നടന്നുപോയ അനുവിനെ ഭര്‍ത്താവിനടുത്ത് എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി, തോട്ടിലേക്ക് തള്ളിയിട്ട് മുക്കിക്കൊന്നു; കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാൻ അറസ്റ്റിൽ, 50ലധികം കേസുകളിൽ പ്രതി
പേരാമ്പ്ര (കോഴിക്കോട്) ∙ നൊച്ചാട് തോട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. വാളൂരിലെ കുറുക്കുടി മീത്തൽ അനുവിന്റെ (26) മരണവുമായി ബന്ധപ്പെട്ട് മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാനാണ് പിടിയിലായത്. ആഭരണങ്ങൾ മോഷ്ടിക്കുന്നതിനായി അനുവിനെ തോട്ടിലെ വെള്ളത്തിൽ മുക്കിക്കൊന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മൃഗീയമായ രീതിയിലാണ് പ്രതി കൊലപാതകം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. ബലാത്സംഗം ഉൾപ്പെടെ അൻപതിലധികം കേസുകളിൽ പ്രതിയാണ് പിടിയിലായ മുജീബ് റഹ്മാൻ.
പൊലീസ് നടത്തിയ പരിശോധനയിൽ, സംഭവസമയത്ത് മുജീബ് റഹ്മാൻ ഉപയോഗിച്ചിരുന്ന ബൈക്ക് കണ്ടെടുത്തു. മട്ടന്നൂരിൽനിന്ന് മോഷ്ടിച്ച ബൈക്കാണ് ഇത്. ഈ ബൈക്ക് മലപ്പുറം എടവണ്ണപ്പാറയിൽനിന്നാണ് പൊലീസ് കണ്ടെത്തിയത്. കൊല്ലപ്പെട്ട അനുവിന്റേത് എന്നു സംശയിക്കുന്ന വസ്ത്രങ്ങളും പൊലീസ് കണ്ടെത്തി. മുട്ടൊപ്പം മാത്രം വെള്ളമുള്ള തോട്ടിൽ അർധനഗ്‌നമായ നിലയിലാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത പ്രതിയെ രാത്രി മുഴുവൻ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. ഇതേത്തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നിരീക്ഷണത്തിലായിരുന്ന പ്രതിയെ കണ്ണൂരിൽ നിന്നാണ് പിടികൂടിയത്.
അനുവിനെ പ്രതി മുജീബ് റഹ്മാൻ സഹായം വാഗ്ദാനം ചെയ്ത് തെറ്റിദ്ധരിപ്പിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. മോഷണത്തിന് വേണ്ടി ഇത്തരം രീതികൾ അവലംബിക്കുന്നത് ഇയാളുടെ പതിവാണെന്ന് പൊലീസ് പറയുന്നു. ബലാത്സംഗം ഉൾപ്പെടെ അൻപതിലധികം കേസുകളിൽ പ്രതിയാണ് പിടിയിലായ മുജീബ് റഹ്മാൻ.
ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകാനിറങ്ങിയതായിരുന്നു അനു. വേഗത്തിൽ നടന്നുപോവുകയായിരുന്ന അനു മുജീബിന്റെ ശ്രദ്ധയിൽപെട്ടു. അടുത്ത ജംക്‌ഷനിൽ നിൽക്കുന്ന ഭർത്താവിന് സമീപം എത്തിക്കാമെന്ന് പറഞ്ഞ് മുജീബ് അനുവിനെ ബൈക്കിൽ കയറ്റുകയായിരുന്നു. തുടർന്ന് അല്ലിയോറയിലെത്തിയപ്പോൾ മൂത്രശങ്ക തീർക്കാനെന്ന് പറഞ്ഞ് ബൈക്ക് നിർത്തിയ മുജീബ് കൂടെയിറങ്ങിയ അനുവിനെ തോട്ടിലേക്ക് തള്ളിയിട്ടു. കൂടെ ചാടിയ മുജീബ് അനുവിന്റെ ആഭരണങ്ങൾ കവരാനുള്ള ശ്രമം നടത്തി.
ചെറുക്കാൻ ശ്രമിച്ച അനുവിന്റെ തല പ്രതി തോട്ടിൽ ചവിട്ടിത്താഴ്ത്തുകയായിരുന്നു. അനുവിന്റെ കഴുത്തിലും കൈകളിലും ബലമായി പിടിച്ച പാടുകളും വയറ്റിൽ ചവിട്ടേറ്റ പാടുമുണ്ട്. യുവതി മുങ്ങിമരിച്ചതാണെന്നും ശ്വാസകോശത്തിൽ ചെളിവെള്ളം കയറിയതാണ് മരണകാരണമെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
തോട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവ സമയത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ സഞ്ചരിച്ച യുവാവിനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.അനുവിന്റെ മരണം കൊലപാതകമാണെന്ന് ഉറപ്പിച്ച് നാട്ടുകാർ നേരത്തേ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം രാവിലെയാണ് യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തിയത്. സ്വർണമാലയും, മോതിരങ്ങളും പാദസരവും ബ്രേസ്‌ലെറ്റും അടക്കം എല്ലാം നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞിരുന്നു. കമ്മൽ മാത്രമാണ് ശരീരത്തിൽ ഉള്ളത്. അത് സ്വർണവുമല്ല.തിങ്കളാഴ്ച രാവിലെ ഭർത്താവിനൊപ്പം ആശുപത്രിയിൽ പോകാൻ വീട്ടിൽ നിന്നു നടന്നുപോയ അനുവിനെ പിന്നീടാരും കണ്ടിട്ടില്ല.
മുങ്ങിമരിക്കാൻമാത്രം വെള്ളം ഇല്ലാത്ത തോട്ടിൽ മൃതദേഹം കണ്ടെത്തിയത് സംശയത്തിന് ഇടയാക്കിയിരുന്നു.പേരാമ്പ്ര ഡിവൈഎസ്പി കെ.എം.ബിജുവിന്റെ മേൽനോട്ടത്തിൽ പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ എം.എ.സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക