ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ദുബായില്‍ യുവതി കുഴഞ്ഞുവീണു മരിച്ചു

ദുബായ്: ആന്ധ്രാപ്രദേശ് സ്വദേശിനി ബര്‍ദുബൈയില്‍ റോഡില്‍ കുഴഞ്ഞുവീണ് മരിച്ചു. മലയാളി ഉടമസ്ഥതയിലുള്ള മാഫ് ഫയര്‍ മിഡിലീസ്റ്റ് എന്ന സ്ഥാപനത്തില്‍ കോര്‍ഡിനേറ്ററായി ജോലിചെയ്തിരുന്ന നേഹ പത്മയാണ് (42) മരിച്ചത്.

അവധി ദിവസമായതിനാല്‍ ബര്‍ദുബൈയില്‍ ഷോപ്പിങ്ങിന് എത്തിയതായിരുന്നു. റോഡില്‍ ദേഹ്വാസ്വാസ്ഥ്യം അനുഭവപ്പെട്ട് വീഴുന്നതിന് തൊട്ടുമുമ്പ് ഇവര്‍ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചിരുന്നു. സംസാരം മുഴുവനാക്കാനായില്ല. വീഴുന്നത് കണ്ട് ഓടിക്കൂടിയവരാണ് ഫോണില്‍ തുടര്‍ന്നിരുന്ന ഭര്‍ത്താവിനെ വിവരമറിയിച്ചത്.

റാശിദ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. പത്തുവര്‍ഷത്തിലധികമായി മാഫ് ഫയറില്‍ ജോലിചെയ്യുന്ന നേഹ നന്നായി മലയാളം സംസാരിക്കുന്നതിനാല്‍ നിരവധി മലയാളികള്‍ സുഹൃത്തുക്കളായുണ്ട്. ഷാര്‍ജയിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.

ഭര്‍ത്താവ് പുതി സൂര്യ കാര്‍ട്ട്‌ലിയന്‍ ടവര്‍ ഹോട്ടലിലെ സൂപ്പര്‍വൈസറാണ്. മകന്‍ പുതി ആദിത്യ അമേരിക്കയിലും, മകള്‍ മഹിത ഇന്ത്യയിലും വിദ്യാര്‍ഥികളാണ്. റാശിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share