‘സാധനം’ എന്ന വാക്ക് പിൻവലിക്കുന്നു: വീണാ ജോർജിനെതിരായ പരാമർശത്തിൽ കെ.എം. ഷാജി

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. സാധനം എന്ന വാക്ക് പിൻവലിക്കുന്നതായി ഷാജി പറഞ്ഞു. ആരോഗ്യമന്ത്രിക്ക് വകുപ്പിനെക്കുറിച്ച് അന്തവും കുന്തവുമില്ലെന്ന് താൻ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും, വാക്കിൽ തൂങ്ങിക്കളിക്കൽ ഫാഷിസ്റ്റ് തന്ത്രമാണെന്നും മന്ത്രി ആ ഘട്ടത്തിൽ വിഷമം അറിയിച്ചിരുന്നില്ലെന്നും ഷാജി പറഞ്ഞു. സൗദി അറേബ്യയിലെ ദമാമിൽ സംഘടിപ്പിച്ച കെഎംസിസി കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള പരാമർശം അല്ലെന്നും വകുപ്പിൽ നടക്കുന്ന അനാസ്ഥകൾക്കെതിരെയാണ് അത്തരത്തിൽ പരാമർശം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പരാമർശത്തിൽ വനിതാ കമ്മിഷൻ കേസെടുക്കുന്ന സാഹചര്യമുണ്ടായിരുന്നു. മുസ്‌ലിം ലീഗിൽനിന്നും എതിർപ്പുയർന്നിരുന്നു.

അതിനൊപ്പം ഡിവൈഎഫ്ഐക്കും പി.കെ. ശ്രീമതിക്കും ഷാജി മറുപടി നൽകിയിട്ടുണ്ട്. ക്ലിഫ് ഹൗസിലെ സ്വിമ്മിങ് പൂളിൽ കുറേക്കാലമായി കുളിച്ചാലും വൃത്തിയാകാത്ത ഒരാളെ തലയിലേറ്റിക്കൊണ്ടുനടക്കുന്ന ഡിവൈഎഫ്ഐക്ക് തന്നെ പരിഹസിക്കാൻ എന്താണ് അവകാശമെന്ന് അദ്ദേഹം ചോദിച്ചു. താൻ രാഷ്ട്രീയ മാലിന്യമാണെന്ന ഡിവൈഎഫ്ഐയുടെ പ്രസ്താവനയോടായിരുന്നു ഷാജി ഇത്തരത്തിൽ പ്രതികരിച്ചത്. പി.കെ. ശ്രീമതി, എം.എം. മണിയുമായി തന്നെ താരതമ്യപ്പെടുത്തേണ്ടെന്നും ഷാജി പറയുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!