യുവാക്കളുടെ മൃതദേഹങ്ങൾ ഒന്നിനുമുകളിൽ ഒന്നായി വയർ കീറിയ നിലയിൽ; മരണം പന്നിക്കുവച്ച ഇലക്ട്രിക് കെണിയില്‍പ്പെട്ടെന്ന് സ്ഥലം ഉടമ

പാലക്കാട്: കൊടുമ്പ് പഞ്ചായത്തിലെ കരിങ്കപ്പുള്ളിയില്‍ വയലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ പുറത്തെടുത്തു. വസ്ത്രങ്ങളില്ലാതെ ഒന്നിനു പിറകെ ഒന്നായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാരോക്കോട്ടുപുര ഷിജിത്ത് (22), പുതുശ്ശേരി കാളാണ്ടിത്തറ സതീഷ് (22) എന്നിവരുടേതാണ് മൃതദേഹങ്ങളെന്ന് തിരിച്ചറിഞ്ഞു. പന്നിക്കുവച്ച കെണിയില്‍പ്പെട്ടാണ് യുവാക്കള്‍ മരിച്ചതെന്ന് സ്ഥലം ഉടമ അനന്തന്റെ മൊഴിയുണ്ട്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെ യുവാക്കള്‍ ഈ ഭാഗത്തേക്ക് വരുന്നത് സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്. മണ്ണ് മാറിക്കിടക്കുന്നതു കണ്ട് സ്ഥലം പരിശോധിച്ചതോടെ യുവാക്കളുടെ മൃതദേഹം അവിടെയുണ്ടെന്ന നിഗമനത്തിലെത്തി.

തിങ്കളാഴ്ച പുലര്‍ച്ചേ സ്ഥലമുടമ പാടത്തെത്തിയപ്പോള്‍ മൃതദേഹം കണ്ടെന്നാണ് പോലീസിന് നല്‍കിയ മൊഴി. പന്നിയെ പ്രതിരോധിക്കാനായി വെച്ച ഇലക്ട്രിക് കെണിയില്‍പ്പെട്ടാണ് യുവാക്കള്‍ മരിച്ചതെന്ന് മനസ്സിലാക്കിയ ഇയാള്‍, മൃതദേഹങ്ങള്‍ കുഴിച്ചിടുകയായിരുന്നു. സംഭവത്തില്‍ സ്ഥലമുടമയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.

അതേസമയംമരിച്ച സതീഷിന്റെ അമ്മ കസബ പോലീസില്‍ മകനെ കാണാതായതു സംബന്ധിച്ച പരാതി നല്‍കിയിരുന്നു. എന്നാല്‍ ആ ഘട്ടത്തില്‍ പോലീസ് പരാതി സ്വീകരിച്ചില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. മറ്റു രണ്ട് യുവാക്കള്‍ പോലീസില്‍ കീഴടങ്ങിയപ്പോള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന വ്യാപിപ്പിച്ചത്.

 

 

കേസിലുള്‍പ്പെട്ടു, രക്ഷയ്ക്ക് മാറിനിന്നു

ഞായറാഴ്ച രാത്രി കുരുടിക്കാട് വെച്ചുണ്ടായ അടിപിടിയാണ് സംഭവങ്ങളുടെ തുടക്കം. സംഭവത്തില്‍ പരിക്കേറ്റ ബാബുരാജ് എന്നയാള്‍ രാത്രി എട്ടരയോടെ കസബ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അഭിന്‍, അജിത്ത്, കാണാതായ ഷിജിത്ത്, കണ്ടാലറിയാവുന്ന പത്തോളം പേര്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് യുവാക്കളുടെ തിരോധാനം.പോലീസ് തങ്ങളെ അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞ നാലുപേരും സതീഷിന്റെ കരിങ്കരപ്പുള്ളിയിലെ ബന്ധുവീട്ടിലെത്തി.

പോലീസ് അന്വേഷിച്ചെത്തുന്നതറിഞ്ഞ് രാത്രി രണ്ടുമണിയോടെ ഇവര്‍ വീട്ടില്‍നിന്ന് രണ്ടുദിശയിലേക്ക് ഇറങ്ങിയോടിയതായി പറയുന്നു. ഇതില്‍ ഒരു സംഘത്തിലെ രണ്ടുപേരെയാണ് കാണാതായത്. തിങ്കളാഴ്ചയും ഇവര്‍ തിരിച്ചെത്താതായതോടെ ബന്ധുക്കള്‍ അന്വേഷണം തുടങ്ങി. ഫോണ്‍ വിളിച്ചുനോക്കിയെങ്കിലും സ്വിച്ച്ഓഫായിരുന്നു. ചൊവ്വാഴ്ച ബന്ധുക്കള്‍ കസബ സ്റ്റേഷനില്‍ പരാതിനല്‍കി. രക്ഷപ്പെട്ട രണ്ടുപേര്‍ പോലീസില്‍ ഹാജരായി. ഇവരില്‍നിന്നുള്ള വിവരങ്ങള്‍വെച്ചാണ് അന്വേഷണം നടത്തിയത്.

സ്ഥലത്ത് ചൊവ്വാഴ്ച തന്നെ പോലീസ് പരിശോധനക്കെത്തിയിരുന്നു. എന്നാല്‍ ഇരുട്ടു വീണതിനാല്‍ പരിശോധന പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്ന് ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കൃഷിചെയ്യാതെ കരിങ്കല്‍ തൂണുകൊണ്ടും കമ്പിവേലികൊണ്ടും വേര്‍തിരിച്ചിട്ടിരിക്കുന്ന അരയേക്കറിലധികം വരുന്ന പാടശേഖരമാണ് ഇവിടം. സ്ഥലത്ത് പുല്ലില്‍ ശരീരം വലിച്ച പാടുകളും രക്തക്കറയും പോലീസ് കണ്ടെത്തിയിരുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!