ഗസ്സയിൽ കൂട്ടകുരുതി നടത്താൻ ഇസ്രായേലിന് അദാനി ഗ്രൂപ്പിൻ്റെ സഹായം; ഇസ്രായേലിന് ഹൈദരാബാദിൽ നിർമിച്ച 20 ലേറെ ഡ്രോൺ വിമാനങ്ങൾ കൈമാറി
അന്താരാഷ്ട്ര കോടതിയിൽ വംശഹത്യാ കുറ്റാരോപണം നേരിടുന്നതിനിടെ ഇസ്രായേലിന് ഡ്രോൺ വിമാനങ്ങൾ കൈമാറി അദാനി ഗ്രൂപ്പ്. ഹൈദരാബാദിലെ പ്ലാന്റിൽ നിർമിച്ച 20ലേറെ ഡ്രോണുകളാണ് ഇസ്രായേൽ സൈന്യത്തിനു നൽകിയത്. ഗസ്സയിൽ കൂട്ടക്കുരുതിക്കായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ്(ഐ.ഡി.എഫ്) ഉപയോഗിക്കുന്ന ഹേമസ് 900 ഡ്രോണുകളാണിവ.
പ്രതിരോധ ന്യൂസ് പോർട്ടലായ ഷെഫേഡ് മീഡിയ ആണ് വാർത്ത ആദ്യമായി പുറത്തുവിട്ടത്. ഇക്കാര്യം കേന്ദ്ര സർക്കാരോ ഇസ്രായേൽ ഭരണകൂടമോ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, അദാനി ഗ്രൂപ്പിലെ ചില വൃത്തങ്ങൾ പേരുവെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ‘ദി വയറി’നോട് ഇടപാട് നടന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഡ്രോൺ നിർമാണ ഫാക്ടറിയാണ് ഹൈദരാബാദിലെ അദാനി ഡിഫൻസ് ആൻഡ് എയറോസ്‌പേസ് കേന്ദ്രം. ഇസ്രായേലിനു പുറത്ത് ഹേമസ് 900 നിർമിക്കുന്ന ഏക പ്ലാന്റ് കൂടിയാണിത്. ഇസ്രായേൽ ആയുധ നിർമാതാക്കളായ എൽബിറ്റ് സിസ്റ്റംസുമായി സംയുക്തമായാണിതു പ്രവർത്തിക്കുന്നത്. 2018ലാണ് ഇസ്രായേലുമായി ചേർന്ന് അദാനി ഗ്രൂപ്പ് ഹൈദരാബാദിൽ ഡ്രോൺ നിർമാണകേന്ദ്രം ആരംഭിച്ചത്.
ഇസ്രായേലിന് എഫ്-35 യുദ്ധ വിമാനങ്ങളുടെ പാർട്‌സുകൾ നൽകുന്നത് നിർത്തണമെന്ന് ഡച്ച് ഭരണകൂടത്തോട് കഴിഞ്ഞ ദിവസം ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടിരുന്നു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധക്കുറ്റങ്ങൾക്കു സഹായം നൽകരുതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നിർദേശം. എന്നാൽ, ഇതേസമയത്താണ് ഗസ്സ ആക്രമണത്തിന് ഉപയോഗിക്കുന്ന ഡ്രോണുകൾ ഇന്ത്യ ഇസ്രായേലിന് നൽകിയിരിക്കുന്നത്. ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന് കേന്ദ്ര സർക്കാർ പുറത്ത് ആവശ്യപ്പെടുമ്പോഴാണ് ഇത്തരമൊരു നീക്കമെന്നതും ശ്രദ്ധേയമാണ്.
ഗസ്സയിൽ ഇസ്രായേൽ കരയുദ്ധത്തിന് ഉപയോഗിക്കുന്നത് ഹേമസ് ഡ്രോണുകളാണ്. കര-നാവിക താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ വിദഗ്ധ പരിശീലനം ലഭിച്ചവയാണ് ഇവ. ഡ്രോൺ ആയിരക്കണക്കിന് ഫലസ്തീനികളുടെ കുരുതിക്കിടയാക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക