സൗദിയിൽ കച്ചവടസ്ഥാപനങ്ങൾ മുൻകൂട്ടി ഓഫറുകൾ പ്രഖ്യാപിക്കുന്നതിന് വിലക്ക്
റിയാദ്: സൌദിയിലെ വാണിജ്യ സ്ഥാപനങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി പരസ്യപ്പെടുത്താറുള്ള ഓഫറുകൾ മുൻകൂട്ടി പ്രഖ്യാപിക്കാൻ പാടില്ലെന്ന് വാണിജ്യ മന്ത്രാലയം നിർദ്ദേശിച്ചു. വിലക്കുറവ് സംബന്ധിച്ച് 15 ദിവസങ്ങൾക്ക് മുന്നേ പരസ്യപ്പെടുത്തുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. സ്ഥാപനങ്ങൾ നൽകുന്ന ഓഫറുകളിൽ വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിൻ്റെ ഇടപെടൽ. വിലക്കിഴിവ് പ്രഖ്യാപിക്കുന്നതിന് മുമ്പ് മന്ത്രാലയത്തിൽ നിന്നും പ്രത്യേക അനുമതി നേടണം. ഈ അനുമതി പത്രവും ഓഫറുകൾ ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ വിശദവിവരങ്ങൾ ഉപഭോക്താക്കൾക്ക് കാണാനാകും വിധം പ്രദർശിപ്പിക്കുകയും വേണം. ഓഫറിന് മുമ്പുണ്ടായിരുന്ന വിലയും, ഓഫറിന് ശേഷമുള്ള വിലയും, ഓഫർ എത്ര ശതമാനമാണെന്നും ടാഗിൽ പ്രദർശിപ്പിക്കേണ്ടതാണ്.
ഓഫറിൽ വിൽപ്പന നടത്തന്ന ഉൽപ്പന്നങ്ങൾ വ്യാജമോ, കേടുപാടുകൾ സംഭവിച്ചതോ കാലഹരണപ്പെട്ടതോ ആകാൻ പാടില്ല. സമ്പൂർണ്ണ ഓഫറാണ് നൽകുന്നതെങ്കിൽ, സ്ഥാപനത്തിലെ മുഴുവൻ ഉൽപ്പന്നങ്ങൾക്കും ഇത് ബാധകമാക്കിയിരിക്കണം. ഭാഗിക ഓഫറാണ് സ്ഥാപനം പ്രഖ്യാപിക്കുന്നതെങ്കിൽ, സ്ഥാപനത്തിലുള്ള അമ്പത് ശതമാനം ഉൽപ്പന്നങ്ങൾക്കും ഈ ആനൂകൂല്യം നൽകേണ്ടതാണ്. സ്ഥാപനത്തിൽ വിൽപ്പനക്ക് വെച്ചിട്ടുള്ള ഉൽപ്പന്നങ്ങളിൽ പകുതിയിലും താഴെ ഉൽപ്പന്നങ്ങൾക്ക് മാത്രമേ ഓഫർ നൽകുന്നുള്ളുവെങ്കിൽ, ഒരുവിധത്തിലുള്ള പരസ്യവും ചെയ്യാൻ പാടില്ലെന്നും വാണിജ്യ മന്ത്രാലയം സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.