സോളാർ ആരോപണത്തിൽ വി.എസ് ഉമ്മൻചാണ്ടിക്ക് പത്ത് ലക്ഷം കൊടുക്കേണ്ടെന്ന് കോടതി
തിരുവനന്തപുരം: സോളാർ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് പത്ത് ലക്ഷം രൂപ വി.എസ്.അച്യുതാനന്ദൻ നൽകണമെന്ന കോടതി ഉത്തരവ് ജില്ലാ കോടതി സ്റ്റേ ചെയ്‌തു. ജനുവരി 22ന് സബ് കോടതിയാണ് വി.എസ്.അച്യുതാനന്ദൻ പത്ത് ലക്ഷത്തി പതിനായിരം രൂപ നൽകണമെന്ന് ഉത്തരവിട്ടത്. ഈ ഉത്തരവിനാണ് കോടതി ഉപാധികളോടെ സ്റ്റേ അനുവദിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി പി.വി.ബാലകൃഷ്‌ണന്‍റെതാണ് ഉത്തരവ്.
അപകീർത്തി കേസിൽ ഉമ്മൻ ചാണ്ടിക്ക് നഷ്‌ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് ജില്ലാ കോടതിയിൽ അപ്പീൽ നൽകിയത്. സോളാർ വിവാദവുമായ ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്കെതിരെ വി.എസ്.അച്യുതാനന്ദൻ നടത്തിയ അപകീർത്തികരമായ പ്രസ്‌താവനയാണ് കേസിന് ആധാരം.
2013 ജൂലൈ ആറിന് റിപ്പോർട്ടർ ചാനലിൽ നൽകിയ അഭിമുഖത്തിലാണ് വി.എസ് ഉമ്മൻ ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. സോളാർ തട്ടിപ്പിനായി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തുന്നു എന്നാണ് പ്രധാന ആരോപണം. സ്റ്റേ ചെയ്യണം എന്ന ഹരജിയിൽ ഉമ്മൻ ചാണ്ടിയുടെ കൂടെ വാദം പരിഗണിച്ചാണ് കോടതി കീഴ്‌കോടതി ഉത്തരവ് മരവിപ്പിച്ചത്.