ഒടുവില്‍ റഫ അതിർത്തി തുറന്നു; ഗസ്സയിലേക്ക് ജീവകാരുണ്യ സഹായങ്ങളുമായി ട്രക്കുകള്‍ കടന്നുതുടങ്ങി – വീഡിയോ

ഈജിപ്തിൽ നിന്ന് ഗസ്സയിലേക്കുള്ള റഫാ അതിർത്തി തുറന്നു, മരുന്നുകളും അവശ്യവസ്തുക്കളുമടങ്ങിയ ട്രക്കുകൾ  റഫാ അതിർത്തി കടന്നു. കൂടുതൽ ട്രക്കുകൾ നീങ്ങി തുടങ്ങിയിരിക്കുകയാണ്. റഫ അതിർത്തി വഴി സഹായ ഉൽപന്നങ്ങളുമായി ഇരുപത് ട്രക്കുകൾ ഇന്നലെ ഗസ്സയിലേക്ക് നീങ്ങുമെന്ന് നേരത്തെ വാർത്തയുണ്ടായിരുന്നു. ദിവസങ്ങളായി ഉപരോധത്തിലമർന്ന ഗസ്സയിലേക്ക് ഇരുപത് ട്രക്കുകൾ മാത്രമെത്തിയത് കൊണ്ട് ഒന്നുമാകില്ലെന്നാണ് നിരീക്ഷണം. മരുന്നും വെള്ളവും ഭക്ഷണവും ഇല്ലാതായതോടെ ഗസ്സ ശരിക്കും ദുരന്തമുഖത്താണ്. പല ആശുപത്രികളും അടച്ചതോടെ പ്രതിസന്ധി സങ്കീർണമാണ്. അതേസമയം, റഫാ അതിർത്തിയിലൂടെ ഗസ്സയിൽ കുടുങ്ങിയ വിദേശികളെ ഒഴിപ്പിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.

അതേസമയം, ഗസ്സക്ക് ഉടൻ ഇന്ധനം കൈമാറണമെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് ആവശ്യപ്പെട്ടു. ഇപ്പോൾ വന്ന ട്രക്ക് ഉത്പന്നങ്ങൾ ദുരിതക്കടലിലേക്കുള്ള ഒരു തുള്ളി മാത്രമാണെന്നും ആവശ്യം കടലോളമാണെന്നും സന്നദ്ധ സംഘടനകൾ പറഞ്ഞു.

48 മണിക്കൂറിനുള്ളില്‍ ട്രക്കുകള്‍ ഗാസയിലേക്കു പോകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇസ്രയേലും ഈജിപ്ത് പ്രസിഡന്റും ഇക്കാര്യത്തില്‍ സന്നദ്ധത അറിയിച്ചുവെന്നും ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ഇസ്രയേലും ഹമാസും തമ്മില്‍ യുദ്ധം തുടങ്ങി പതിനഞ്ചാം ദിവസമായ ഇന്ന് നിരവധി ട്രക്കുകള്‍ ഗാസയിലേക്കു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഈജിപ്ഷ്യന്‍ ടെലിവിഷന്‍ പുറത്തുവിട്ടു.

 

 

 

ട്രക്കുകള്‍ കടത്തിവിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് റഫാ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ”ഈ ട്രക്കുകള്‍ വെറും ട്രക്കുകളല്ല, ഗാസയിലെ ജനങ്ങള്‍ക്കു മരണത്തില്‍നിന്നു ജീവിതത്തിലേക്കുള്ള പിടിവള്ളിയാണ്” എന്നാണു ഗുട്ടെറസ് പറഞ്ഞത്. ”ഈ ട്രക്കുകള്‍ കടത്തിവിടാന്‍ അനുവദിക്കുക, എത്രയും വേഗം, എത്രയധികം പറ്റുമോ അത്രയുമധികം.” മരുഭൂമിയിലെ ചൂടിനെ അവഗണിച്ച് റഫാ അതിര്‍ത്തിയിലെത്തിയ ഗുട്ടെറസിനു മുന്നില്‍ ഈജിപ്തിലെ പ്രതിഷേധക്കാര്‍ പലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങളുയര്‍ത്തി.

ഇത് വരെ ഗസ്സയിൽ 4150 ഫലസ്തീനികളാണ് ഇസ്രയേൽ ആക്രമണത്തിൽ  കൊല്ലപ്പെട്ടത്.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!