തട്ടിപ്പ് സംഘങ്ങളെ സൂക്ഷിക്കണമെന്ന് സൗദിയിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്

ഇന്ത്യൻ എംബസിയുടെ പേരിൽ നടക്കുന്ന തട്ടിപ്പിനെതിരെ ജാഗ്രത പുലർത്തണമെന്ന് സൌദിയിലെ ഇന്ത്യൻ എംബസി  പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി. റിയാദിലെ ഇന്ത്യൻ എംബസിയുടെ പേരിൽ സോഷ്യൽ മീഡിയകളിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്. എംബസിയുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അകൗണ്ടുകൾ നിർമ്മിച്ച് യാത്ര സൗകര്യം ഒരുക്കാമെന്ന് ഇന്ത്യൻ പ്രവാസികൾക്ക് വ്യാജ സന്ദേശങ്ങളയച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇക്കാര്യം ശ്രദ്ധയിൽ പെട്ടതോടെയാണ് എംബസി ജാഗ്രത നിർദ്ദേശം നൽകിയത്.

ഇന്ത്യൻ പൗരന്മാർക്ക് യാത്രക്കാവശ്യമായ സഹായം നൽകുമെന്ന് വാഗ്ദാനം ചെയ്താണ് പ്രവാസികളെ തട്ടിപ്പ് സംഘം സമീപിക്കുക. ഇത്തരം സന്ദേശങ്ങൾക്ക് റിയാദിലെ ഇന്ത്യൻ എംബസിയുമായി ബന്ധമില്ലെന്നും പ്രവാസികൾ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ അകപ്പെടരുതെന്നും എംബസി മുന്നറിയിപ്പ് നൽകി.

@embassy_support” എന്ന ട്വിറ്റർ ഹാൻഡിലിലൂടെയും “ind_embassy.mea.gov@protonmail.com” എന്ന ഇമെയിൽ അക്കൌണ്ടിലൂടെയുമാണ് സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര ക്രമീകരിക്കുന്നതെന്ന് തട്ടിപ്പ് സംഘം പ്രചരിപ്പിക്കുന്നു. സന്ദേശങ്ങൾ അയച്ചും പണം പിരിച്ചും നിരപരാധികളായ ഇന്ത്യൻ പൗരന്മാരെ കബളിപ്പിക്കുകയാണെന്നും ഇത്തരം തട്ടിപ്പുകെണിയിൽ അകപ്പെടരുതെന്നും എംബസി അറിയിച്ചു. “@embassy_support” എന്ന ട്വിറ്റർ ഹാൻഡിലും “ind_embassy.mea.gov@protonmail.com” എന്ന ഇമെയിൽ ഐ.ഡിയും റിയാദിലെ ഇന്ത്യൻ എംബസിയുടേതല്ലെന്നും ഇത്തരം ഐ.ഡികളുമായി എംബസിക്ക് ബന്ധമില്ലെന്നും എംബസി അറിയിച്ചു. എംബസി അറിയിപ്പിൻ്റെ പൂർണ്ണരൂപം ചുവടെ വായിക്കാം.

Share
error: Content is protected !!