താന്ത്രിക ക്രിയ കഴിഞ്ഞാൽ ‘നോട്ട് മഴ’: യുവതിയെ വിശ്വസിപ്പിച്ച് ബലാൽസംഗം ചെയ്തു; 5 പേര്‍ അറസ്റ്റില്‍

താന്ത്രിക ക്രിയയിലൂടെ ‘നോട്ട് മഴ’ പെയ്യിപ്പിക്കുമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. ഗുജറാത്തിലെ രാജ്കോട്ടിലാണ് കാറ്ററിങ് ബിസിനസ് നടത്തുന്ന 25 വയസ്സുകാരി തട്ടിപ്പിനും പീഡനത്തിനും ഇരയായത്. ബിസിനസിന് കൂടെയുണ്ടായിരുന്ന ഫൈസൽ പാർമർ എന്നയാള്‍ വഴിയാണ് യുവതി മന്ത്രവാദിയെന്ന് അവകാശപ്പെടുന്നയാളെ പരിചയപ്പെട്ടത്. തുടക്കത്തിൽ വിശ്വസിക്കാൻ തയാറാകാതിരുന്ന യുവതിയെ നേരിൽ കണ്ട് ബോധ്യപ്പെട്ടാൽ മതിയെന്നു പറഞ്ഞ് ഫൈസൽ മന്ത്രവാദിക്ക് അരികിൽ എത്തിക്കുകയായിരുന്നു.

മന്ത്രവാദി ചമഞ്ഞ സാഗർ ഭഗ്തരിയയെ കാണാൻ അയാളുടെ മെസ്വാൻ ഗ്രാമത്തിലുള്ള ഷിയിടത്തിൽ ഡിസംബർ 9നാണ് യുവതി എത്തിയത്. ഈ സമയത്ത് മറ്റൊരു സ്ത്രീയെ തേങ്ങയുടെ മുകളിൽ ഇരുത്തിയിരുന്നതായി യുവതി കണ്ടു. മന്ത്രവാദിയുടെ ‘സഹായി’ ഈ സ്ത്രീയെ വച്ച് താന്ത്രിക കർമം നടത്താൻ മന്ത്രവാദിക്ക് താൽപര്യമില്ലെന്നു പറഞ്ഞ് ഇവരെ പറ‍ഞ്ഞുവിട്ടു. ഇതിനുശേഷം യുവതിയെ തേങ്ങയ്ക്ക് മുകളിലിരുത്തുകയും പിന്നീട് മന്ത്രവാദിയുടെ മുറിയിലേക്ക് എത്തിക്കുകയും ചെയ്തു.

താന്ത്രിക കർമത്തിന്റെ ഭാഗമായി സ്വകാര്യ ഭാഗങ്ങളുടെ അളവെടുക്കാൻ യുവതിയോട് വസ്ത്രങ്ങളഴിക്കാൻ ആവശ്യപ്പെട്ടു. ഇവിടെവച്ച് പീഡിപ്പിക്കപ്പെട്ടതായാണ് യുവതി പരാതിപ്പെട്ടത്. താന്ത്രിക കർമത്തിന്റെ പകുതിഭാഗം പൂർത്തിയായെന്നും ബാക്കി ചെയ്യാനായി മറ്റൊരു ദിവസം വരണമെന്നും നിർദേശിച്ച് യുവതിയെ പറഞ്ഞയച്ചു. കർമം പൂർത്തിയാക്കിയാൽ മാത്രമേ നോട്ടു മഴ കാണാനാവൂ എന്നും മന്ത്രവാദി യുവതിയോടു പറഞ്ഞു.

ഡിസംബർ 14ന് യുവതിയോട് പഴയ സ്ഥലത്ത് എത്താൻ മന്ത്രവാദി ആവശ്യപ്പെട്ടു. എന്നാൽ വീണ്ടും പീഡിപ്പിക്കപ്പെട്ടേക്കാം എന്ന ഭയത്താൽ പൊലീസിനെ സമീപിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ജുനഗഡ് സ്വദേശിയായ ഭഗ്തരിയ, ഇയാളുടെ സംഘത്തിലുള്ള ഫൈസൽ പാര്‍മർ, വിജയ് വഘേല, നരൻ ബോർഖാതരിയ, സിക്കന്ദർ ദേഖൈയ എന്നിവരെ അറസ്റ്റു ചെയ്തു.

ഫൈസൽ പാര്‍മർ യുവതിയെ കള്ളം പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മറ്റു നാലുപേർ ചേർന്ന് യുവതിയെ സംഭവ സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു. സമാന രീതിയിൽ വേറെയും സ്ത്രീകൾ ചൂഷണം ചെയ്യപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!