ഗസ്സയില്‍ താൽക്കാലിക വെടിനിര്‍ത്തല്‍ വൈകും; ഹമാസ് നേതാക്കളെ എവിടെ കണ്ടാലും വകവരുത്തണമെന്ന് മൊസാദിന് നിർദേശം, ആക്രമണം തുടരുന്നു – വീഡിയോ

തെല്‍ അവിവ്: ഗസ്സയിൽ താൽക്കാലിക വെടിനിർത്തൽ നടപ്പാകുന്നത് വൈകും. ബന്ദി കൈമാറ്റം നാളെയോടെയെന്ന് ഇസ്രായേൽ അറിയിച്ചു. വെടിനിര്‍ത്തല്‍ ഇന്ന് രാവിലെ 10ന് നടപ്പാകുമെന്നായിരുന്നു ഹമാസ് പ്രസ്താവന.വെടിനിര്‍ത്തലിന് ശേഷം ഗസ്സയില്‍ വീണ്ടും ആക്രമണം തുടങ്ങുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.

ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ചില ഫലസ്തീനികളെ കൈമാറുന്നത് വെള്ളിയാഴ്ച ആയിരിക്കുമെന്ന് ഒരു മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ പറഞ്ഞു. ബന്ദികളുടെ കൈമാറ്റം നടപ്പാകുന്നതോടെ ഗസ്സയിലേക്ക്​ കൂടുതൽ സഹായം എത്തിക്കും. 48 ദിവസങ്ങൾ നീണ്ട ആക്രമണത്തിനൊടുവിൽ ഖത്തറി​ന്‍റെയും ഈജിപ്​തി​ന്‍റെയും മധ്യസ്​ഥതയിലാണ് ഇസ്രായേലും ഹമാസും വെടിനിര്‍‌ത്തല്‍ കരാറില്‍ ഒപ്പുവച്ചത്. കരാർ ലംഘിച്ചാൽ ആക്രമണം പുനരാരംഭിക്കാൻ മടിക്കില്ലെന്നാണ് നെതന്യാഹുവി​ന്‍റെ മുന്നറിയിപ്പ്​.

150 ഫലസ്​തീൻ തടവുകാർക്കു പകരം ഹമാസ്​ പിടിയിലുള്ള ബന്ദികളിൽ നിന്ന്​ 50 സ്​ത്രീകളെയും കുട്ടികളെയും കൈമാറാനാണ്​ കരാർ വ്യവസ്​ഥ. കൈമാറേണ്ട തടവുകാരുടെ പട്ടികക്ക്​ ഇസ്രായേലും ബന്ദികളുടെ പട്ടികക്ക്​ ഹമാസും രൂപം നൽകി. കൂടുതൽ ബന്ദികളെ മോചിപ്പിച്ച്​ സമഗ്ര വെടിനിർത്തലിലേക്ക്​ കാര്യങ്ങൾ നീക്കണമെന്ന വിവിധ ലോക രാജ്യങ്ങളുടെ അഭ്യർഥന തൽക്കാലം അംഗീകരിക്കില്ലെന്ന്​ നെതന്യാഹു വ്യക്തമാക്കിയിരുന്നു.

 

 

അൽ ഷിഫ ആശുപത്രിയിൽ ഇസ്രായേൽ സേന നടത്തിയ ആക്രമത്തിൽ കൊല്ലപ്പെട്ട 100 ലധികം അജ്ഞാതരായ ഫലസ്തീനികളുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിച്ചു.

 

അതിനിടെ ഹമാസിനെയും അതിന്‍റെ നേതൃത്വത്തെയും തകര്‍ക്കാനുള്ള തങ്ങളുടെ ദൗത്യവുമായി ഉടൻ തന്നെ മുന്നോട്ട് പോകുമെന്ന് ഇസ്രായേല്‍ ആവർത്തിച്ചു. ഹമാസ് നേതാക്കളെ എവിടെയായിരുന്നാലും ലക്ഷ്യമിടാന്‍ ചാര സംഘടനയായ മൊസാദിന് നിര്‍ദേശം നല്‍കിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തെൽ അവീവിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഹമാസ് നേതാക്കളായ ഇസ്മായിൽ ഹനിയേയും ഖാലിദ് മഷാലും യുദ്ധത്തില്‍ സന്തോഷഭരിതരാണെന്നും സംഘര്‍ഷം അവസാനിച്ചതിനു ശേഷം ഗസ്സയിലെ ഭരണം തുടരുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്നുമുള്ള കാന്‍ ന്യൂസ് റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

“ഹമാസ് നേതാക്കളെല്ലാം മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരാണെന്ന് പ്രതിരോധമന്ത്രി യോവ് ഗാലന്‍റ് പറഞ്ഞു. ”അവര്‍ കടം വാങ്ങിയ സമയം കൊണ്ടാണ് ജീവിക്കുന്നത്. പോരാട്ടം ലോകവ്യാപകമാണ്. വയലിലെ തോക്കുധാരികൾ മുതൽ ആഡംബര വിമാനങ്ങൾ ആസ്വദിക്കുന്നവർ വരെ, അവരുടെ ദൂതന്മാർ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി പ്രവർത്തിക്കുന്നു – അവർ മരിക്കാൻ വിധിക്കപ്പെട്ടവരാണ്.” ഗാലന്‍റ് ഹമാസ് പോരാളികളെക്കുറിച്ച് പറഞ്ഞു. ബന്ദികളെ തിരിച്ചയക്കുന്നതിനെ ‘വിശുദ്ധ ദൗത്യം’ എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്.

അതേസമയം ഗസ്സയിലുടനീളം കനത്ത വ്യോമാക്രമണം തുടരുകയാണ് ഇസ്രായേല്‍. അൽ നുസൈറാത്ത്, ദൈറൽ ബലാഹ്, ഖാൻ യൂനിസ്, റഫ എന്നിവടങ്ങളിലാണ് വ്യാപക ആക്രമണം നടക്കുന്നത്. ഗസ്സയിലെ പല ഭാഗങ്ങളിലും ഹമാസും ഇസ്രായേൽ സേനയും തമ്മിലുളള പോരാട്ടം ശക്തായി തുടരുകയാണ്.

 

 

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!