‘ജനിക്കാനിരിക്കുന്ന പൊന്നോമനകൾക്ക് ഭീഷണി, ക്രൂരനായ കൊലയാളി’; അഞ്ച് വയസ്സുകാരിയുടെ കൊലപാതക കേസിൽ ഇന്ന് കോടതിയിൽ നടന്നത്

കൊച്ചി: പൊതുജനങ്ങൾ ഒരുപോലെ ആഗ്രഹിച്ചിരുന്ന വിധിയാണ് ആലുവയിൽ പിഞ്ചു കുഞ്ഞിനെ പിച്ചിചീന്തിയ നരാധമൻ അസ്ഫാക്ക് അലാത്തിന് കോടതി വിധിച്ചത്. ഇന്ന് (ചൊവ്വാഴ്ച) രാവിലെ 11 മണിയോടെയാണ് കോടതി നടപടികള്‍ ആരംഭിച്ചത്. പത്തുമണിയോടെ തന്നെ ജഡ്ജി കെ.സോമന്‍ കോടതിയിലെത്തി. പിന്നാലെ പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ് അടക്കമുള്ളവരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും കോടതിയില്‍ വന്നു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതിയെ ബോധിപ്പിക്കാനായെന്നായിരുന്നു പ്രോസിക്യൂട്ടറുടെ പ്രതികരണം.

അല്‍പസമയത്തിനകം പ്രതി അസ്ഫാക് ആലത്തിനെയും കോടതിയില്‍ എത്തിച്ചു. പോലീസ് ജീപ്പില്‍നിന്ന് കോടതിക്കുള്ളിലേക്ക് പ്രതിയെ കൊണ്ടുപോകുന്നതിനിടെ തിക്കിലും തിരക്കിലും ഇയാളുടെ ചെരിപ്പുകളും മാസ്‌കും നിലത്തുവീണു. വന്‍ പോലീസ് സന്നാഹമാണ് കോടതി വളപ്പിലുണ്ടായിരുന്നത്. മകളെ പിച്ചിച്ചീന്തിയ ക്രൂരന് കോടതി ശിക്ഷ വിധിക്കുന്നത് കേള്‍ക്കാനായി അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു.

വധശിക്ഷ പോലും പ്രതിക്കുള്ള കുറഞ്ഞശിക്ഷയാണെന്നായിരുന്നു വിധിപ്രസ്താവത്തിന് മുന്‍പ് കുഞ്ഞിന്റെ അമ്മയുടെ പ്രതികരണം. കുറ്റവാളിയായ അസ്ഫാക് ആലത്തിന് ഇനി ജീവിക്കാന്‍ അവകാശമില്ലെന്ന് അഞ്ചുവയസ്സുകാരിയുടെ അച്ഛനും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന്‌ കോടതി അസ്ഫാക് ആലത്തിനോട് ചോദിച്ചിരുന്നു. നീതിയുക്തമായത് ചെയ്യണമെന്നായിരുന്നു അസ്ഫാക് ആലം മറുപടി നല്‍കിയത്.

ശിക്ഷയില്‍ ഇളവ് വേണമെന്ന് പ്രതിഭാഗവും കോടതിയില്‍ ആവശ്യപ്പെട്ടു. വധശിക്ഷ നല്‍കരുത്, പ്രായം പരിഗണിക്കണം. മനഃപരിവര്‍ത്തനത്തിന് അവസരം നല്‍കണമെന്നും പ്രതി ആവശ്യപ്പെട്ടു. അതേസമയം, പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇയാളെ വീണ്ടും സമൂഹത്തിലേക്ക് വിട്ടാല്‍ അത് ജനിക്കാനിരിക്കുന്ന കുട്ടികള്‍ക്കും ഭീഷണിയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ കഴിഞ്ഞ വ്യാഴാഴ്ച കോടതിയില്‍ പറഞ്ഞത്.

കൊലപാതകം, പ്രകൃതിവിരുദ്ധ പീഡനം, മൃതദേഹത്തോടുള്ള അനാദരവ് തുടങ്ങി പ്രതിക്കെതിരേ പോലീസ് ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞെന്ന് നവംബര്‍ നാലിന് കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ശിക്ഷാവിധിക്ക് മുന്‍പായി പ്രതിയുടെ മാനസികനില കൂടി പരിശോധിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിയുടെ മാനസികാവസ്ഥ, ജയിലിലെ പെരുമാറ്റം, സാമൂഹിക പശ്ചാത്തലം, പെണ്‍കുട്ടിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് പ്രതിയുടെ ഭാഗവും കേട്ട ശേഷമാണ് ശിക്ഷ വിധിച്ചത്.

ജൂലായ് 28-ന് മൂന്നിനാണ് ആലുവ ചൂര്‍ണിക്കരയിലെ വീട്ടില്‍നിന്ന് കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടു പോയത്. ആലുവ മാര്‍ക്കറ്റില്‍ പെരിയാറിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി. മൃതദേഹം പുഴയുടെ തീരത്തെ ചതുപ്പില്‍ താഴ്ത്തി. കല്ലുകൊണ്ട് ഇടിച്ചാണ് മുഖം ചെളിയിലേക്ക് താഴ്ത്തിയത്. പിറ്റേന്ന് ഉറുമ്പരിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ കാണാതായ അന്നു രാത്രി തന്നെ അസ്ഫാക്കിനെ പോലീസ് പിടികൂടിയിരുന്നു.

 

ആലുവയിൽ കൊല്ലപ്പെട്ട 5 വയസ്സുകാരിയുടെ കുഴിമാടത്തിൽ ദീപാവലി ദിനത്തിൽ ബന്ധുക്കൾ എത്തിയപ്പോൾ.

