ഖത്തർ ലോകകപ്പ് കാണണോ. ടിക്കറ്റുകൾ എളുപ്പത്തിൽ നേടാം
ദോഹ: നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിലെ 8 സ്‌റ്റേഡിയങ്ങളിലായാണു ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുക. ടിക്കറ്റ് വിൽപന തുടങ്ങിയതോടെ എങ്ങിനെ ടിക്കറ്റ് നേടാമെന്നും എങ്ങിനെ ഖത്തറിൽ പോയി മത്സരം കാണാമെന്നും അന്വോഷിച്ച് നടക്കുകയാണ് മലയാളികളും. കൂടാതെ എത്രതരം ടിക്കറ്റുകളാണ് ഉള്ളതെന്നും, അവയുടെ ടിക്കറ്റ് നിരക്കുകൾ എത്രയാണെന്നും, ഫാൻ ഐഡി, പ്രവേശന നിബന്ധനകൾ, ഖത്തറിലെത്താൻ വേണ്ട രേഖകൾ, അവിടെത്തിയാലുള്ള താമസം തുടങ്ങി നിരവധി സംശയങ്ങൾക്കുള്ള വിശദീകരണമാണിവിടെ.
മൂന്ന് വഴികളിലൂടെ ടിക്കറ്റുകൾ കരസ്ഥമാക്കാം.
1. ഫിഫയുടെ ഹോസ്പിറ്റാലിറ്റി പാക്കേജ്
നിരക്ക് 475 ഡോളർ മുതൽ (ഏകദേശം 36,000 രൂപ). താമസം ഉൾപ്പെടെയുള്ള പാക്കേജ് ആണിത്.
ലിങ്ക്: https://hospitality.fifa.com/2022/en/e-commerce/buy-packages
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഫിഫ ടിക്കറ്റ് ഏജൻസികളിൽനിന്നും പാക്കേജ് വാങ്ങാൻ സാധിക്കും.
2. റാൻഡം സെലക്‌ഷൻ ഡ്രോ സെയിൽസ്
ടിക്കറ്റ് വിൽപനയുടെ പ്രാഥമിക ഘട്ടമാണിത്. സാധാരണക്കാർക്ക് ഏറെ സൌകര്യപ്രദമായ പാക്കേജാണിത്. 40 റിയാൽ അഥവാ ഏകദേശം 822 ഇന്ത്യൻ രൂപയാണ് ഈ പാക്കേജിലെ ടിക്കറ്റ് നിരക്ക്.
ടിക്കറ്റുകൾ വാങ്ങുന്നതിനും വിശദാംശങ്ങളറിയുന്നതിനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.fifa.com/tournaments/mens/worldcup/qatar2022/tickets
ഇതിന് പുറമെ താഴെ നൽകിയിട്ടുള്ള പ്രാദേശിക സംഘാടകരുടെ വെബ്‌സൈറ്റിലൂടെയും അപേക്ഷിക്കാം.
ലിങ്ക്- https://www.qatar2022.qa/en/tickets
3. ഖത്തർ എയർവേയ്‌സിന്റെ പ്രത്യേക യാത്രാ പാക്കേജ്.
∙ ടിക്കറ്റ്, താമസം, യാത്ര ഉൾപ്പെടെയുള്ള പാക്കേജാണിത്. താഴെയുള്ള ലിങ്ക് വഴി പാക്കേജ് തിരഞ്ഞെടുക്കാം.
∙ ലിങ്ക്: https://www.qatarairways.com/app/fifa2022/
ടിക്കറ്റ് വിൽപന എത്ര നാൾ
നിലവിൽ ടിക്കറ്റിന് അപേക്ഷിക്കാനുള്ള റാൻഡം സിലക്‌ഷൻ ഡ്രോ സെയിൽസിന്റെ ആദ്യ ഘട്ടം 2022 ഫെബ്രുവരി 8ന് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നിന് അവസാനിക്കും. എന്നാൽ ഹോസ്പിറ്റാലിറ്റി പാക്കേജ് എല്ലായ്‌പ്പോഴും ലഭ്യമാണ്. 2022 ഏപ്രിൽ ഒന്നിനു നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഫൈനൽ ഡ്രോയ്ക്കു ശേഷമാകും വിൽപനയുടെ അടുത്ത ഘട്ടം ആരംഭിക്കുക.
വിൽപനയുടെ ഒന്നാം ഘട്ടത്തിൽ ടിക്കറ്റുകൾ, എങ്ങനെ നേടാം ?
ഇപ്പോൾ നടക്കുന്ന റാൻഡം വിൽപനയുടെ ഒന്നാം ഘട്ടത്തിൽ 3 തരം ടിക്കറ്റുകൾക്ക് അപേക്ഷിക്കാം. ഇപ്പോൾ ടിക്കറ്റിന് ബുക്ക് ചെയ്യുന്നവരിൽ നിന്ന് മാർച്ച് 8ന് തുടങ്ങുന്ന റാൻഡം തിരഞ്ഞെടുപ്പിലൂടെ അർഹരായവരെ പ്രഖ്യാപിക്കും. ടിക്കറ്റിന് അർഹരായവർക്ക് ഇ-മെയിൽ വഴി അറിയിപ്പ് ലഭിക്കുമ്പോൾ ഓൺലൈൻ പേയ്‌മെന്റ് നടത്തി ടിക്കറ്റ് സ്വന്തമാക്കാം. ഒരാൾക്ക് ഒരു മത്സരത്തിന്റെ പരമാവധി 6 ടിക്കറ്റുകൾ വരെ വാങ്ങാം. ടൂർണമെന്റിലുടനീളം ഒരാൾക്ക് ഒരു വിലാസത്തിൽ തന്നെ 60 ടിക്കറ്റുകൾ വാങ്ങാം.
ഇന്ത്യക്കാർക്ക് വിസ ആവശ്യമുണ്ടോ, വിസ ഫീസ് ആവശ്യമുണ്ടോ ?
നിലവിൽ ഇന്ത്യക്കാർക്കു ഖത്തറിൽ സൗജന്യ ഓൺ അറൈവൽ വീസ ലഭിക്കും. എന്നാൽ, യാത്രക്കാരന്റെ കൈവശം 5,000 റിയാലിന് തുല്യമായ തുക (ഏകദേശം 1.03 ലക്ഷം രൂപ) എന്നതുൾപ്പെടെയുള്ള ഓൺ അറൈവൽ വീസയുടെ വ്യവസ്ഥകൾ പാലിച്ചിരിക്കണം. ഒരു മാസമാണ് ഓൺ അറൈവൽ വീസയുടെ കാലാവധി. ഓൺ അറൈവൽ വീസയുടെ വ്യവസ്ഥകൾ പാലിക്കാൻ കഴിയാത്തവർ സന്ദർശക വീസയ്ക്കായി അപേക്ഷിക്കണം.
വീസ സംബന്ധമായ വിവരങ്ങൾക്ക്: https://www.visitqatar.qa/en/plan-your-trip/visas
എന്താണ് ഫാൻ ഐഡി
സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനത്തിന് മത്സര ടിക്കറ്റുകൾക്കൊപ്പം ഫാൻ ഐഡിയും നിർബന്ധമാണ്. ടിക്കറ്റ് വാങ്ങിയ ശേഷം വേണം ഫാൻ ഐഡിക്കായി അപേക്ഷിക്കാൻ. എപ്പോൾ അപേക്ഷ നൽകണം എന്നതു സംബന്ധിച്ച വിവരങ്ങൾ പിന്നീടു പ്രഖ്യാപിക്കും. കാർഡ് ഉടമകൾക്ക് പൊതു ഗതാഗത സംവിധാനങ്ങളിൽ സൗജന്യ യാത്ര ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭിക്കും.
അപേക്ഷിക്കാനുള്ള ലിങ്ക്: https://fac21.qa/
ടിക്കറ്റ് നിരക്ക് ഇങ്ങനെ:
വ്യക്തിഗത മത്സര ടിക്കറ്റുകൾ താൽപര്യമുള്ള നിശ്ചിത മത്സരം കാണാൻ വേണ്ടി മാത്രമായുളള ടിക്കറ്റ്.
കുറഞ്ഞ ടിക്കറ്റ് നിരക്ക്: വിദേശികൾക്ക്– 250 റിയാൽ (ഏകദേശം 5137 രൂപ)
ഖത്തർ താമസക്കാർക്ക്– 40 റിയാൽ (822 രൂപ)
ടീം സ്‌പെസിഫിക് ടിക്കറ്റുകൾ
കാണികളുടെ ഇഷ്ടമനുസരിച്ച് നിശ്ചിത ദേശീയ ടീമിന്റെ മത്സരം കാണുന്നതിനായി മാത്രം ലഭിക്കുന്ന ടിക്കറ്റ് ആണിത്.
കുറഞ്ഞ ടിക്കറ്റ് നിരക്ക്: 825 റിയാൽ (16,951 രൂപ)
ഫോർ സ്‌റ്റേഡിയം ടിക്കറ്റുകൾ
കാണികൾ തിരഞ്ഞെടുക്കുന്ന മത്സര ദിവസങ്ങളിലായി 4 വ്യത്യസ്ത സ്റ്റേഡിയങ്ങളിൽ 4 മത്സരങ്ങൾ കാണാനുള്ള ടിക്കറ്റാണിത്.
കുറഞ്ഞ ടിക്കറ്റ് നിരക്ക്: 1,000 റിയാൽ (20,547 രൂപ)
അക്‌സസിബിലിറ്റി ടിക്കറ്റുകൾ
അംഗപരിമിതർക്കും ചലനശേഷി കുറഞ്ഞവർക്കുമുള്ള ടിക്കറ്റുകളാണിത്. മുൻപു പറഞ്ഞ 3 വിഭാഗങ്ങളിലും ഈ ടിക്കറ്റുകൾ ലഭ്യമാണ്.
കുറഞ്ഞ ടിക്കറ്റ് നിരക്ക്: 40 റിയാൽ (822 രൂപ)