ഇറച്ചിയിലെ കൊടുംചതി; റസ്റ്റോറന്‍റിലെ ഇറച്ചി സാമ്പിള്‍ പരിശോധനയിൽ ചുരുളഴിഞ്ഞത് വൻ കൃത്രിമം, ഞെട്ടലിൽ ജനങ്ങൾ
ബാഗ്ദാദ്: റെസ്റ്റോറന്‍റുകളിലും ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ പരിശോധനകള്‍ നടത്തുന്നതും മായം കലര്‍ന്നതും പഴകിയതുമായ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി നടപടിയെടുക്കുന്നതും സാധാരണമാണ്. എന്നാല്‍ ഒരു റെസ്റ്റോറന്‍റില്‍ നടത്തിയ പരിശോധനയില്‍ കഴുതയിറച്ചിയാണ് പിടികൂടിയത്. ഇറാഖിലാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ച സംഭവം ഉണ്ടായത്.
ഇതുമായി ബന്ധപ്പെട്ട് ഇറാഖിലെ ബാബില്‍ പൊലീസ് മൂന്ന് കുറ്റവാളികളെ പിടികൂടിയതായി ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. കഴുതയെ മോഷ്ടിച്ച് അതിനെ വെട്ടി കഷണങ്ങളാക്കി ഹില്ല സിറ്റി സെൻററിലെ റെസ്റ്റോറന്‍റിന് നല്‍കിയവരാണ് ഈ മൂന്നുപേര്‍. നഗരത്തിലെ താമസക്കാരെ ഞെട്ടിച്ചിരിക്കുകയാണ് ഈ സംഭവം. അന്വേഷണത്തില്‍ എട്ടു പേരാണ് ഇതുമായി ബന്ധപ്പെട്ടിട്ടുള്ളതെന്ന് കണ്ടെത്തി. ഇതില്‍ മൂന്ന് പേരെയാണ് പിടികൂടിയത്. അവശേഷിക്കുന്ന പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
പിടിയിലായ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. അല്‍ സദ്ദാ ഡിസ്ട്രിക്ടിലെ ഗ്രാമങ്ങളില്‍ നിന്നാണ് കഴുതകളെ മോഷ്ടിച്ചതെന്ന് ഇവര്‍ സമ്മതിച്ചു. പിന്നീട് ഇവയെ കശാപ്പ് ചെയ്ത് ഹില്ല സിറ്റിയിലെ അല്‍ മെഷ്വാര്‍ റെസ്റ്റോറന്‍റില്‍ വിറ്റതായും പ്രതികള്‍ പറഞ്ഞു.
ആരോഗ്യ നിയന്ത്രണ വകുപ്പ്, ഡയറക്ടറേറ്റ് ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് വെറ്റിനറി അഫയേഴ്സ്, പരിസ്ഥിതി വകുപ്പ്, ബബ്ല്യോന്‍ പൊലീസ് കമാന്‍ഡ് എന്നിവയില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന സമിതിയാണ് കേസില്‍ പരിശോധന നടത്തിയത്.
റെസ്റ്റോറന്‍റില്‍ നിന്ന് ഇറച്ചിയുടെ സാമ്പിള്‍ ശേഖരിച്ച സമിതി വിശദമായ പരിശോധന നടത്തുകയായിരുന്നു. ഇത് സാധാരണ കേസ് അല്ലെന്നും കഴുത ഇറച്ചി കഴിച്ചാല്‍ ഭക്ഷ്യവിഷബാധ, വൈറല്‍ രോഗങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യത ഉണ്ടെന്നും ബാബില്‍ പൊലീസ് വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക