പരിശോധനക്ക് വരുമ്പോള്‍ തൊഴിലാളികൾ മുങ്ങിയാൽ സ്ഥാപനത്തിന് പിഴ ചുമത്തും: വിവിധ നിയമലംഘനങ്ങൾക്ക് 200 മുതൽ 50,000 റിയാല്‍ വരെ പിഴ; പരിഷ്‌കരിച്ച പിഴകളെ കുറിച്ച് അറിയാം

സൗദിയിൽ സ്ഥാപനങ്ങള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയ്ക്കിടെ തൊഴിലാളി മുങ്ങിയാല്‍ ഇനി മുതല്‍ സ്ഥാപനത്തിന് പിഴ ചുമത്തും. ബലദിയ്യ ഉദ്യോഗസ്ഥര്‍ വരുന്നത് കണ്ട് ഓടിരക്ഷപ്പെട്ടാല്‍ 200 മുതല്‍ 1,000 റിയാല്‍ വരെയാണ് പിഴ. മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം അംഗീകരിച്ച പരിഷ്‌കരിച്ച പിഴകള്‍ മക്ക നഗരസഭ കഴിഞ്ഞ ദിവസം മുതല്‍ നടപ്പാക്കിത്തുടങ്ങി.

സ്ഥാപനങ്ങള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്കും വ്യക്തികളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ക്കും വിവിധ തരം ശിക്ഷാനടപടികള്‍ മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയത്തിന്റെ പരിഷ്‌കരിച്ച നിയമാവലിയില്‍ വിശദീകരിക്കുന്നു. ഉദ്യോഗസ്ഥരെത്തുമ്പോള്‍ തൊഴിലാളികള്‍ കട തുറന്നിട്ടോ അല്ലാതെയോ മാറിനിന്നാല്‍ സ്ഥാപനത്തിന്റെ പേരില്‍ പിഴ ചുമത്തുമെന്ന് വ്യക്തികളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളില്‍ വ്യക്തമാക്കുന്നു.
സ്ഥാപനത്തിനുള്ളില്‍ കിടന്നുറങ്ങല്‍, ജോലിക്കിടെ പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ ഭക്ഷണം കഴിക്കല്‍, തൊഴിലാളികളുടെ വ്യക്തിപരമായ വസ്തുക്കള്‍ പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കല്‍ എന്നീ നിയമലംഘനങ്ങള്‍ക്കും 200 മുതല്‍ 1,000 റിയാല്‍ വരെയാണ് പിഴ.
രോഗലക്ഷണങ്ങളുള്ള തൊഴിലാളികളും മുറിവുകളുള്ള തൊഴിലാളികളും ചര്‍മത്തില്‍ കുമിളകളുള്ള തൊഴിലാളികളും ജോലിക്ക് വരാന്‍ പാടില്ല. നഗരങ്ങളുടെ വലിപ്പ വ്യത്യാസത്തിനനുസരിച്ച് ഈ കുറ്റങ്ങള്‍ക്ക് 2000 റിയാല്‍, 1600 റിയാല്‍, 1200 റിയാല്‍, 800 റിയാല്‍, 400 റിയാല്‍ എന്നിങ്ങനെയാണ് പിഴശിക്ഷ. ജോലിക്കിടെ മൂക്ക് സ്പര്‍ശിക്കുക, വായില്‍ വിരലിടുക, തുപ്പുക തുടങ്ങിയവയ്ക്ക് 400 മുതല്‍ 2000 റിയാല്‍ വരെ പിഴ ചുമത്തും. നിയമലംഘനം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാവും.

ബലദിയ നിശ്ചയിച്ച സ്ഥാനത്തുനിന്ന് കുപ്പത്തൊട്ടികള്‍ മാറ്റാന്‍ പാടില്ല. കുപ്പത്തൊട്ടികളോ അതിനുചുറ്റുമുള്ള വേലികളോ തറയോ കേടുവരുത്തിയാല്‍ നന്നാക്കാനാകുന്ന മുഴുവന്‍ ചെലവും അതിന് പുറമെ ആയിരം റിയാല്‍ പിഴയും നല്‍കണം. മറ്റ് ആവശ്യങ്ങള്‍ക്ക് കുപ്പത്തൊട്ടികള്‍ ഉപയോഗിക്കാന്‍ പാടില്ല. നിയമ ലംഘനത്തിന്് 500 റിയാലാണ് പിഴ. ഇങ്ങനെ ഉപയോഗിച്ചത് മൂലമുള്ള കേടുപാടുകള്‍ തീര്‍ക്കാന്‍ നഷ്ടപരിഹാരം ഈടാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

സ്ഥാപനങ്ങള്‍ക്ക് നഗരസഭയുടെ ലൈസന്‍സ് ഇല്ലെങ്കില്‍ ഗുരുതര നിയമലംഘനമായി കണക്കാക്കി 10,000 മുതല്‍ 50,000 റിയാല്‍ വരെ പിഴ ചുമത്തും. ലഭിച്ച ലൈസന്‍സില്‍ വ്യവസ്ഥ ചെയ്യാത്ത മേഖലയില്‍ പ്രവര്‍ത്തിച്ചാലും ശിക്ഷയുണ്ട്. 1,000 മുതല്‍ 5,000 റിയാല്‍ വരെയാണ് ഈടാക്കുക.

ഭിത്തികളിലും മതിലുകളിലും മറ്റും എഴുതുന്നതിന് 100 റിയാല്‍ പിഴ ചുമത്തും. ഏതു നിയമലംഘനങ്ങളും ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. സേവന നിലവാരം ഉയര്‍ത്താനും ആരോഗ്യകരമായ അന്തരീക്ഷം പ്രദാനം ചെയ്യാനും നഗരസൗന്ദര്യം നിലനിര്‍ത്താനുമാണ് പൊതുശുചീകരണ നിയമാവലി പരിഷ്‌കരിച്ചത്. ജോലിയുടെ സ്വഭാവമനുസരിച്ച് കൈയുറകള്‍, ഹെയര്‍നെറ്റ്, മാസ്‌ക്, യൂനിഫോം ധരിക്കാത്തതിനും വാച്ചുകളും കൈകളില്‍ ആഭരണങ്ങളും ധരിക്കാന്‍ പാടില്ലാത്തവര്‍ ജോലിക്കിടെ ഇവ ധരിക്കുന്നതിനും പിഴശിക്ഷയുണ്ട്.

 

Share
error: Content is protected !!