നക്കാസയിലെ പൊളിക്കല്‍ രണ്ടാംഘട്ടം പൂര്‍ത്തിയായി. മക്കയിലെ മറ്റ് ചേരിപ്രദേശങ്ങളും ഉടന്‍ ഒഴിപ്പിക്കും

മക്ക: മക്ക നഗരത്തിന്‍റെ വികസനത്തിനായി നക്കാസ എരിയയിലെ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നതിന്‍റെ രണ്ടാം ഘട്ടം പൂര്‍ത്തിയായി. ഹറം പള്ളിയില്‍ നിന്നും ഏതാണ്ട് 1500 മീറ്റര്‍ അകലെയുള്ള ഈ പ്രദേശത്ത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു താമസക്കാര്‍. നഗരത്തില്‍ ജനസാന്ദ്രത കൂടുതലുള്ള ഭാഗങ്ങളില്‍ ഒന്നായിരുന്നു നക്കാസ. 6,81,056 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന നക്കാസ പരിസരം മുഴുവനായും നഗര വികസനത്തിനായി പൊളിച്ച് മാറ്റുകയാണ്. ക്രമരഹിതമായും അനധികൃതമായതുമായ നിര്‍മിതികള്‍ ഒഴിവാക്കുകയും മക്ക നഗരത്തിന്‍റെ പരിശുദ്ധി നിലനിര്‍ത്തുകയുമാണ് നകാസ വികസന പദ്ധതിയുടെ ലക്ഷ്യം.

 

ചേരികളുടെ വ്യാപനത്തിലൂടെ നഗരത്തില്‍ ഉണ്ടാക്കിയ സുരക്ഷാ ഭീഷണി കൂടി കണക്കിലെടുത്താണ് വിപുലമായ വികസന പദ്ധതി നടപ്പിലാക്കുന്നതെന്ന് നകാസ വികസന പദ്ധതി വക്താവ് ഡോ. അംജദ് അല്‍ മഗ്രിബി പറഞ്ഞു. ചേരി നിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടാനും ഈ പദ്ധതി കാരണമാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന് ഗുണകരമാകുംവിധം പ്രദേശത്തെ സ്വദേശികളെയും വിദേശികളെയും വളര്‍ത്തിയെടുക്കുക, സാമ്പത്തികമായും സാമൂഹികമായും അവരുടെ വളര്‍ച്ച ഉറപ്പ് വരുത്തുക തുടങ്ങിയവ ഈ പദ്ധതിവഴി സാധ്യമാകുമെന്നാണ് പ്രതീക്ഷ. കൂടാതെ ചേരി നിവാസികളുടെ താമസവും ജോലിയുമെല്ലാം നിയമാനുസൃതമാണെന്ന് ഉറപ്പ് വരുത്താനും ഈ പദ്ധതിയിലൂടെ കഴിയുമെന്ന് അധികൃതര്‍ കണക്ക് കൂട്ടുന്നു. അനധികൃത താമസക്കാരാണ് നിലവില്‍ ഈ പ്രദേശങ്ങളിലെ താമസക്കാരില്‍ കൂടുതലെന്ന് അധികൃതര്‍ അറിയിച്ചു.

 

മക്ക നഗരത്തിലെ അവശേഷിക്കുന്ന ചെരിപ്രദേശങ്ങളിലെ വികസന പദ്ധതികളും സമീപ ഭാവിയില്‍ നടപ്പിലാക്കുമെന്ന് മക്ക വികസന സമിതി അറിയിച്ചു.

 

Share
error: Content is protected !!