സിപിഎമ്മിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‍ലിം ലീഗ് പങ്കെടുക്കില്ല; പങ്കെടുക്കുന്നത് UDF-ൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് വിലയിരുത്തൽ
കോഴിക്കോട്: സി.പി.എം സംഘടിപ്പിക്കുന്ന പലസ്തീന്‍ റാലിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗിൽ ധാരണ. ശനിയാഴ്ച നേതൃയോഗം ചേരാനിരിക്കെയാണ് ലീഗ് തങ്ങളുടെ തീരുമാനമറിയിച്ചത്. തീരുമാനം യോഗത്തിന് പിന്നാലെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.
ലീഗ് സിപിഎമ്മിലേക്ക് അടുക്കുന്നവെന്ന തരത്തിൽ ചർച്ചകളുണ്ടാക്കുകയും ഇത് മുന്നണി ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ടെന്നും കോൺഗ്രസ് നേതാക്കൾ ആശങ്ക അറിയിച്ചിരുന്നു. റാലിയില്‍ പങ്കെടുക്കുന്നത് യു.ഡി.എഫില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ലീഗ് നേതാക്കളും വിലയിരുത്തി. ഇത്തരമൊരു ധ്വനി ഈ സാഹചര്യത്തിൽ നല്ലതല്ലെന്നും റാലിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് പാണക്കാട് സാദിഖലി തങ്ങളും നിലപാടെടുത്തതോടെ ലീഗ് നേതൃത്വം റാലിയിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചു.
സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണം ലഭിച്ചതായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഫോണിലൂടെയാണ് ക്ഷണം ലഭിച്ചത്. പങ്കെടുക്കണമോയെന്ന കാര്യത്തിൽ കോഴിക്കോട്ട് നടക്കുന്ന മുതിർന്ന നേതാക്കളുടെ കൂടിയാലോചനയിൽ തീരുമാനമെടുക്കുമെന്നുമായിരുന്നു സലാം പറഞ്ഞത്.
സിപിഎം റാലിയിൽ പങ്കെടുക്കാനുള്ള താൽപര്യം ഇ.ടി.മുഹമ്മദ് ബഷീർ ആണ് പ്രകടിപ്പിച്ചിരുന്നത്. മുന്നണിമാറ്റ ചർച്ചകളോ മറ്റു വിഷയങ്ങളോ ഒന്നും നിലവിലില്ലാത്ത സാഹചര്യത്തിൽ ഇ.ടി.മുഹമ്മദ് ബഷീറിനെ പോലെ മുതിർന്ന നേതാവ് സിപിഎം വിളിച്ചാൽ പോകുമെന്ന് അങ്ങോട്ടു കയറി പറഞ്ഞതിന്റെ അമ്പരപ്പിലായിരുന്നു കോൺഗ്രസ്. ഈ മാസം 11നു കോഴിക്കോടു നടക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്.
അതേ സമയം സി.പി.എം ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടു വ്യക്തിപരമായ അഭിപ്രായമാണു പറഞ്ഞതെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി. ഇടത്തോട്ട് ചായുകയാണെന്നും കോൺഗ്രസിനോട് അകലുകയാണെന്നുമൊക്കെയുള്ളത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. അക്കാര്യം സ്വപ്‌നേ വിചാരിച്ചിട്ടില്ലെന്നും ഇ.ടി കോഴിക്കോട്ട് മാധ്യമങ്ങളോട് വ്യക്തമാക്കി.
”ഇടത്തോട്ട് ചായുന്നുവെന്നും കോൺഗ്രസിനോട് അകലുന്നുവെന്നുമെല്ലാം വ്യാഖ്യാനമുണ്ടായി. ഇതു സ്വപ്‌നേപി വിചാരിച്ചിട്ടില്ല. കത്തിക്കൊണ്ടിരിക്കുന്ന ഒരു വിഷയത്തിൽ ഒതുങ്ങിയുള്ള അഭിപ്രായമാണു പറഞ്ഞത്. കക്ഷിരാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയമേയല്ല.”
പരിപാടിക്കു പോകണമെന്നാണ് ഞാൻ അന്നു പറഞ്ഞത്. യോജിച്ച എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നാണു പറഞ്ഞത്. അതോടൊപ്പം അന്തിമ തീരുമാനം പാർട്ടി നേതൃത്വത്തിന്റേതായിരിക്കുമെന്നും ഞാൻ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ ഭാവനയായിരുന്നില്ല തന്റേതെന്നും ഇ.ടി കൂട്ടിച്ചേർത്തു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക