ഹൂത്തികളുടെ ആക്രമണത്തില്‍ മരിച്ച ഇന്ത്യക്കാരൻ്റെ കുടുംബത്തിന് സൗദി 88 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു
ജിദ്ദ: സൗദിയിൽ ഹൂത്തികളുടെ ആക്രമണത്തില്‍ മരിച്ച ഇന്ത്യക്കാരൻ്റെ കുടുംബത്തിന് സൗദി സര്‍ക്കാര്‍ നാല് ലക്ഷം റിയാല്‍ (88 ലക്ഷത്തോളം രൂപ) കൈമാറി. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനാണ് സൗദി അധികൃതര്‍ ചെക്ക് നല്‍കിയത്.
ഉത്തര്‍പ്രദേശ് നിസാമാബാദ് സ്വദേശി മുന്നായാദവ് (50) ആണ് ഹൂത്തി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നത്. ഇയാളുടെ കുടുംബത്തിനാണ് സൗദി സര്‍ക്കാര്‍ നഷ്ടപരിഹാര തുക അനുവദിച്ചത്. സൗദി അറബ്യയുടെ തെക്കന്‍ പ്രവിശ്യയായ നജ്റാനില്‍ 2016ലാണ് മുന്നായാദവ് കൊല്ലപ്പെട്ടത്. ഹൂത്തികളുടെ ഷെല്ലാക്രമണത്തിലായിരുന്നു മരണം. യെമന്‍ അതിര്‍ത്തി പ്രദേശത്തു നിന്ന് സൗദിക്ക് നേരെ ഹൂത്തികള്‍ ആക്രമണം നടത്തുകയായിരുന്നു.
അക്കാലത്ത് യെമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന നജ്റാന്‍ ഉള്‍പ്പെടെയുള്ള സൗദിയിലെ പലഭാഗങ്ങളിലും ആക്രണം ശക്തമായിരുന്നു. ആശുപത്രികള്‍, താമസ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ ഷെല്ലുകള്‍ പതിച്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് അത്യാഹിതങ്ങള്‍ സംഭവിച്ചിരുന്നു.
സൗദി സര്‍ക്കാര്‍ അനുവദിച്ച നഷ്ടപരിഹാര തുകയുടെ ചെക്ക് സൗദി ആഭ്യന്തര മന്ത്രാലയമാണ് ജിദ്ദ കോണ്‍സുലേറ്റിന് കൈമാറിയത്. നജ്റാന്‍ സന്ദര്‍ശിച്ച ജിദ്ദ കോണ്‍സുലേറ്റ് ഉദ്യേഗസ്ഥന്‍ മുഹമ്മദ് ഫൈസല്‍ തബാറക്ക് അലി നജ്റാന്‍ പ്രവശ്യാ പോലീസ് മേധാവിയില്‍നിന്ന് ചെക്ക് ഏറ്റുവാങ്ങി. നജ്റാനിലെ സാമൂഹിക പ്രവര്‍ത്തകനും കോണ്‍സുലേറ്റ് കമ്മ്യൂണിറ്റി വെല്‍ഫയര്‍ അംഗവുമായ സലീം ഉപ്പള കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനെ അനുഗമിച്ചു.
ഭാര്യ ശാരദ ദേവി, മക്കളായ അര്‍ച്ചന, രഞ്ചന, ഗരിമ, കിഷന്‍ എന്നിവരടങ്ങുന്നതാണ് മുന്നാ യാദവിന്റെ കുടുംബം.
ജിദ്ദ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് നജ്റാനിലെത്തിയത്. സന്ദര്‍ശനവേളയില്‍ രണ്ട് മാസം മുമ്പ് മരിച്ച തമിഴ്നാട് സ്വദേശി വിജയ് യുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസ്സമായിരുന്ന നിയമനടപടികള്‍ നജ്റാന്‍ പ്രവിശ്യ പോലീസുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാക്കി. വിജയ് ജോലിചെയ്തിരുന്ന കമ്പനി മൃതദേഹം നാട്ടിലെത്തിക്കും. ശറൂറയില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെ കുവൈറ്റ് അതിര്‍ത്തിയിലെ അല്‍ഖൈറിലാണ് വിജയ് മരിച്ചത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക