ലോകത്തെ കണ്ണീരിലാഴ്ത്തി ആഴക്കിണറിൽ വീണ റയാൻ എന്ന അഞ്ച് വയസുകാരൻ യാത്രയായി.

റാബത്ത്: മൊറോക്കോയിൽ അഞ്ച് ദിവസമായി ആഴകിണറിൽ കുടുങ്ങി കിടക്കുകയായിരുന്ന അഞ്ചുവയസുകാരൻ റയാൻ അവ്റാം മരിച്ചതായി മൊറോക്കോയൻ റോയൽ കോടതി പ്രസ്താവനയിലൂടെ അറിയിച്ചു. ദിവസങ്ങൾ നീണ്ട രക്ഷാ പ്രവർത്തനങ്ങൾക്കൊടുവിലാണ് റയാനെ പുറത്തെടുത്തത്. അവസാന നിമിഷം വരെ റയാനെ സുരക്ഷിതമായി പുറത്തെടുക്കാനുകമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ശനിയാഴ്ച രാത്രി റയാനെ പുറത്തെടു​ത്തപ്പോഴേ​ക്കും മരിച്ചിരുന്നു. കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടി കിണറിൽ വീണിട്ടുണ്ടെന്ന് മനസ്സിലാക്കുന്നത്.

104 താഴ്ചയുള്ള കിണറ്റിൽനിന്ന് അഞ്ചുവയസുകാരൻ റയാനെ പുറത്തെടുക്കാനായി നടത്തിവന്നിരുന്ന രക്ഷാപ്രവർത്തനം ​ലോകശ്രദ്ധ പിടിച്ച് പറ്റിതായിരുന്നു. ലോകം മുഴുവനും റയാന് വേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ചൊവ്വാഴ്ച വൈകീട്ടാണ് വടക്കൻ മൊറോക്കോയിലെ ചെഫ്‌ചൗവ് നഗരത്തിൽ നിന്ന് 125 മൈൽ അകലെയുള്ള ചെറിയ ഗ്രാമമായ ഇഘ്രാനെയിലെ വീടിനടുത്തുള്ള കിണറ്റിൽ റയാൻ അകപ്പെട്ടത്. വിവരമറിഞ്ഞയുടൻ സംഭവ സ്ഥലത്തെത്തിയ റെസ്ക്യൂ ടീം കിണറിന് ചുറ്റുമുള്ള ചുവന്ന മണ്ണ് ആഴത്തിൽ കുഴിച്ചെടുത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. ശനിയാഴ്ച വരെ റയാനെ പുറത്തെടുക്കാനുള്ള കഠിന ശ്രമങ്ങളാണ് നടത്തിയത്.

കിണറിന് മുകൾഭാഗത്ത് 45 സെന്റിമീറ്റർ മാത്രമായിരുന്നു വീതി. താഴേക്ക് 32 മീറ്റർ (100 അടി) താഴ്ചയാണ് ഉണ്ടായിരുന്നത്. അതിനാൽതന്നെ രക്ഷാപ്രവർത്തനം കഠിനമായിരുന്നു. സമാന്തരമായി തുരങ്കം നിർമിച്ചാണ് രക്ഷപ്രവർത്തനം നടത്തിയത്. ഇവിടെ മണ്ണിടിച്ചിൽ സാധ്യതയും ഏറെയായിരുന്നു.

ചെഫ്‌ചൗവിന് ചുറ്റുമുള്ള മലയോര പ്രദേശത്ത് ശൈത്യകാലത്ത് കഠിനമായ തണുപ്പാണ്. രക്ഷാപ്രവർത്തകർ ട്യൂബിലൂടെ ഭക്ഷണവും വെള്ളവും ഓക്സിജനും നൽകി കുട്ടിയുടെ ജീവൻ നിലനിർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടിയുടെ അടുത്തെത്താൻ രക്ഷാ പ്രവർത്തകർക്ക് സാധിച്ചത്. അപ്പോഴേക്കും റയാൻ യാത്രയായിരുന്നു.

റയാന്റെ മരണത്തിൽ മൊറോക്കൻ രാജാവ് മുഹമ്മദ് ആറാമൻ അനുശോചനം രേഖപ്പെടുത്തി. കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു.

രക്ഷാപ്രവർത്തനങ്ങളുടെ പ്രധാന ഭാഗങ്ങൾ കാണാം

 

Share
error: Content is protected !!