തണുപ്പ് കാലത്തിൻ്റെ വരവറിയിച്ച് സൗദി; കാലാവസ്ഥാ മാറ്റത്തിൻ്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി
തണുപ്പ് കാലത്തിന്റെ വരവ് അറിയിച്ച് സൗദിയിൽ കാലാവസ്ഥാ മാറ്റത്തിൻ്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. സൗദിയുടെ മിക്ക മേഖലകളിലും അന്തരീക്ഷ താപനില ഗണ്യമായി കുറഞ്ഞു. ഈ ആഴ്ചയോട് കൂടി ചൂട് നന്നായി കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. (ചിത്രം: നജ്റാനിൽ നിന്നുള്ളത്, സൌദി പ്രസ് ഏജൻസി പ്രസിദ്ധീകരിച്ചത്)
ഇനിയുള്ള ദിവസങ്ങളിൽ അന്തരീക്ഷ താപനില 19 ഡിഗ്രി സെൽഷ്യസ് മുതൽ 13 ഡിഗ്രി സെൽഷ്യസ് വരെ കുറയാൻ സാധ്യതയുള്ളതായി വിലയിരുത്തുന്നു. അബഹയിൽ 26 ഡിഗ്രി, മക്കയിൽ 39 ഡിഗ്രി, മദീനയിൽ 37 ഡിഗ്രി, റിയാദിൽ 38 ഡിഗ്രി, ജിദ്ദയിൽ 35 ഡിഗ്രി, ദമമിൽ 41 ഡിഗ്രി, ബുറൈദയിൽ 39 ഡിഗ്രി സെൽഷ്യസ് എന്നീ നിലകളിലാകും വരും ദിവസങ്ങളിൽ അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തുക.
തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി, ഹായിൽ, വടക്കുകിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലൊക്കെ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടാം. ജീസാൻ, അസീർ, അൽബാഹ, മക്ക എന്നീ മേഖലകളിൽ പ്രകടമാവുന്ന കാറ്റിനൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മദീനയിലെ ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറക്കുന്ന പൊടിക്കാറ്റ് അനുഭവപ്പെടാനിടയുണ്ട്.ഇത്തവണ 50 ഡിഗ്രി വരെ ഉയർന്ന കടുത്ത ചൂടുകാലത്തിനായിരുന്നു രാജ്യം സാക്ഷ്യം വഹിച്ചത്. വരുന്ന ആഴ്ചകളോടെ ശൈത്യകാലത്തേക്കുള്ള മാറ്റം തുടങ്ങും. ഇപ്പോൾ ശരത്കാല നിലയിലുള്ള സുഖപ്രദമായ കാലാവസ്ഥയാണ് സൗദിയിൽ അനുഭവപ്പെടുന്നത്.
വരുദിനങ്ങളിൽ മഴക്കും മഞ്ഞുവീഴ്ചക്കും സാധ്യത കാണുന്നതിനാൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. പൊടിയും മണലും ഇളക്കിവിടുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രം അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക