ഒരു മാസം മുമ്പ് അവധിക്ക് പോയ മലയാളി പ്രവാസി നാട്ടിൽ നിര്യാതനായി
സൗദിയിൽ നിന്നും അവധിക്ക് പോയ പ്രവാസി നാട്ടിൽ നിര്യാതനായി. മലപ്പുറം വേങ്ങര വലിയോറയിലെ പാണ്ടികശാല സ്വദേശി തേലപ്പുറത്ത് മുഹമ്മദ് ഹനീഫ (50) ആണ് മരിച്ചത്. യാംബുവിലെ സോയാബീൻ ക്രഷിങ് കമ്പനിയിൽ എട്ട് വർഷത്തോളമായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. ഒരു മാസം മുമ്പ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് പോയതായിരുന്നു.
നാട്ടിൽ നിന്നുള്ള വിദഗ്ധ പരിശോധനയിൽ അർബുദരോഗം സ്ഥിരീകരിച്ചു. ചികിത്സ നടന്ന് വരുന്നതിനിടെ ശനിയാഴ്ച രാത്രി മരിക്കുകയായിരുന്നു. ജിദ്ദ, യാമ്പു എന്നിവിടങ്ങളിലായി ഇരുപത് കൊല്ലത്തോളമായി പ്രവാസ ജീവിതം നയിക്കുന്നു. ഐ.സി.എഫ് യാമ്പു സെൻട്രൽ ഫൈനാൻസ് സെക്രട്ടറിയായിരുന്ന ഇദ്ദേഹം സാമൂഹിക സേവന രംഗത്തും സജീവമായിരുന്നു.
യാംബുവിൽ നിന്നും എല്ലാ ആഴ്ചയും ഐസിഎഫിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉംറ യാത്ര സംഘത്തിൻ്റെ കോർഡിനേറ്ററായും ഇദ്ദേഹം സേവനമനുഷ്ടിച്ചിരുന്നു.
എല്ലാവരുമായും ഏറെ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന ഹനീഫയുടെ വിയോഗം യാംബുവിലും നാട്ടിലുമുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ഏറെ ദുഃഖത്തിലാഴ്ത്തി.
പിതാവ്: തേലപ്പുറത്ത് മൂസ. മാതാവ്: തിത്തുകുട്ടി. ഭാര്യ: ശരീഫ. മക്കൾ: മുഹമ്മദ് ഹാഷിർ, മുഹമ്മദ് അദ്‌നാൻ, സഫ്‌വത്ത്. സഹോദരങ്ങൾ: സൈദലവി, മുസ്തഫ അഹ്സനി, ഷുഹൈബ്, നഫീസ, മൈമൂന.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക