കുവൈത്തിൽ കാണാതായ പ്രവാസി അബ്ദുൽ ഖാദിർ നാട്ടിലെത്തി
കുവൈത്തിൽ കാണാതായ മലയാളി നാട്ടിലെത്തി. പാലക്കാട് തൃത്താല സ്വദേശി മമ്പുള്ളിഞ്ഞാലിൽ അബ്ദുൽ ഖാദിറാണ് നാട്ടിലെത്തിയത്. ഇയാളെ കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. അതിനിടെ ഇന്ന് (ശനിയാഴ്ച) ഉച്ചയോടെ തൃത്താലയിലെ വീട്ടിലെത്തുകയായിരുന്നു. കുവൈത്തിൽ നിന്ന് സ്പോൺസർ ഇടപെട്ടാണ് നാട്ടിലേക്കയച്ചത്. സ്പോൺസർ നൽകിയ പരാതിയെ തുടർന്ന് നേരെത്തെ ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഈ മാസം ഒന്നാം തിയതി വൈകുന്നേരത്തോടെയാണ് അബ്ദുൽ ഖാദിറിനെ കാണാതായതായി പരാതി ഉയർന്നത്. വീടുമായി ബന്ധപ്പെടാതിരുന്നതോടെ നാട്ടുകാരും സുഹൃത്തുക്കളും അന്വേഷിച്ചിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. അബ്ദുൽ ഖാദിറിന്‍റെ സിവിൽ ഐ.ഡി കോപ്പിയോ നമ്പറോ ഇല്ലാത്തതിനാൽ കൂടുതൽ അന്വേഷണത്തിനും കഴിഞ്ഞില്ല.
കുവൈത്ത് തൃത്താല കൂട്ടം, ഐ.സി.എഫ് പ്രതിനിധി സമീർ പാലക്കാട്,സിറാജ് കടക്കൽ എന്നിവർ വിഷയത്തിൽ ഇടപെട്ടു. തൃത്താല കൂട്ടം അംഗങ്ങൾ സ്പോൺസറെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തു. അബ്ദുൽ കാദിർ നാട്ടിൽ പോയി എന്നാണ് അവർക്ക് മറുപടി കിട്ടിയത്. എന്നാൽ, നാട്ടിൽ എത്തിയിരുന്നില്ല.
ഇതിനിടെ സാമൂഹിക പ്രവർത്തകനും പ്രവാസി വെൽഫെയർ കുവൈത്ത് വൈസ് പ്രസിഡന്റുമായ ഖലീൽ റഹ്മാൻ സ്പോൺസറുമായി ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്തു. തുടർന്ന് അബ്ദുൽ ഖാദിർ പൊലീസ് സ്റ്റേഷനിലാണെന്ന വിവരം ലഭിക്കുകയായിരുന്നു.
എന്നാൽ ഏതുസ്റ്റേഷനിൽ ആണെന്നും, എന്താണ് കേസ് എന്നും വ്യക്തമല്ലാത്തതിനാൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. തുടർന്ന് സ്പോൺസറുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കാനും അബ്ദുൽ ഖാദിറിനെ നാട്ടിലയക്കാനുമുള്ള ശ്രമങ്ങൾ ഖലീൽ റഹ്മാൻ നടത്തി. ഇതിനിടെ, നിയമ നടപടികൾ പൂർത്തിയാക്കി അബ്ദുൽ ഖാദിറിനെ ശനിയാഴ്ച നാട്ടിലേക്ക് അയക്കുമെന്നു കഴിഞ്ഞ ദിവസം സ്പോൺസർ ഖലീൽ റഹ്മാനെ അറിയിച്ചു. ഇതിന് പിറകെയാണ് അബ്ദുൽ ഖാദിർ നാട്ടിലെത്തിയത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക