കുവൈറ്റിൽ തടവിലായിരുന്ന 34 ഇന്ത്യൻ നഴ്‌സുമാരെയും മെഡിക്കൽ ജീവനക്കാരെയും വിട്ടയച്ചു

കുവൈറ്റിൽ തടവിലായിരുന്ന 34 ഇന്ത്യൻ നഴ്‌സുമാരെയും മറ്റു മെഡിക്കൽ ജീവനക്കാരെയും വിട്ടയച്ചയതായി കുവൈത്ത് ഇന്ത്യൻ എംബസി അറിയിച്ചു. സെപ്റ്റംബർ 12 നാണ് ആശുപത്രിയിൽ നടന്ന പരിശോധനയിൽ ഇവർ പിടിയിലായത്. പിടിയിലായവരിൽ 19 പേർ മലയാളി നഴ്സുമാരായിരുന്നു. ഈ കേസിൽ വിദേശകാര്യ സഹമന്ത്രി വി.  മുരളീധരൻ ഇടപെടുകയും നേരിട്ട് നീരക്ഷിച്ച് വരികയുമായിരുന്നു. കുവൈറ്റിലുള്ള ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും സാധ്യമായ എല്ലാ സഹായവും നൽകാൻ എംബസി പ്രതിജ്ഞാബദ്ധമാണെന്ന് എംബസി എക്സിൽ കുറിച്ചു. (ചിത്രം പ്രതീമാത്മകം)

19 മലയാളി നഴ്സുമാരുൾപ്പെടെ അറുപതോളം ആശുപത്രി ജീവനക്കാരെയാണ് കുവൈത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സെപ്തംബർ 12 പിടികൂടിയത്. ആഭ്യന്തര മന്ത്രാലയവും, തൊഴിൽ, ആരോഗ്യ മന്ത്രലയങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരിൽ 34 പേരായിരുന്നു ഇന്ത്യക്കാരുണ്ടായിരുന്നത്. ഇതിന് പുറമെ  ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും പിടിയിലായവരിലുണ്ട്.

പിടിയിലായവരുടെ കാര്യത്തിൽ ദിവസങ്ങളായി തുടരുന്ന അനിശ്ചിതത്വം തുടരുന്നതിനിടെ 23 ദിവസത്തിന് ശേഷം ഇന്നാണ് മോചനം സാധ്യമായത്. ഇവരെ ഇന്ന് നാടുകടത്തൽ കേന്ദ്രത്തിലേക്ക് ഇന്ന് മാറ്റുമെന്ന് ബന്ധുക്കൾക്ക് ചില സൂചനകൾ ലഭിച്ചിരുന്നു. അതോടെ ആശങ്കയിലായ ബന്ധുക്കൾ നടത്തിയ ചില ഇടപെടലുകളാണ് മോചനത്തിന് വഴിയൊരുക്കിയത്.

ഇതിൻ്റെ അടിസ്ഥാനത്തിൽ കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാഇദ് അൽ സബാഹ് നടത്തിയ നേരിട്ടുള്ള ഇടപെടലിലൂടെ ഇവരുടെ മോചനം സാധ്യമാകുകയായിരുന്നു. 19 മലയാളി നഴ്സുമാർക്കും കുവൈറ്റിൽ തുടരാനും അനുമതി നൽകി.

ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ അനുവദിച്ചതിൽ കൂടുതൽ ജീവനക്കാർ ജോലി ചെയ്യുന്നതായി കണ്ടെത്തിയെന്നായിരുന്നു അധികൃതർ വ്യക്തമാക്കിയിരുന്നത്. കൂടാതെ കോസ്മറ്റിക് വിഭാഗത്തിലെ ഹെയർ ട്രാൻസ്പ്ലാൻ്റേഷൻ, ഓപ്പറേഷൻ തിയേറ്റർ എന്നിവയിൽ ലൈസൻസില്ലാത്ത ജീവനക്കാർ ജോലി ചെയ്യുന്നതായും കണ്ടെത്തിയെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. കൂടാതെ പിടിയിലായവരിൽ ചിലർ വീട്ടു ജോലിക്കാരും കുടുംബ വിസയിലുള്ളവരുമാണും കണ്ടെത്തിയിരുന്നു. എന്നാൽ വർഷങ്ങളായി നിയമാനുസൃതം ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരും പിടിയിലായിട്ടുണ്ടെന്നായിരുന്നു പിടിയിലായവരുടെ ബന്ധുക്കൾ ആരോപിച്ചിരുന്നത്.

ഒരു മാസം മുതൽ പ്രായമുളള നവജാത ശിശുക്കളുടെ അമ്മമാരും തടവിലാക്കപ്പെട്ടു. മുലയൂട്ടുന്ന അമ്മമാരായ  5 മലയാളി നഴ്സുമാർ  അറസ്റ്റിലായവരിൽ ഉണ്ടായിരുന്നു. ഇക്കൂട്ടത്തിൽ പ്രസാവവധി കഴിഞ്ഞ് അന്ന് ജോലിയിൽ പ്രവേശിച്ച യുവതിയും ഉൾപ്പെടും. ഇവരുടെ മോചനത്തിനായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും, ഇന്ത്യൻ എംബസിയും ഇടപെലുകൾ നടത്തുകയും കുഞ്ഞുങ്ങളെ മുലയൂട്ടാൻ അനുമതി നൽകുകയും ചെയ്തിരുന്നു.

 

അതേ സമയം പിടിയിലായ മലയാളി നഴ്സുമാരെല്ലാം സ്ഥാപനത്തിൽ നിയമാനുസൃതം ജോലി ചെയ്തിരുന്നവരാണെന്നു ബന്ധുക്കൾ പറയുന്നു. എല്ലാവർക്കും കാലാവധിയുള്ള വീസയും സ്ഥാപനത്തിന്റെ സ്പോൺസർഷിപ്പും ഉണ്ട്. പലരും 3 മുതൽ 10 വർഷം വരെയായി ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ്.

ഇറാൻ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി. നല്ല രീതിയിൽ നടന്നിരുന്ന ആശുപത്രിയിൽ അടുത്തിടെ സ്പോൺസറും ആശുപത്രിയുടെ ഉടമയും തമ്മിലുണ്ടായ തർക്കമാണ് അറസ്റ്റിലേക്കു നയിച്ചതെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!