‘ഇന്ത്യയിൽ സൗദി പുതിയ മൂന്ന് വിസ സേവന കേന്ദ്രങ്ങൾ കൂടി ആരംഭിക്കും, കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ ഇന്ത്യയിലേക്ക് സൗദി ബജറ്റ് വിമാന സർവീസുകൾ ആരംഭിക്കും – സൗദി ഹജ്ജ് മന്ത്രി

ഇന്ത്യയിൽ പുതിയ മൂന്ന് വിസ സേവന കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീയ പറഞ്ഞു. കൂടാതെ സൗദിക്കു ഇന്ത്യക്കുമിടയിൽ കുറഞ്ഞ നിരക്കിൽ യാത്ര സൌകര്യമൊരുക്കിക്കൊണ്ട് ബജറ്റ് വിമാന സർവീസുകൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ സന്ദർശനത്തിനായി ഡെൽഹിയിലെത്തിയപ്പോൾ കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത പത്ര സമ്മേളനത്തിലാണ് സൗദി ഹജ്ജ് ഉംറ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇന്ത്യയിൽ നിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണം 74 ശതമാനം വർധിച്ചതായും ഈ വർഷം ഇത്  വരെ 12 ലക്ഷത്തിലധികം തീർഥാടകർ ഉംറക്കെത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു. തീർഥാടകരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് കൂടുതൽ വിസ സേവന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

കുറഞ്ഞ നിരക്കിലുള്ള യാത്ര സൌകര്യങ്ങൾ ലഭ്യമാക്കുന്നതിനായി സൌദിയുടെ ബജറ്റ് വിമാന കമ്പനികളായ ഫ്‌ളൈനാസ്, ഫ്ലൈഅദീൽ എന്നിവയുടെ പുതിയ ഷെഡ്യൂൾഡ് ഫ്‌ളൈറ്റുകൾ ആരംഭിക്കും. ഇതോടെ തീർഥാടകരുടെ എണ്ണത്തിലുള്ള വർധനവിനുസുരിച്ച് യാത്ര സൌകര്യങ്ങൾ വർധിപ്പിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദി-ഇന്ത്യ സഹകരണ ശ്രമങ്ങളുടെ ഫലമാണ് തീർഥാടകരുടെ എണ്ണത്തിലുള്ള വർദ്ധനവ്, “ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന്” ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ വർദ്ധിപ്പിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചതായി അൽ-റബിയ പറഞ്ഞു.

ഇന്ത്യൻ ന്യൂനപക്ഷ കാര്യ മന്ത്രി സ്മൃതി ഇറാനി, വി മുരളീധരൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത പത്ര സമ്മേളനത്തിലാണ് സൌദി മന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

എല്ലാ ഹജ്ജ് തീർഥാടകർക്കും മികച്ച സേവനങ്ങൾ നൽകിക്കൊണ്ട് ഹജ്ജ് പ്രക്രിയ കഴിയുന്നത്ര എളുപ്പമാക്കാൻ ഒരുമിച്ചുള്ള പ്രവർത്തനം തുടരാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി സമൃതി ഇറാനി വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

2023-ലെ ഹജ്ജ് ക്വാട്ടയ്ക്ക് കീഴിൽ, ഏകദേശം 175,000 ഇന്ത്യക്കാർ ഹജ്ജ് നിർവ്വഹിച്ചു. അവരിൽ 47 ശതമാനം സ്ത്രീകളായിരുന്നുവെന്നും സമൃതി ഇറാനി വ്യക്തമാക്കി.

അൽ-റബിയയുടെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള മൊത്തത്തിലുള്ള ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുമെന്ന്  ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു,

ഇന്ത്യൻ ഉദ്യോഗസ്ഥരുമായും പങ്കാളികളുമായും സഹകരണം ശക്തിപ്പെടുത്തുന്നതിനും, അന്താരാഷ്‌ട്ര തീർഥാടകർക്ക് ഉംറ തീർഥാടനം കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഔദ്യോഗിക യാത്രയുടെ ഭാഗമായാണ് അൽ-റബിയ ന്യൂഡൽഹിയിലെത്തിയത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!