5,000 വര്‍ഷത്തെ ഇന്ത്യ-സൗദി ബന്ധം ആഘോഷിക്കാന്‍ ‘5K കമറാഡറി’ സാംസ്‌കാരികോത്സവം ജനുവരി 19ന് ജിദ്ദയില്‍

പ്രഥമ ഇന്ത്യ-സൗദി ഫെസ്റ്റിവല്‍ ജനുവരി 19 വെള്ളിയാഴ്ച ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. ‘5K കമറാഡറി’ എന്ന പ്രമേയത്തിന് കീഴിലുള്ള പരിപാടി അഞ്ച് സഹസ്രാബ്ദങ്ങളിലേക്ക് നീളുന്ന അറബ് ഇന്ത്യ സൗഹൃദപ്പെരുമയും തന്ത്രപ്രധാന പങ്കാളിത്തവും അടയാളപ്പെടുത്തുന്ന സാംസ്‌കാരികോത്സവമായിരിക്കും.

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവും (ജിജിഐ) സംയുക്തമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. സൗദിയുടെയും ഇന്ത്യന്‍ സംസ്‌കാരങ്ങളുടെയും സമ്പന്നമായ പൈതൃകവും സമകാലിക പുതുമകളും പ്രദര്‍ശിപ്പിക്കുന്ന ആകര്‍ഷകമായ പരിപാടികളോടെയാണ് ഫെസ്റ്റിവല്‍ ഒരുക്കുന്നത്. ഫെസ്റ്റിവല്‍ ബ്രോഷര്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം പുറത്തിറക്കി. പ്രഥമ ഫെസ്റ്റിവലിന്റെ വിജയം ഉറപ്പാക്കാന്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പൂര്‍ണ പിന്തുണ അദ്ദേഹം അഭ്യര്‍ഥിച്ചു.
അഞ്ച് സഹസ്രാബ്ദത്തെ ഉറ്റ സൗഹൃദപ്പെരുമ എന്ന പ്രമേയത്തിലുള്ള ഫെസ്റ്റിവല്‍ പൗരാണികകാലം മുതല്‍ അഭംഗുരം തുടരുന്ന സൗദി ഇന്ത്യന്‍ സാംസ്‌കാരിക വിനിമയം കൂടുതല്‍ കരുത്തുറ്റതാക്കുന്ന നാഴികക്കല്ലായിരിക്കുമെന്ന് കോണ്‍സല്‍ ജനറല്‍ അഭിപ്രായപ്പെട്ടു.
ഫെസ്റ്റിവലിന്റെ കോണ്‍സുലേറ്റ് കോര്‍ഡിനേറ്റര്‍ കൂടിയായ ഹജ്ജ് ആന്റ് കമേഴ്‌സ്യല്‍ കോണ്‍സല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍, പ്രസ്-ഇന്‍ഫര്‍മേഷന്‍-കള്‍ച്ചര്‍ വിഭാഗം കോണ്‍സല്‍ മുഹമ്മദ് ഹാഷിം, ജിജിഐ പ്രസിഡന്റ് ഹസന്‍ ചെറൂപ്പ, ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, വൈസ് പ്രസിഡന്റ് ജലീല്‍ കണ്ണമംഗലം, ഇവെന്റ് കണ്‍വീനര്‍ സക്കരിയാ ബിലാദി എന്നിവര്‍ പ്രകാശനച്ചടങ്ങില്‍ സംബന്ധിച്ചു.
ഇന്ത്യന്‍ വംശജരായ നൂറുകണക്കിന് സൗദി പ്രമുഖരും ഇന്ത്യക്കാരും കുടുംബങ്ങളുമടക്കം രണ്ടായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് ജിജിഐ ഭാരവാഹികള്‍ അറിയിച്ചു. സൗദി കലാകാരന്മാരോടൊപ്പം ഇന്ത്യന്‍ കൗമാര കലാ പ്രതിഭകളും അണിനിരക്കുന്ന സാംസ്‌കാരികോത്സവത്തില്‍ അറബ്, ഇന്ത്യന്‍ പരമ്പരാഗത കലാപരിപാടികള്‍ അരങ്ങേറും. സാംസ്‌കാരിക തനിമ വിളിച്ചോതുന്ന സംഗീതം, നൃത്തം തുടങ്ങിയ വിവിധ കലാ പരിപാടികള്‍, പാചകരീതികള്‍ എന്നിവ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും.
പരസ്പര വിശ്വാസ്യതയുടെയും ഊഷ്മള സൗഹൃദപ്പെരുമയുടെയും വീരഗാഥകളാല്‍ സമ്പന്നമായ പൗരാണികകാലം മുതലുള്ള അറബ് ഇന്ത്യാ സാംസ്‌കാരിക വിനിമയത്തിന്റെയും വ്യാപാര കൊള്ളക്കൊടുക്കലുകളുടെയും ഈടുവെപ്പുകള്‍ അനാവരണം ചെയ്യുന്ന ഡോക്യുമെന്ററി സാംസ്‌കാരികോത്സവത്തിന്റെ സവിശേഷതകളിലൊന്നായിരിക്കും. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ തെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡ -ഗള്‍ഫ് കുടിയേറ്റ ഇടനാഴിയുടെ സ്പന്ദനങ്ങള്‍ സാംശീകരിക്കുന്നതും പ്രവാസചരിതത്തിന്റെ ഉജ്വല ഏടുകള്‍ അനാവൃതമാവുന്നതുമായിരിക്കും ആഘോഷപരിപാടികളെന്ന് ജിജിഐ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

 

 

  • Beta

Beta feature

Share
error: Content is protected !!