 

‘ജനിക്കാനിരിക്കുന്ന പെൺകുഞ്ഞുങ്ങൾക്കും ഭീഷണി’

തായിക്കാട്ടുകരയിൽനിന്നു തട്ടിക്കൊണ്ടുപോയ പെൺകുഞ്ഞിന്റെ മൃതദേഹം ജൂലൈ 28ന് ആലുവ മാർക്കറ്റിന് സമീപം ഉപേക്ഷിച്ച നിലയിലാണു കണ്ടെത്തിയത്. അറസ്റ്റിലായ പ്രതി ബിഹാർ പരാരിയ സ്വദേശി അസ്ഫാക് ആലത്തിന് എതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ കുറ്റങ്ങൾക്കു പുറമേ ‘പോക്സോ’ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിരുന്നു. ശിക്ഷ സംബന്ധിച്ച വാദത്തിനിടയിൽ പ്രതിക്കു വധശിക്ഷ നൽകേണ്ടതിന്റെ ആവശ്യം പ്രോസിക്യൂഷൻ അക്കമിട്ടു നിരത്തി.

രാജ്യത്തു കുഞ്ഞുങ്ങൾക്കെതിരായ അതിക്രമങ്ങൾ പെരുകിയതോടെ പോക്സോ നിയമം ഭേദഗതി ചെയ്തു കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യം ചർച്ചയായ 2018ൽ, ഡൽഹിയിൽ 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അസ്ഫാക് ആലം അതേ വർഷം ജനിച്ച മറ്റൊരു പെൺ‌കുഞ്ഞിനെ 5 വർഷത്തിനു ശേഷം പീഡിപ്പിച്ചു കൊലപ്പെടുത്തി.

ഈ പ്രതി സമൂഹത്തിന്റെ ഭാഗമായി തുടരാൻ ഇടവരുന്നത് ഇനിയും ജനിക്കാനിരിക്കുന്ന പെൺകുഞ്ഞുങ്ങളുടെ ജീവനു പോലും ഭീഷണിയാണെന്ന് ഈ സംഭവം തെളിയിക്കുന്നതായി സ്പെഷൽ പ്രോസിക്യൂട്ടർ ജി.മോഹൻരാജ് വിചാരണക്കോടതിയിൽ ബോധിപ്പിച്ചു. 2018ലെ ഡൽഹി പോക്സോ കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചു മുങ്ങിയ പ്രതി കേരളത്തിലെത്തി കൂട‌ുതൽ ഗൗരവമുള്ള കുറ്റം അതിനിഷ്ഠ‌‌ൂര സ്വഭാവത്തോടെ ആവർത്തിച്ചു. ഒരുതരത്തിലും മാനസാന്തരത്തിനു സാധ്യതയില്ലാത്ത ക്രൂരനായ കൊലയാളിയാണ് അസ്ഫാക് ആലമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

കൊല്ലപ്പെട്ട പെൺകുട്ടിയെയും കുടുംബത്തെയും മാത്രമല്ല അസ്ഫാക് ആലത്തിന്റെ ക്രൂരമായ കുറ്റകൃത്യം ആഴത്തിൽ ബാധിച്ചത്. ഒരു കുട്ടിയുടെ സ്വഭാവം രൂപീകരിക്കപ്പെടുന്ന അഞ്ചു വയസ്സു വരെയുള്ള കാലത്തു മാതാപിതാക്കൾ പെൺകുഞ്ഞുങ്ങളെ ഭീതിയോടെ വീടിനുള്ളിൽ അടച്ചുപൂട്ടി സൂക്ഷിക്കേണ്ട അവസ്ഥയ്ക്കാണു പ്രതി ചെയ്ത കുറ്റകൃത്യം കാരണമായത്.

 

പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയ പ്രധാന വകുപ്പുകള്‍

302 ഐ.പി.സി.- കൊലപാതകക്കുറ്റം, 376 എ ഐ.പി.സി.-ബലാല്‍ക്കാരത്തിലൂടെ ചലനരഹിതയാക്കുക

297 ഐ.പി.സി.-മൃതശരീരത്തോടുള്ള അനാദരം

പോക്സോ നിയമം 5(ജെ) ആര്‍. ഡബ്യു. 6-കുട്ടിയുടെ മരണത്തിന് കാരണമായ ലൈംഗികാതിക്രമം

 

വിചാരണ അതിവേഗത്തില്‍

കുറ്റകൃത്യം നടന്ന് 99 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി. ബലാല്‍ക്കാരത്തിന് ശേഷമുള്ള കൊലപാതക്കേസില്‍ സംസ്ഥാനത്തിത് ആദ്യം. 35-ാം ദിവസം പോലീസ് 645 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. ഒക്ടോബര്‍ നാലിന് വിചാരണ ആരംഭിച്ചു. 44 സാക്ഷികളെ വിസ്തരിച്ചു. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി.

 

അന്വേഷണവും പ്രോസിക്യൂഷനും

ആലുവ റൂറല്‍ എസ്.പി. വിവേക് കുമാര്‍, ഡിവൈ.എസ്.പി. പി. പ്രസാദ്, സി.ഐ. എം.എം. മഞ്ജുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share

One thought on “‘ജനിക്കാനിരിക്കുന്ന പൊന്നോമനകൾക്ക് ഭീഷണി, ക്രൂരനായ കൊലയാളി’; അഞ്ച് വയസ്സുകാരിയുടെ കൊലപാതക കേസിൽ ഇന്ന് കോടതിയിൽ നടന്നത്

Comments are closed.

error: Content is protected !!