക്കെതിരെ മാത്രം കേസെടുത്ത സംഭവം ഏറെ വിവാദമായിരുന്നു. സംവഭത്തെ ന്യായീകരിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയത് വീണ്ടും വിവാദത്തിന് തിരികൊളുത്തി.
പൂഞ്ഞാറിൽ വൈദികനു നേരെ ഉണ്ടായ ആക്രമണം തെമ്മാടിത്തരമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വൈദികനു നേരെ വണ്ടികയറ്റിയതിൽ മുസ്ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഒരു വിഭാഗക്കാരെ മാത്രം പൊലീസ് തിരഞ്ഞ് പിടിച്ചതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങളുമായുള്ള മുഖാമുഖത്തിനിടെ കെ എൻ എം ഉപാധ്യക്ഷൻ ഹുസൈൻ മടവൂർ ഉന്നയിച്ച ചോദ്യത്തോടുള്ള മറുപടി എന്ന നിലയിലാണ് പൂഞ്ഞാർ വിഷയം മുഖ്യമന്ത്രി പരാമർശിച്ചത്. പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റന്റ് വികാരിയെ വണ്ടിയിടിപ്പിച്ച കേസിൽ മുസ്ലിം വിഭാഗക്കാരെ മാത്രം തീരഞ്ഞുപിടിച്ച് പ്രതി ചേർത്തു എന്നായിരുന്നു മടവൂരിന്റെ പരാമർശം. എന്നാൽ പൂഞ്ഞാറിൽ നടന്നത് തെമ്മാടിത്തമാണെന്നും മുസ്ലിം വിഭാഗക്കാർ മാത്രമാണ് കേസിൽ ഉൾപ്പെട്ടതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
എന്നാൽ മുഖ്യമന്ത്രിയുടെ പ്രസ്താവനയും വിവാധമായതോടെ വീണ്ടും താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നതായി മുഖ്യമന്ത്രി തിരുവനന്തപുരത്തും ആവർത്തിച്ചിരുന്നു.
പൂഞ്ഞാറിൽ കാണിച്ചത് തെമ്മാടിത്തമാണെന്നും വൈദികന് നേരെ വണ്ടികയറ്റുകയായിരുന്നുവെന്നും പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നാണ് പിന്നീട് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി പറഞ്ഞത്. “മുസ്ലിം വിദ്യാർഥികളെ തെരഞ്ഞുപിടിച്ച് കേസെടുക്കുന്നുവെന്ന ഹുസ്സൈൻ മടവൂർ മുഖാമുഖത്തിനിടയിൽ നടത്തിയ വാദത്തിന് മറുപടി പറയാൻ താൻ ബാധ്യസ്ഥനായിരുന്നു. അതുകൊണ്ടാണ് അന്ന് കൃത്യം നിലപാട് പറഞ്ഞത്. അന്ന് പറഞ്ഞതു തന്നെയാണ് ഇപ്പോഴും നിലപാടെന്നും അതിൽ മാറ്റമില്ലെന്നും” മുഖ്യമന്ത്രി തിരുവനന്തപുരത്തും വിശദീകരിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക