യു.എ.ഇ യിൽ ഇന്ന് മുതൽ പുതിയ തൊഴിൽ നിയമം പ്രാബല്യത്തിൽ

യു.എ.ഇ യിൽ പരിഷ്കരിച്ച തൊഴിൽ നിയമം ഇന്ന് മുതൽ പ്രാബല്യത്തിലാകുകയാണ്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പരമ്പരാഗത തൊഴിൽ രീതിയുൾപ്പെടെ ആറ് രീതിയിൽ ജോലി ചെയ്യാൻ പുതിയ ഭേദഗതിയിലൂടെ സാധിക്കും. മുഴുവൻ എമിറേറ്റുകളിലും ഈ സൌകര്യം അനുവദിക്കുന്നുണ്ട്. അവധിയുൾപ്പെടെയുള്ള നിരവധി ആനുകൂല്യങ്ങളിൽ കൊണ്ടുവന്ന പരിഷ്കാരങ്ങൾക്ക് പുറമെയാണ് പുതിയ ജോലി രീതികളും അധികൃതർ അവതരിപ്പിച്ചത്.

നിലവിലുളള മുഴുസമയ ജോലിക്ക് പുറമെ, വിദൂര തൊഴിൽ ജോലി രീതി (റിമോർട്ട് വർക്ക്), ഷെയറിംങ് ജോലി, ഭാഗിക സമയ ജോലി (പാർട്ട് ടൈം), താൽക്കാലിക ജോലി (ടെംപററി), ഫ്ളെക്സിബിൾ എന്നിങ്ങിനെ ആറ് വ്യത്യസ്ത തൊഴിൽ കരാറുകളിൽ ഇഷ്ടാനുസരണം തൊഴിലാളികൾക്ക് തെരഞ്ഞെടുക്കാമെന്ന് പരിഷ്കരിച്ച തൊഴിൽ നിയമം അനുശാസിക്കുന്നുണ്ട്.

 

വിദൂര തൊഴിൽ രീതി (റിമോട്ട് വര്‍ക്ക്) : മുഴുവന്‍ സമയ ജീവനക്കാരെയും, പാർട്ട് ടൈം ജീവനക്കാർക്കും ഈ തൊഴിൽ രീതി തെരഞ്ഞെടുക്കാം. പൂര്‍ണ്ണമായോ ഭാഗികമായോ ഓഫീസിന് പുറത്ത് വെച്ചും ജോലി ചെയ്യാന്‍ അനുവദിക്കുന്നതാണ് ഈ തൊഴിൽ രീതി.

ഷെയറിങ് തൊഴിൽ രീതി (ഷെയറിംങ് വര്‍ക്ക് മോഡല്‍): പേര് സൂചിപ്പിക്കുന്ന പോലെ തന്നെ, തൊഴിലുടമയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ഒന്നിലധികം ജീവനക്കാര്‍ക്കിടയില്‍ ജോലിയുടെ ഉത്തരവാദിത്തങ്ങളും ശമ്പളവും വിഭജിച്ച് നല്‍കുന്ന രീതിയാണിത്. പാര്‍ട്ട് ടൈം തൊഴില്‍ നിയന്ത്രണങ്ങളുടെ സഹായത്തോടെയാണ് ഈ മാതൃകയ്ക്ക് കീഴിലുള്ള ജീവനക്കാരുടെ കരാറുകള്‍ നടപ്പിലാക്കുക.

മുഴുസമയ ജോലി (ഫുള്‍ടൈം വര്‍ക്ക് മോഡല്‍): ഒരു പ്രവൃത്തിദിവസം മുഴുവനും ഒരു ജീവനക്കാരന്‍ തന്റെ തൊഴിലുടമയ്ക്കുവേണ്ടി സാധാരണപോലെ ജോലിയെടുക്കുന്ന രീതിയാണിത്.

ഭാഗിക സമയ ജോലി (പാര്‍ട്ട് ടൈം വര്‍ക്ക് മോഡല്‍): നിശ്ചിത മണിക്കൂറുകളോ ദിവസങ്ങളോ നിശ്ചയിച്ച് ജോലി ചെയ്യുന്ന രീതിയാണിത്. ഒന്നോ അതിലധികമോ തൊഴിലുടമകള്‍ക്ക് വേണ്ടി ഇങ്ങിനെ ജോലി ചെയ്യാൻ അനുവാദമുണ്ട്.

താൽകാലിക ജോലി (ടെംപററി വര്‍ക്ക് മോഡല്‍): ഒരു നിര്‍ദ്ദിഷ്ട കാലയളവിലേക്കോ, അല്ലെങ്കില്‍ നിശ്ചിത ജോലി പൂര്‍ത്തിയാക്കുന്നതോടെ അവസാനിക്കുന്ന ഒരു പ്രോജക്റ്റ് അടിസ്ഥാനത്തിലോ ആയിരിക്കും ജോലി കരാറുകള്‍ നടപ്പിലാക്കുക. കരാർ കാലാവധി അവസാനിക്കുന്നതോടെ ജോലിയും അവസാനിക്കുന്ന രീതിയാണിത്.

ഫ്‌ളക്സിബിൾ തൊഴിൽ രീതി (ഫ്ളക്സിബിൾ വര്‍ക്ക് മോഡല്‍) : ജോലിയുടെ വ്യവസ്ഥകളും ആവശ്യകതകളുമനുസരിച്ച് ജീവനക്കാര്‍ക്ക് വ്യത്യസ്ത സമയങ്ങളിലായി ജോലി ചെയ്ത് തീര്‍ക്കാനുള്ള സ്വാതന്ത്ര്യമാണ് ഈ രീതിയുടെ പ്രത്യേകത. കരാര്‍ മണിക്കൂറുകള്‍, ദിവസങ്ങള്‍, ആവശ്യമായ ചുമതലകള്‍ എന്നിവയെല്ലാം ഈ രീതിയിലെ മാനദണ്ഡങ്ങളായിരിക്കും.

പ്രത്യേകതകള്‍

തൊഴിലാളിയുടേയും, തൊഴിലുമയുടേയും അവകാശങ്ങൾ സംരക്ഷിക്കും വിധം, എല്ലാ ജോലി രീതികളിലും ജീവനക്കാര്‍ക്ക് എന്‍ഡ്-ഓഫ്-സര്‍വീസ് ഗ്രാറ്റുവിറ്റിയും വാര്‍ഷിക അവധികളും പുതിയ നിയമം വാഗ്ദാനം ചെയ്യുന്നുണ്ട്.

ജീവനക്കാര്‍ക്ക് ഒന്നിലധികം തൊഴിലുടമകള്‍ക്കായി ഒരു പ്രോജക്റ്റിലോ മണിക്കൂര്‍ അടിസ്ഥാനത്തിലോ ജോലി ചെയ്യാനുള്ള അവസരം നല്‍കുമ്പോള്‍, കുറഞ്ഞ പ്രവര്‍ത്തന ചെലവില്‍ വ്യത്യസ്ത കഴിവുകളും മറ്റും പ്രയോജനപ്പെടുത്താന്‍ തൊഴിലുടമകളെ ഈ രീതി പ്രാപ്തരാക്കും.

തൊഴിലുടമയുമായുള്ള കരാറിന് ശേഷം അവരുടെ കരാറുകള്‍ ഒരു തൊഴില്‍ മാതൃകയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാനും നിയമം ജീവനക്കാരെ അനുവദിക്കുന്നു. എന്നാല്‍ ആദ്യ കരാറിന്റെ അവകാശങ്ങള്‍ പൂര്‍ണ്ണമായും നടപ്പാക്കിയതിന് ശേഷം മാത്രമേ ഇത് അനുവദിക്കൂ.

ലോകമെമ്പാടുമുള്ള പ്രതിഭകളെ യുഎഇയിലേക്ക് ആകര്‍ഷിക്കാനും സ്വകാര്യ കമ്പനികള്‍ക്ക് വിപണിയില്‍ ശക്തമായ സാനിധ്യമറിയിക്കാനുമാണ് വൈവിധ്യമാര്‍ന്ന തൊഴിൽ രീതികൾ അനുവദിച്ചുകൊണ്ട് തൊഴിൽ നിയമങ്ങളിൽ കാതലായ മാറ്റം വരുത്തിയത്.

Share
error: Content is protected !!