ആശുപത്രി ആക്രമണത്തിൽ ഇസ്രായേൽ വാദം ഏറ്റെടുത്ത് ബൈഡനും; ഇസ്രായേലിന് പിന്തുണ ആവർത്തിച്ച് ബൈഡൻ, ഇറാനിൽ കറുത്ത പതാക ഉയർന്നു, കടുത്ത നടപിടയിലേക്ക് നീങ്ങിയേക്കുമെന്ന് സൂചന – വീഡിയോ

യു.എസ് പ്രസിഡണ്ട് ജോ ബൈഡൻ ഇസ്രായേലിലെത്തി. ആശുപത്രി ആക്രമണത്തിന് പിന്നാലെ എത്തിയ ബൈഡൻ്റെ സന്ദർശനം ലോകം മുഴുവൻ ഉറ്റു നോക്കുന്നതാണ്. സമാധാന ഫോർമുലയുമായി എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇസ്രായേലിന് പിന്തുണ പ്രഖ്യാപിക്കുകയാണുണ്ടായത്.

ഇസ്രായേലിലെത്തിയ ബൈഡൻ ആശുപത്രി ആക്രമണം ഞെട്ടിച്ചുവെന്നും രോഷം കൊള്ളിക്കുന്നുവെന്നും പറഞ്ഞു. കൂടാതെ ഇതിന് പിന്നിൽ താങ്കളായിരിക്കില്ലെന്നും അവർ തന്നെയായിരിക്കുമെന്നും ബൈഡൻ നെതന്യാഹുവിനോട് പങ്കുവെച്ചു. ഇരുവരും ഇസ്രായേലിൽ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ ഹമാസ് നടത്തുന്ന ആക്രമണങ്ങൾക്ക് പ്രത്യാക്രമണം മാത്രമേ സ്വീകരിക്കാൻ പാടുള്ളൂവെന്നും ബൈഡൻ നെതന്യാഹുവിനെ ഉപദേശിച്ചു.

 

 

“ഈ യുദ്ധത്തിന്റെ തുടക്കം മുതൽ തന്നെ ഡസൻ കണക്കിന് ആളുകളെ ഹമാസ് തട്ടിക്കൊണ്ടുപോയതിന് പുറമേ, 31 അമേരിക്കക്കാർ ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കിയിട്ടുണ്ട്. ഹമാസിന്റെ ഭീകരത കാരണം ആളുകൾ എങ്ങനെ അഭയം പ്രാപിക്കുകയും ഒളിച്ചിരിക്കുകയും ചെയ്തുവെന്ന് ഞാൻ സങ്കൽപ്പിക്കാൻ ശ്രമിച്ചുവെന്നും ബൈഡൻ വ്യക്തമാക്കി. കൂടാതെ ഈ യുദ്ധത്തിൽ അമേരിക്കയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും ബൈഡൻ ആവർത്തിച്ചു.

ബൈഡൻ്റെ സമ്പൂർണ പിന്തുണക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നന്ദി അറിയിച്ചു. അമേരിക്കയുമായുള്ള ഇന്നത്തെ സഹകരണം അഭൂതപൂർവമാണെന്നും പറഞ്ഞ നെതന്യാഹു, ഹമാസിനെ പരാജയപ്പെടുത്താൻ ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം  ലോകത്തോട് ആഹ്വാനം ചെയ്തു.

 

 

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ മുൻ പ്രസ്താവനകൾ അനുസരിച്ച്, ഇസ്രായേൽ ഉദ്യോഗസ്ഥരുമായി നിലവിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതോടൊപ്പം, “ഇസ്രായേലുമായുള്ള അമേരിക്കയുടെ ഐക്യദാർഢ്യവും അതിന്റെ സുരക്ഷയോടുള്ള ശക്തമായ പ്രതിബദ്ധതയും” വീണ്ടും സ്ഥിരീകരിക്കുന്നതിനാണ് ബൈഡന്റെ സന്ദർശനം.

ഇസ്‌ലാമിക് റെസിസ്റ്റൻസ് മൂവ്‌മെന്റിനെതിരെ (ഹമാസ്) സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്ന് പ്രസിഡന്റ് ഒരിക്കൽ കൂടി വ്യക്തമാക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ആശുപത്രിയിലേക്ക് ഫോൺ വിളിച്ചപ്പോൾ ആരും എടുക്കാത്തതിനാലാണ് രണ്ട് ഷെല്ലുകളിട്ട് മുന്നറിയിപ്പ് നൽകിയതെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി യൂസഫ് അബു അൽ-റിഷ് വ്യക്തമാക്കി.

 

 

ഒക്‌ടോബർ 14ന് രാത്രി എട്ടരയ്ക്കാണ് രണ്ട്‌ ഷെല്ലുകൾ മുന്നറിയിപ്പെന്നോണം ആശുപത്രിക്ക് മുകളിലേക്കിട്ടത്.

‘ഇന്നലെ രണ്ട് ഷെല്ലിട്ട് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും നിങ്ങളെന്ത് കൊണ്ടാണ് ആശുപത്രി ഒഴിപ്പിക്കാത്തതെന്ന്’ ചോദിക്കാൻ തൊട്ടടുത്ത ദിവസം ഇസ്രായേൽ പ്രതിരോധ സേന ആശുപത്രി ഡയറക്ടർ ഡോ. മാഹിർ അയ്യാദിനെ വിളിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്തുകൊണ്ടാണ് നിങ്ങൾ ഫോൺ വിളിക്കാതിരുന്നതെന്ന് ഡോ. മാഹിർ ചോദിച്ചപ്പോൾ, ‘ഞങ്ങൾ വിളിച്ചു, എന്നാൽ ആരും മറുപടി നൽകിയില്ല, അതിനാൽ മിസൈലുകളിലൂടെയുള്ള വഴി തിരഞ്ഞെടുത്തു’ എന്നായിരുന്നു ഇസ്രായേൽ മറുപടിയെന്നും യൂസഫ് വ്യക്തമാക്കി. മിസൈലുകൾ കൊണ്ട് മുന്നറിയിപ്പ് നൽകുന്ന ലോകത്തിലെ ഏക പ്രദേശം ഗസ്സ മുനമ്പാണെന്നും അദ്ദേഹം വിമർശിച്ചു. വീടുകളിൽ ബോംബിടുമെന്നത് അറിയാൻ ബോംബിട്ട് മുന്നറിയിപ്പ് നൽകുന്നതും ഗസ്സയിൽ മാത്രമാണെന്നും യൂസഫ് ആരോപിച്ചു.

 

 

രണ്ട് ഷെല്ലിട്ട് മുന്നറിയിപ്പ് നൽകിയ ശേഷം ഇന്നലെ രാത്രിയാണ് അൽ അഹ്ലി ആശുപത്രിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയത്. ആക്രമണത്തിൽ 500 ലേറെ പേർ കൊല്ലപ്പെട്ടെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ആയിരങ്ങളെ ചികിത്സക്കായി കിടത്തിയ ആശുപത്രിയിൽ ബാക്കിയായത് നൂറുകണക്കിന് മൃതദേഹങ്ങളുടെ നീണ്ടനിരയാണ്. നിരവധി ആരോഗ്യ പ്രവർത്തകരും സുരക്ഷ തേടി ആശുപത്രിയിലെത്തിയവരും മരിച്ചവരിൽ ഉൾപ്പെടും. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ പോലും വയ്യാത്ത നിലയിലാണ്.

 

 

അതേ സമയം ആശുപത്രി ആക്രമണത്തിൻ്റെ പശ്ചാതലത്തിൽ ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് സൂചന. ഇത് പുതിയ യുദ്ധ മുഖം തുറക്കാൻ വഴിയൊരുക്കിയേക്കും. ഇറാൻ്റെ ചില ഭാഗങ്ങളിൽ കറുത്ത പതാക ഉയർത്തിയതായി പലരും എക്സിൽ പങ്കുവെക്കന്നുണ്ട്. ഇത് കടുത്ത നടപടിയിലേക്ക് നീങ്ങുന്നതിൻ്റെ സൂചനയായാണ് വിദഗ്ധർ വിലയിരുത്തുന്നത്.

 

 

അതിനിടെ സൌദിയിലെ ജിദ്ദയിൽ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി വിളിച്ച് ചേർത്ത യോഗം ആരംഭിച്ചു. പുതിയ സാഹചര്യത്തിൽ ഒഐസി യിൽ നിന്നും നിർണായക നീക്കങ്ങളുണ്ടായേക്കുമെന്നാണ് സൂചന.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!