ജിദ്ദയിലെ ഇമ്പാല ഗാര്‍ഡന്‍ ഓര്‍മയാകുന്നു

 

ജിദ്ദ: നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജിദ്ദ നഗരത്തിലെ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുമ്പോള്‍ മലയാളികളുടെ സമ്മേളന നഗരിയായ ഇംപാല ഗാര്‍ഡനും ഓര്‍മയാകുകയാണ്. ഷറഫിയയുടെ ഹൃദയ കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഇംപാല ഗാര്‍ഡന്‍ കഴിഞ്ഞ ദിവസം പൊളിക്കാന്‍ ആരംഭിച്ചു.

 

കേരളത്തിലെ ഏതാണ്ട് എല്ലാ രാഷ്ട്രീയ-മത സംഘടനകളും ഇംപാല ഗാര്‍ഡനിലെ തുറന്ന സ്ഥലത്തും ഹാളുകളിലും നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, പാണക്കാട് തങ്ങന്‍മാര്‍, ഉമ്മന്‍ ചാണ്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കളും, സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങി മതസംഘടനകളുടെ നേതാക്കളും, കലാ-സാംസ്കാരിക-കായിക താരങ്ങളും ഈ വേദിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

 

കൂടാതെ എല്ലാ ആഴ്ചയും ഇംപാല ഗാര്‍ഡനില്‍ നടന്നുവന്നിരുന്ന മയ്യിത്ത് നിസ്കാരങ്ങളില്‍ നൂറുക്കണക്കിന് ആളുകളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. വാര്‍ഷിക സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍, റിഹേഴ്സലുകള്‍, കലാ-കായിക മത്സരങ്ങള്‍ തുടങ്ങിയവയ്ക്ക് ഇംപാല ഗാര്‍ഡന്‍ വേദിയായപ്പോള്‍ ഒരു കൊച്ചു കേരളമായി മാറുകയായിരുന്നു ഇംപാല ഗാര്‍ഡന്‍.

 

ഇംപാലയ്ക്ക് പുറമെ ജിദ്ദയിലെ പ്രമുഖ മത-രാഷ്ട്രീയ സംഘടനകളുടെ ആസ്ഥാനങ്ങളും വികസന പദ്ധതികളുടെ ഭാഗമായി പൊളിച്ച് മാറ്റുകയാണ്. ചുരുക്കത്തില്‍ മലയാളികള്‍ക്ക് സംഗമിക്കാനും, സമ്മേളനം നടത്താനുമുള്ള വേദികള്‍ ഒന്നൊന്നായി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

Share
error: Content is protected !!