ദുബൈയിലേക്ക് പറന്ന വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; യാത്രക്കാർക്കും ജീവനക്കാർക്കും പരിക്ക്

ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാനം അപ്രതീക്ഷിതമായി ആകാശച്ചുഴിയില്‍പ്പെട്ട്  യാത്രക്കാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും പരിക്ക്. എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ പെര്‍ത്തില്‍ നിന്ന് ദുബൈയിലേക്ക് വരികയായിരുന്ന വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. അൽപസമയത്തെ പ്രതിസന്ധികൾക്കൊടുവിൽ വിമാനം യാത്ര തുടര്‍ന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി.

ഡിസംബര്‍ നാല് തിങ്കളാഴ്ചയാണ് സംഭവം. പെര്‍ത്തില്‍ നിന്ന് ദുുബൈയിലേക്കുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ EK421 വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന കുറച്ച് യാത്രക്കാര്‍ക്കും ക്രൂവിനും പരിക്കേറ്റതായും യാത്ര തുടര്‍ന്ന വിമാനം പ്രാദേശിക സമയം പുലര്‍ച്ചെ  4:45ന് ദുബൈയിലെത്തിയതായും എമിറേറ്റ്‌സ് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. എമിറേറ്റ്‌സ് വിമാനത്തില്‍ പരിക്കേറ്റവര്‍ക്ക് പരിശീലനം ലഭിച്ച ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും യാത്രക്കിടെ തന്നെ വൈദ്യസഹായം ലഭ്യമാക്കിയതായും എമിറേറ്റ്‌സ് വക്താവ് കൂട്ടിച്ചേര്‍ത്തു.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ യാത്രക്കാര്‍ക്ക് അധികമായി വേണ്ട പിന്തുണയും ഉറപ്പാക്കി. ഏവിയേഷന്‍ മേഖലയില്‍ സാധാരണയായി സംഭവിക്കുന്നതാണ് ടര്‍ബുലന്‍സ് അഥവാ ആകാശച്ചുഴി. കാറ്റിന്റെ സമ്മര്‍ദ്ദത്തിലും ചലന വേഗത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റം വിമാനത്തെ വലിക്കുകയും തള്ളുകയും ചെയ്യുന്നതിനെയാണ് ടര്‍ബുലന്‍സ് എന്ന് പറയുന്നത്.

 

 

 

Share
error: Content is protected !!