നിമിഷപ്രിയക്ക് തിരിച്ചടി: അപ്പീൽ യെമൻ സുപ്രീം കോടതി തളളിയതായി കേന്ദ്രം ദില്ലി ഹൈക്കോടതിയെ അറിയിച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയുടെ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളിയതായി കേന്ദ്രം. ഇക്കാര്യം കേന്ദ്ര സർക്കാർ ദില്ലി ഹൈക്കോടതിയെ അറിയിച്ചു.  വധശിക്ഷ ഒഴിവാക്കാൻ ഇനി യെമൻ രാഷ്ട്രപതിക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും കേന്ദ്രം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചകൾക്കായി യെമൻ സന്ദർശിക്കാൻ അനുമതി നൽകണമെന്ന അമ്മ പ്രേമകുമാരിയുടെ ആവശ്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് അമ്മ നൽകിയ ഹർജി അപേക്ഷയായി സർക്കാരിന് നൽകാനും നിർദേശം നൽകി. പാസ്പോർട്ട് അടക്കം രേഖകൾ കൈമാറാനും കോടതി നിർദേശിച്ചു. (ചിത്രത്തിൽ അമ്മ, നിമിഷപ്രിയ).

സനയിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി യെമൻ സന്ദർശിക്കാൻ അനുമതി തേടി അമ്മ പ്രേമകുമാരി നൽകിയ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്രം വധശിക്ഷ ശരിവച്ച കാര്യം അറിയിച്ചത്. നവംബർ 13-ന് യമനിലെ സുപ്രീംകോടതി വധശിക്ഷയ്ക്കെതിരെ നിമിഷപ്രിയ നൽകിയ അപ്പീൽ തള്ളിയെന്നാണ് തങ്ങൾക്കുലഭിച്ച വിവരമെന്ന് കേന്ദ്രം വാക്കാൽ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017-ൽ കൊല്ലപ്പെട്ട കേസിൽ ലഭിച്ച വധശിക്ഷയിൽ ഇളവു നൽകണമെന്ന നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യെമൻ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് യെമൻ സുപ്രീം കോടതി ഇപ്പോൾ തള്ളിയത്.

കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച ഹർജി ദില്ലി ഹൈക്കോടതിയുടെ മുന്നിലെത്തിയത്. യെമനിലേക്ക് പോകാനുള്ള സൗകര്യമൊരുക്കണമെന്നും അതിനായുളള നടപടികൾ ഊർജ്ജിതമാക്കണമെന്നും കാണിച്ച് നിമിഷപ്രിയയുടെ അമ്മയാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ഇതിൽ  കേന്ദ്രത്തിന് നോട്ടീസടക്കം ദില്ലി ഹൈക്കോടതി നൽകുകയും വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കേസ് വീണ്ടും പരി​ഗണിച്ചപ്പോഴാണ് യെമനിലെ സുപ്രീം കോടതി ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ അപ്പീൽ തള്ളിയെന്നുള്ള കാര്യം കേന്ദ്രസർക്കാർ ദില്ലി ഹൈക്കോടതിയെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.  അതേ സമയം വിഷയവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും നിമിഷപ്രിയയുടെ കുടുംബത്തെ അറിയിച്ചിട്ടില്ല എന്നതാണ് പ്രധാന കാര്യം.

വധശിക്ഷ ഒഴിവാക്കാൻ ഇനി യെമൻ രാഷ്ട്രപതിക്ക് മാത്രമേ കഴിയൂ എന്നാണ് കേന്ദ്രത്തിന്റെ നിലപാടെങ്കിലും ശരിഅത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രേമകുമാരിയുടെ വാദം. സുപ്രീംകോടതി അപ്പീൽ തള്ളിയ സാഹചര്യത്തത്തിൽ അടിയന്തരമായി യെമൻ സന്ദർശിക്കാൻ അനുമതി നൽകാൻ നിർദേശിക്കണമെന്ന് പ്രേമ കുമാരിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടു.

തുടർന്ന് യെമൻ സന്ദർശിക്കാൻ അനുമതി നൽകുന്ന കാര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ ഡൽഹി ഹൈക്കോടതി കേന്ദ്രത്തോട് നിർദേശിച്ചു. സ്വന്തം ഉത്തരവാദിത്വത്തിൽ നിമിഷപ്രിയയുടെ അമ്മ യെമനിൽ പോകുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രം വാക്കാൽ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ആരൊക്കെ യെമനിലേക്ക് കൂടെ പോകണം എന്നതിന്റെ വിശാദംശം പ്രേമകുമാരി രണ്ട് ദിവസത്തിനകം കേന്ദ്രത്തിനെ അറിയിക്കാനും ഡൽഹി ഹൈക്കോടതി നിർദേശം നൽകി.

 

 

മോചനത്തിനായി വേഗം ഇടപെടണമെന്ന അപേക്ഷയുമായി യമന്‍ ജയിലില്‍ നിന്ന് കഴിഞ്ഞ സെപ്തംബറിൽ ഒരു ന്യൂസ് ചാനലിന് നിമിഷ പ്രിയ ശബ്ദ സന്ദേശമയച്ചിരുന്നു. സർക്കാർ തലത്തിലെ തുടർ നടപടികളിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലായിരുന്നു ശബ്ദ സന്ദേശം. വൈകുന്ന ഓരോ ദിവസവും തന്‍റെ ജീവന്‍ അപകടത്തിലാണെന്ന് നിമിഷ പ്രിയ ശബ്ദ സന്ദേശത്തില്‍ പറഞ്ഞിരുന്നു. മോചനത്തിന് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് യെമന്‍ ജയിലില്‍ നിന്ന് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സ്വന്തം കൈപ്പടയില്‍ നിമിഷ പ്രിയ കത്തെഴുതുകയും ചെയ്തു.

തന്‍റെ ജീവന്‍ അപകടത്തിലാണെന്നും രക്ഷിക്കണമെന്നുമായിരുന്നു നിമിഷപ്രിയയുടെ അപേക്ഷ. വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെ മരിച്ച തലാലിന്‍റെ കുടുംബം മാപ്പ് നല്‍കിയാലേ നിമിഷയുടെ മോചനം സാധ്യമാകൂ. ഈ കുടുംബത്തിന് ദയാധനം നല്‍കാന്‍ തയ്യാറാണെന്ന് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്ര ഗവണ്‍മെന്‍റിനെ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്. എന്നാല്‍ ഗവണ്‍മെന്‍റ് തലത്തില്‍ എന്ത് തുടര്‍നപടികളാണ് ഉണ്ടായതെന്ന് വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് അപേക്ഷയുമായി നിമിഷ പ്രിയയുടെ ശബ്ദ സന്ദേശം അയച്ചത്.

പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ ബിസിനസ് പങ്കാളിയായിരുന്ന യമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടർ ടാങ്കർ ഒളിപ്പിച്ചെന്ന കേസിൽ നിമിഷ പ്രിയയെ കഴിഞ്ഞ വർഷമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷപ്രിയ. സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദി പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. 2017 ജൂലൈ 25 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിമിഷയുടെ ശിക്ഷ പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ നൽകിയ അപേക്ഷയിൽ യമൻ സുപ്രീംകോടതിയിൽ നടപടി വേഗത്തിലായിട്ടുണ്ട്.

തന്റെ മകളുടെ മോചനത്തിനായി എല്ലാ വാതിലുകളും മുട്ടി കാത്തിരിക്കുകയാണെന്ന് നിമിഷയുടെ അമ്മ നേരത്തെ പ്രതികരിച്ചിരുന്നു. കേന്ദ്ര സർക്കാരും നിമിഷയുടെ മോചനത്തിനായി ഇടപെട്ടിരുന്നു. എന്നാൽ നഷ്ടപരിഹാരം സ്വീകരിക്കാൻ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ തയാറാകാതെ വന്നതോടെയാണ് അനുരഞ്ജന ശ്രമങ്ങൾ നിർജീവമായത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി വ്യവസായി എംഎ യൂസഫലിയടക്കം ഇടപെട്ടിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!