പാർക്ക് ചെയ്ത വാഹനത്തില്‍ പരിശോധന; പിടിച്ചെടുത്തത് 900 കുപ്പി മദ്യം, ഒരാള്‍ അറസ്റ്റില്‍
കുവൈത്തില്‍ പ്രാദേശികമായി നിര്‍മ്മിച്ച മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. ഫിന്‍റാസ് പ്രദേശത്ത് പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന മദ്യം അനധികൃത വിൽപ്പന നടത്തിയിരുന്നയാളാണ് അറസ്റ്റിലായത്. പബ്ലിക് സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ഫഹാഹീൽ കമാൻഡ് എന്നറിയപ്പെടുന്ന അൽ അഹമ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 900 കുപ്പി മദ്യമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിനുള്ളിൽ ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു മദ്യകുപ്പികൾ സൂക്ഷിച്ചിരുന്നത്.
അതേസമയം കുവൈത്തില്‍ കഴിഞ്ഞ ദിവസം വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനകളില്‍ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച നിരവധി പേരാണ് പിടിയിലായത്. ജലീബ് അൽ ഷുവൈക്ക്, ഖൈതാൻ, ഫഹാഹീൽ, ഹവല്ലി, സാൽമിയ, ഫർവാനിയ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തിയത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ക്യാമ്പയിനിൽ അസാധുവായ വിസയുമായി രാജ്യത്ത് തങ്ങിയ 200 പ്രവാസികളെ പിടികൂടി. പരിശോധനകൾക്കിടെ മൂന്ന് പ്രവാസികൾ നടത്തുന്ന ഒരു പ്രാദേശിക മദ്യ ഫാക്ടറിയും റെയ്ഡ് ചെയ്തു. മദ്യവും മദ്യം നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങളും ഇവരുടെ കൈവശം കണ്ടെത്തി. തുടർ നിയമ നടപടികൾക്കായി അറസ്റ്റിലായവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക